News & Views

ക്രിപ്‌റ്റോ കറന്‍സി നിയന്ത്രണത്തിന് ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍

ശീതകാല സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും

Dhanam News Desk

രാജ്യത്ത് ക്രിപ്‌റ്റോ കറന്‍സികള്‍ നിയന്ത്രണമേര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറെടുക്കുന്നു. ഇതു സംബന്ധിച്ച ദി ക്രിപ്‌റ്റോ കറന്‍സി ആന്‍ഡ് റെഗുലേഷന്‍ ഓഫ് ഒഫീഷ്യല്‍ ഡിജിറ്റല്‍ കറന്‍സി ബില്‍ 2021 വരുന്ന ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്. വിവാദമായ മൂന്ന് കൃഷി നിയമങ്ങള്‍ ഉള്‍പ്പടെ 26 ബില്ലുകള്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും.

ക്രിപ്‌റ്റോ കറന്‍സികള്‍ നിക്ഷേപകരെ തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങള്‍ നടത്തി വശീകരിക്കുകയും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ ഉപയോഗിക്കുകയും ചെയ്യുന്നുണ്ടെന്ന ആശങ്കകള്‍ക്കിടെയാണ് കേന്ദ്ര സര്‍ക്കാര്‍ നടപടിക്കൊരുങ്ങുന്നത്.

എല്ലാ സ്വകാര്യ ക്രിപ്‌റ്റോ കറന്‍സികളും നിരോധിക്കാന്‍ ശ്രമിക്കുന്ന ബില്ലില്‍ ഇവയുടെ അടിസ്ഥാന സാങ്കേതിക വിദ്യയും അതിന്റെ ഉപയോഗങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന് ചില ഒഴിവാക്കലുകള്‍ ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്ന ഡിജിറ്റല്‍ കറന്‍സിക്കു വേണ്ടി സുഗമമായ വഴിയൊരുക്കല്‍ കൂടിയാണ് ബില്ലിലൂടെ ഉദ്ദേശിക്കുന്നത്.

നിലവില്‍ രാജ്യത്ത് ക്രിപ്‌റ്റോ കറന്‍സികള്‍ക്ക് നിരോധനമോ കാര്യമായ നിയന്ത്രണങ്ങളോ ഇല്ല. ഇതേ തുടര്‍ന്നാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ഉന്നത തല യോഗം ചേര്‍ന്ന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ കുറിച്ച് ചിന്തിച്ചത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT