ബജറ്റ് അവതരണത്തിനിടെ വെറും ഒരൊറ്റ തവണ മാത്രമാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ റെയില്‍വേയുടെ കാര്യം പരാമര്‍ശിച്ചത്. റെയില്‍വേ വകയിരുത്തലുകളെപ്പറ്റിയോ നരേന്ദ്ര മോദി സര്‍ക്കാരിന്റെ സ്വപ്‌നപദ്ധതിയായ വന്ദേഭാരതിനെക്കുറിച്ചോ ധനമന്ത്രി ഒന്നും പറഞ്ഞില്ല. ഇത്തവണ റെയില്‍വേയ്ക്കായി 2,62,200 ലക്ഷം കോടി രൂപ വകയിരുത്തിയെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.
ഈ തുകയില്‍ 40 ശതമാനവും വിനിയോഗിക്കുക റെയില്‍വേയ്ക്ക് സുരക്ഷയൊരുക്കാന്‍ വേണ്ടിയാകും. 1.08 ലക്ഷം കോടി രൂപയാണ് സുരക്ഷയ്ക്കായി മാറ്റിവച്ചിരിക്കുന്നത്. അടിക്കടി ഉണ്ടാകുന്ന അപകടങ്ങള്‍ റെയില്‍വേയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്പിച്ച പശ്ചാത്തലത്തിലാണ് കൂടുതല്‍ പണം മാറ്റിവയ്ക്കുന്നത്.
ജനറല്‍ കോച്ചുകളുടെ നിര്‍മാണം
ട്രെയിനുകളുടെ കൂട്ടിയിടി തടയുന്ന കവച്, പുതിയ ട്രാക്ക്, പാത ഇരട്ടിപ്പിക്കല്‍, സിഗ്നല്‍ സംവിധാനം, മേല്‍പ്പാലങ്ങള്‍, പുതിയ കോച്ചുകള്‍ എന്നിവയ്‌ക്കെല്ലാം പണം നീക്കി വച്ചിട്ടുണ്ട്. പുതുതായി 12,500 ജനറല്‍ കോച്ചുകള്‍ ഈ സാമ്പത്തിക വര്‍ഷം നിര്‍മിക്കും. വന്ദേഭാരത്, അമൃത് ഭാരത് പദ്ധതികളില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രഖ്യാപനം വരും.
കേരളത്തിന് എന്തുകിട്ടും?
സംസ്ഥാനത്തിന് പുതിയ റെയില്‍വേ പദ്ധതികളൊന്നും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടില്ല. ആലപ്പുഴ വഴിയുള്ള പാത ഇരട്ടിപ്പിക്കലിനാണ് മുന്‍ഗണന നല്‍കിയിരിക്കുന്നത്. എറണാകുളം-കുമ്പളം രണ്ടാം പാതയ്ക്ക് 105 കോടി രൂപ അനുവദിച്ചു. കുമ്പളം-തുറവൂര്‍ രണ്ടാംപാതയ്ക്ക് 102 കോടിയും മാറ്റിവച്ചിട്ടുണ്ട്. കേരളത്തിന്റെ ദീര്‍ഘകാല ആവശ്യങ്ങളിലൊന്നായിരുന്നു ഇത്.
വര്‍ഷങ്ങള്‍ പഴക്കമുള്ള അങ്കമാലി-എരുമേലി ശബരി പാതയ്ക്ക് ഇടക്കാല ബജറ്റില്‍ 100 കോടി രൂപ അനുവദിച്ചിരുന്നു. ഇത് നിലനിര്‍ത്തിയെങ്കിലും സംസ്ഥാന സര്‍ക്കാര്‍ വിഹിതം സംബന്ധിച്ച അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. സംസ്ഥാനം തുക കണ്ടെത്തിയില്ലെങ്കില്‍ 100 കോടി രൂപ ചെലവാക്കാനാകില്ല.
വെറും 5 ലക്ഷം രൂപ മാത്രമാണ് ഷൊര്‍ണൂര്‍-എറണാകുളം മൂന്നാംപാതയ്ക്കായി മാറ്റിവച്ചിരിക്കുന്നത്. 1,516 കോടി വേണ്ടിടത്താണിത്. സര്‍വേ ഘട്ടം പിന്നിട്ടില്ലെന്ന കാരണത്താലാണ് തുക വര്‍ധിപ്പിക്കാത്തതെന്നാണ് റെയില്‍വേയുടെ വിശദീകരണം. തിരുവനന്തുപുരം-കന്യാകുമാരി പാത ഇരട്ടിപ്പിക്കലിനു ഇടക്കാല ബജറ്റില്‍ മാറ്റിവച്ച തുക വെട്ടിക്കുറച്ചു. 808 കോടിയില്‍ നിന്ന് 365 കോടി രൂപയായിട്ടാണ് കുറച്ചത്.
ദക്ഷിണ റെയില്‍വേയ്ക്ക് കീഴില്‍ ടെര്‍മിനല്‍ പദ്ധതികള്‍ക്കായി വെറും 66 കോടി രൂപ മാത്രമാണ് നീക്കിവച്ചിട്ടുള്ളത്. ഇതില്‍ നിന്ന് എത്ര വിഹിതം കേരളത്തിലെ പദ്ധതികള്‍ക്ക് കിട്ടുമെന്ന് കണ്ടറിയണം.
Read DhanamOnline in English
Subscribe to Dhanam Magazine