ചൈനയുമായുള്ള നികുതി യുദ്ധത്തിനിടെ മറ്റ് രാജ്യങ്ങള്‍ക്ക് വിശ്രമം നല്‍കിയ ഡൊണാള്‍ഡ് ട്രംപിന്റെ ബുദ്ധി ഇന്ത്യക്ക് അവസരമാകുമോ? ചൈന ഒഴികെയുള്ള രാജ്യങ്ങള്‍ക്ക് തത്തുല്യ നികുതി ചുമത്തുന്നതിന് മൂന്നു മാസം സാവകാശം നല്‍കിയ അമേരിക്കന്‍ നിലപാടിനെ ക്ഷമയോടെയാണ് ഇന്ത്യ കാണുന്നതെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ വ്യക്തമാക്കി.
അമേരിക്കയുമായി വാണിജ്യ ചര്‍ച്ചകള്‍ നടത്തുന്നതിന് ഇതൊരു മികച്ച അവസരമായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നതു വരെ സര്‍ക്കാരിന് തിരക്കില്ല. തോക്കിന്‍മുനയിലെ ചര്‍ച്ചക്ക് എന്തായാലും ഇന്ത്യ ഇല്ല. കാര്യങ്ങള്‍ സാവകാശം തീരുമാനിക്കാം. പിയൂഷ് ഗോയല്‍ പറഞ്ഞു.
യു.എസ്-ചൈന വ്യാപാര യുദ്ധം മുറുകുന്നത് ഇന്ത്യക്ക് പുതിയ അവസരമാണ് തുറക്കുന്നതെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ട്രംപ് തത്തുല്യ നികുതി പ്രഖ്യാപിച്ച ഉടനെ ഇന്ത്യ, അമേരിക്കയുമായി ചര്‍ച്ച തുടങ്ങിയിരുന്നു. സെപ്തംബറില്‍ അമേരിക്കയുമായി ഉഭയ കക്ഷി വ്യാപാര കരാര്‍ ഉണ്ടാക്കാനാണ് ഈ ചര്‍ച്ചകളില്‍ ഉണ്ടായ ഏകദേശ ധാരണ. എന്നാല്‍, പുതിയ സാഹചര്യത്തില്‍ 90 ദിവസത്തിനുള്ളില്‍ തന്നെ ഈ കരാര്‍ നടപ്പാക്കാന്‍ അമേരിക്ക തയ്യാറാകുമെന്നാണ് കണക്കുകൂട്ടല്‍.
ചൈനക്കെതിരെ ഇന്ത്യ ഉള്‍പ്പടെയുള്ള കൂടുതല്‍ രാജ്യങ്ങളെ കൂടെ നിര്‍ത്താനാണ് ട്രംപ് ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഇന്ത്യ മുന്നോട്ടു വെക്കുന്ന ആവശ്യങ്ങള്‍ ട്രംപ് അംഗീകരിക്കാന്‍ തയ്യാറായേക്കുമെന്നും വിലയിരുത്തലുണ്ട്. ഇന്ത്യക്ക് മേല്‍ ചുമത്തിയ 26 ശതമാനം തത്തുല്യ നികുതി കുറക്കുക, കാര്‍ഷികോല്‍പ്പങ്ങളെ അധിക നികുതിയില്‍ നിന്ന് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഇന്ത്യ പ്രധാനമായും മുന്നോട്ടു വെച്ചിട്ടുള്ളത്.
അമേരിക്കയും ചൈനയും മല്‍സരിച്ചുള്ള നികുതി ചുമത്തല്‍ തുടരുകയാണ്. ഏറ്റവുമൊടുവില്‍ അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്കുള്ള നികുതി ചൈന 125 ശതമാനമായി വര്‍ധിപ്പിച്ചത് ആഗോള വ്യാപാര രംഗത്ത് സമ്മര്‍ദ്ദം കൂട്ടി. ചൈനക്ക് 145 ശതമാനം നികുതി ചുമത്തിയ ട്രംപിന്റെ തീരുമാനം വന്നതിന് പിന്നാലെയാണ് ചൈന വീണ്ടും നികുതി കൂട്ടിയത്. 84 ശതമാനത്തില്‍ നിന്നാണ് 125 ശതമാനമായി ഉയര്‍ത്തിയിട്ടുള്ളത്. പുതിയ നിരക്ക് നാളെ നിലവില്‍ വരുമെന്നും ചൈന വ്യക്തമാക്കിയിട്ടുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine