ഇന്‍ഡിഗോ പ്രതിസന്ധിയെ തുടര്‍ന്ന് താറുമാറായ വ്യോമയാന മേഖലയില്‍ എല്ലാം പഴയപടിയാകുന്നതേയുള്ളൂ. സര്‍വീസുകള്‍ പൂര്‍ണതോതിലാകാന്‍ ഒരു മാസമെങ്കിലും എടുക്കും. സര്‍വീസുകള്‍ കുറഞ്ഞതോടെ വിവിധ ഇന്ത്യന്‍ നഗരങ്ങളിലേക്കുള്ള വിമാന ടിക്കറ്റുകളുടെ നിരക്ക് കുത്തനെ ഉയര്‍ന്നിരുന്നു. വിമാന നിരക്കുകള്‍ ഉയര്‍ന്നത് സ്വകാര്യ ബസുകളും മുതലെടുക്കുകയാണ്. ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളില്‍ നിന്ന് കേരളത്തിലേക്കുള്ള ബസ് നിരക്കും വര്‍ധിച്ചിട്ടുണ്ട്.
ക്രിസ്മസ്, പുതുവത്സര സീസണിലേക്ക് കടക്കുകയാണ് കേരളത്തിലെ ടൂറിസം മേഖല. ഈ സമയത്ത് വിമാന നിരക്കുകള്‍ വലിയതോതില്‍ വര്‍ധിച്ചത് പ്രതിസന്ധിയാകുമെന്ന ആശങ്ക ടൂറിസം ഇന്‍ഡസ്ട്രിക്കുണ്ട്. കേരളത്തിലേക്കുള്ള വിമാന ടിക്കറ്റുകള്‍ മുന്‍കൂര്‍ ബുക്ക് ചെയ്യുന്ന വിനോദസഞ്ചാരികളാണ് കൂടുതലെങ്കിലും ഡിസംബര്‍ ആരംഭിച്ച ശേഷം ബുക്കിംഗ് നടത്തുന്നവരും ഏറെയാണ്.
ഇത്തരത്തില്‍ ടിക്കറ്റ് എടുക്കാതിരുന്ന സഞ്ചാരികളുടെ വരവാണ് ഇപ്പോള്‍ സംശയത്തിലായിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ വിമാന സര്‍വീസ് താറുമാറായത് മൂന്നാര്‍ അടക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ആളനക്കം കുറച്ചിരുന്നു. ഉത്തരേന്ത്യന്‍ സഞ്ചാരികള്‍ അടക്കമുള്ളവരുടെ വരവില്‍ വലിയ കുറവിന് ഇത് വഴിയൊരുക്കിയിരുന്നു.
വിമാന സര്‍വീസുകള്‍ താളംതെറ്റിയതോടെ മൂന്നാറിലേക്ക് യാത്ര പ്ലാന്‍ ചെയ്തിരുന്ന പലരും ബുക്കിംഗുകള്‍ റദ്ദാക്കിയിരുന്നു. ഇതാണ് ടൂറിസം കേന്ദ്രങ്ങളില്‍ പെട്ടെന്ന് തിരക്ക് കുറയാന്‍ കാരണം. ബുക്കിംഗുകള്‍ പെട്ടെന്ന് റദ്ദാക്കപ്പെട്ടത് ഹോംസ്‌റ്റേ, റിസോര്‍ട്ട് സംരംഭകര്‍ക്ക് വലിയ തിരിച്ചടിയായി.
ഡിസംബര്‍ 15നുള്ളില്‍ സര്‍വീസുകള്‍ പഴയപടിയാകുമെന്നാണ് ഇന്‍ഡിഗോയുടെ ഉറപ്പ്. എന്നാല്‍ അവധിക്കാല സര്‍വീസുകള്‍ കൂടുതലായി നടത്തുന്ന സമയമാണ് ക്രിസ്മസ്-പുതുവത്സര കാലയളവ്. നിലവിലുണ്ടായിരുന്ന സര്‍വീസുകള്‍ പോലും പുനസ്ഥാപിക്കാന്‍ സാധിക്കാത്തതിനാല്‍ അധിക സര്‍വീസുകളുടെ കാര്യം സംശയമാണ്.
ഡിസംബര്‍ 20 മുതല്‍ ജനുവരി ആദ്യ വാരം വരെ സംസ്ഥാനത്തെ വിവിധ ടൂറിസം കേന്ദ്രങ്ങളില്‍ വലിയ തിരക്കാണ് അനുഭവപ്പെടാറുള്ളത്. കേരളത്തിലേക്ക് എത്തുന്ന ഉത്തരേന്ത്യന്‍ സഞ്ചാരികളിലേറെയും വിമാന സര്‍വീസിനെയാണ് ആശ്രയിക്കുന്നത്. അതുകൊണ്ട് തന്നെ വിമാന സര്‍വീസുകളുടെ കുറവ് സഞ്ചാരികള്‍ യാത്ര മാറ്റിവയ്ക്കുന്നതിന് കാരണമായേക്കുമെന്ന ആശങ്ക ശക്തമാണ്.
2018ലെ പ്രളയത്തിനും കോവിഡ് മഹാമാരിക്കും ശേഷം കേരളത്തിന്റെ ടൂറിസം രംഗം തിരിച്ചുവരവിന്റെ പാതയിലാണ്. വിനോദസഞ്ചാരികളുടെ വരവില്‍ കഴിഞ്ഞ വര്‍ഷം 13.7 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയിരുന്നു. അതേസമയം, വിദേശ വിനോദസഞ്ചാരികളുടെ വരവില്‍ 2019നെ അപേക്ഷിച്ച് 37 ശതമാനത്തോളം കുറവാണ് 2024ലുണ്ടായത്.
വിദേശ സഞ്ചാരികള്‍ കൂടുതലായി ശ്രീലങ്ക, തായ്‌ലന്‍ഡ് എന്നിവിടങ്ങളിലേക്കും രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലേക്കും വഴിമാറുകയാണെന്ന വിലയിരുത്തലാണുള്ളത്. യുകെ, യുഎസ്, ജര്‍മനി, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് കഴിഞ്ഞ വര്‍ഷം കൂടുതല്‍ വിദേശ സഞ്ചാരികളെത്തിയത്.
Read DhanamOnline in English
Subscribe to Dhanam Magazine