നോക്കുകൂലി ചോദിച്ചാല്‍ കൊടിയുടെ നിറം നോക്കാതെ പോലീസ് കര്‍ശന നടപടി എടുക്കണമെന്ന് ഹൈക്കോടതി. നോക്കൂകൂലിയെ കേരളത്തില്‍നിന്നു വേരോടെ പിഴുതെറിയണമെന്നും നോക്കുകൂലിയെന്ന വാക്ക് പോലും സംസ്ഥാനത്ത് കേള്‍ക്കരുതെന്നും ഹൈക്കോടതി പരാമര്‍ശിച്ചു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് ഉത്തരവ് പുറപ്പെടുവിച്ചത്. അതേസമയം നോക്കുകൂലി വിഷയത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.
കേരളത്തിലെ ട്രേഡ് യൂണിയനിസം അക്രമോത്സുകമാണെന്നുള്ള പ്രതിഛായ മാറണമെന്നും കോടതി നിര്‍ദേശിച്ചു.
ട്രേഡ് യൂണിയനുകള്‍ ഇല്ലെങ്കിലും ചൂഷണം നടക്കാം. എന്നാല്‍, യൂണിയനുകള്‍ നിലകൊള്ളേണ്ടത് നിയമപരമായ അവകാശങ്ങള്‍ക്കാണ്; അടിപിടിയുണ്ടാക്കാനല്ല. മറ്റു സംസ്ഥാനങ്ങള്‍ നിക്ഷേപകരെ കൊണ്ടുവരാന്‍ ഏതു തലംവരെ പോകുന്നു എന്നു നോക്കണം കോടതി പറഞ്ഞു.
ഇതു സംബന്ധിച്ച ഹര്‍ജി കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് പരിഗണിക്കാന്‍ മാറ്റി. ആ ദിവസം പുതുചിന്തകള്‍ക്കും പരിഷ്‌കൃതമായ നടപടിക്കുമുള്ള ദിനമായിരിക്കട്ടെയെന്നും പറഞ്ഞു. കൊല്ലം അഞ്ചല്‍ സ്വദേശി ടി.കെ.സുന്ദരേശന്‍ നല്‍കിയ ഹര്‍ജിയാണു കോടതി പരിഗണിക്കുന്നത്.
നോക്ക് കൂലി പ്രശ്നമോ തൊഴില്‍ തര്‍ക്കങ്ങളോ ഇല്ലാതെ ഇനി സ്വകാര്യ ബിസിനസ് സ്ഥാപനങ്ങള്‍ക്കു സ്വന്തം ചുമട്ടു തൊഴിലാളികളെ നിയോഗിക്കാമെന്ന് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഹൈക്കോടതി ഉത്തരവ് പുറത്തിറങ്ങി ഒരാഴ്ചയാകുമ്പോഴാണ് കോടതിയുടെ പുതിയ പരാമര്‍ശം.
ഹെഡ്‌ലോഡ് വര്‍ക്കേഴ്സ് നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യാന്‍ അവര്‍ക്കു കയറ്റിറക്കു ജോലിയില്‍ മുന്‍പരിചയം നിര്‍ബന്ധമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഈ മേഖലയില്‍ ഏറ്റവും തടസ്സമായി നിന്നിരുന്നത് രജിസ്ട്രേഷന്‍ ലഭ്യമല്ലാത്ത സാഹചര്യമായിരുന്നു. എന്നാല്‍ കയറ്റിറക്കു ജോലി ചെയ്യാന്‍ സ്വന്തം ജീവനക്കാര്‍ക്ക് സന്നദ്ധതയും തൊഴിലുടമയുടെ അനുമതിയും ഉണ്ടെങ്കില്‍ രജിസ്ട്രേഷന്‍ നിഷേധിക്കാനാവില്ല. അതേസമയം തൊഴില്‍ മേഖലയില്‍ നിന്നുള്ള മറ്റ് ജീവനക്കാരെ ഇതിനായി ഉപയോഗിക്കുവാനും കഴിയും.
Read DhanamOnline in English
Subscribe to Dhanam Magazine