News & Views

എണ്ണക്കമ്പനികളുടെ 'അപ്രതീക്ഷിത ലാഭത്തിന്' കേന്ദ്രത്തിന്റെ പൂട്ട്; എന്താണ് വിന്‍ഡ്ഫോള്‍ ടാക്‌സ്? നികുതി കൂട്ടിയതിന് പിന്നിലെന്ത്?

കൂടുതല്‍ ലാഭം കിട്ടുന്നതിനാല്‍ കയറ്റുമതിയിലേക്ക് കമ്പനികള്‍ തിരിയുന്നത് തടയാനാണ് വിന്‍ഡഫോള്‍ ടാക്‌സ് ഏര്‍പ്പെടുത്തുന്നത്.

Dhanam News Desk

ഡീസല്‍, ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവല്‍ (ATF) എന്നിവയ്ക്കുള്ള വിന്‍ഡ്ഫാള്‍ നികുതി വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. ഇന്നുമുതല്‍ പുതിയ നികുതിക്രമം നിലവില്‍ വന്നു. അതേസമയം, പെട്രോള്‍ കയറ്റുമതിക്കുള്ള നികുതി കുറയ്ക്കുകയും ചെയ്തിട്ടുണ്ട്.

ഡീസല്‍ കയറ്റുമതി നികുതി നിലവിലുള്ള 8.50 രൂപയില്‍ നിന്ന് 15.50 രൂപയായി വര്‍ധിപ്പിച്ചു. എടിഎഫ് കയറ്റുമതി നികുതി ലിറ്ററിന് 7.50 രൂപയില്‍ നിന്ന് 14.50 രൂപയായിട്ടാണ് ഉയര്‍ത്തിയത്. ആഗോള എണ്ണവിലയിലെ അനിശ്ചിതത്വങ്ങളാണ് കേന്ദ്ര തീരുമാനത്തിന് കാരണം.

അന്താരാഷ്ട്ര വിപണിയിലെ എണ്ണവിലയും എണ്ണ ശുദ്ധീകരണ കമ്പനികളുടെ ലാഭവിഹിതവും (Refining Margins) കണക്കിലെടുത്ത് ഓരോ രണ്ടാഴ്ച കൂടുമ്പോഴുമാണ് സര്‍ക്കാര്‍ ഈ നികുതി നിരക്കുകള്‍ പുനഃപരിശോധിക്കുന്നത്. എന്നാല്‍ ആഭ്യന്തര വിപണിയില്‍ വില്‍ക്കുന്ന ഇന്ധനങ്ങളുടെ നികുതി നിരക്കില്‍ മാറ്റമില്ല.

എന്താണ് വിന്‍ഡ്‌ഫോള്‍ ടാക്‌സ്

ഒരു കമ്പനിയുടെ പ്രവര്‍ത്തന മികവ് കൊണ്ടല്ലാതെ, ആഗോള വിപണിയിലെ പെട്ടെന്നുള്ള സാഹചര്യങ്ങള്‍ കാരണം ഉല്‍പ്പന്നങ്ങള്‍ക്ക് അമിത വില ലഭിക്കുകയും അതുവഴി കമ്പനികള്‍ അപ്രതീക്ഷിതമായി കൊയ്‌തെടുക്കുകയും ചെയ്യുന്ന വന്‍ ലാഭത്തിന്മേല്‍ (Unusually High Profits) സര്‍ക്കാര്‍ ചുമത്തുന്ന അധിക നികുതിയാണിത്. ആഗോളതലത്തില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയരുമ്പോള്‍ ആഭ്യന്തര കമ്പനികള്‍ ഇന്ധനം വിദേശത്തേക്ക് കയറ്റി അയച്ച് വന്‍ ലാഭം നേടുന്നത് നിയന്ത്രിക്കാനും, ആഭ്യന്തര വിപണിയില്‍ ഇന്ധന ലഭ്യത ഉറപ്പാക്കാനുമാണ് ഇന്ത്യയില്‍ ഈ നികുതി ഏര്‍പ്പെടുത്തുന്നത്.

ഇത്തരത്തില്‍ നികുതി ഏര്‍പ്പെടുത്താതിരുന്നാല്‍ കമ്പനികള്‍ കയറ്റുമതിക്ക് പ്രാധാന്യം നല്കും. ആഭ്യന്തര വിപണിയില്‍ ലഭ്യത കുറയും. കൂടുതല്‍ ലാഭം കിട്ടുന്നതിനാല്‍ കയറ്റുമതിയിലേക്ക് കമ്പനികള്‍ തിരിയുന്നത് തടയാനാണ് വിന്‍ഡഫോള്‍ ടാക്‌സ് ഏര്‍പ്പെടുത്തുന്നത്.

2022ല്‍ റഷ്യ-ഉക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് ആഗോള ക്രൂഡ് ഓയില്‍ വില ഉയര്‍ന്നപ്പോള്‍, ഇന്ത്യന്‍ എണ്ണ ഉത്പാദകരും ഡീസല്‍, പെട്രോള്‍ തുടങ്ങിയ പെട്രോളിയം ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്ന കമ്പനികളും വലിയ ലാഭം നേടി. ഇതിനെ തുടര്‍ന്നാണ് ഇന്ത്യ 2022 ജൂലൈയില്‍ ആഭ്യന്തര ക്രൂഡ് ഓയില്‍ ഉത്പാദനത്തിനും ചില ഇന്ധന കയറ്റുമതികള്‍ക്കും വിന്‍ഡ്ഫോള്‍ ടാക്‌സ് ഏര്‍പ്പെടുത്തിയത്.

എണ്ണവിലയിലെ മാറ്റങ്ങള്‍ക്കനുസരിച്ച് ഈ നികുതി സര്‍ക്കാര്‍ ഇടയ്ക്കിടെ വര്‍ധിപ്പിക്കുകയോ കുറയ്ക്കുകയോ ചെയ്തിരുന്നു. പിന്നീട് ആഗോള എണ്ണവിലയും ലാഭവും സാധാരണ നിലയിലേക്ക് മടങ്ങിയതോടെ ഈ നികുതി പിന്‍വലിക്കുകയും ചെയ്തു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT