Bank loans Image by Canva
News & Views

തിരിച്ചെത്തിയ പ്രവാസി വനിതകള്‍ക്ക് സംരംഭങ്ങള്‍ തുടങ്ങാം; സബ്‌സിഡിയോടെ വായ്പ; പദ്ധതി ഇങ്ങനെ

പുതിയ സംരംഭങ്ങള്‍ക്കും നിലവിലുള്ളവയുടെ വിപുലീകരണത്തിനും 30 ലക്ഷം രൂപ വരെയാണ് വായ്പ

Dhanam News Desk

വിദേശത്ത് താമസിച്ച് തിരിച്ചെത്തിയ വനിതകള്‍ക്ക് സ്വന്തമായി സംരംഭങ്ങള്‍ തുടങ്ങുന്നതിന് നോര്‍ക്കയും വനിതാ വികസന കോര്‍പ്പറേഷനും ചേര്‍ന്നുള്ള പദ്ധതി പ്രയോജനപ്പെടുത്താം. കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് തിരിച്ചെത്തിയവര്‍ക്കാണ് പദ്ധതി. തിരിച്ചെത്തുന്ന പ്രവാസികള്‍ക്കായി നടപ്പാക്കുന്ന എന്‍.ഡി.പി.ആര്‍.ഇ.എം (norka department project for returned emigrants) പദ്ധതിയില്‍ സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ കൂടി പങ്കാളിയായാണ് വനിതകള്‍ക്കുള്ള പദ്ധതി നടപ്പാക്കുന്നത്.

ആനുകൂല്യങ്ങള്‍

പ്രവാസികളായിരുന്ന വനിതകള്‍ക്ക് പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും നിലവിലുള്ളവ വിപുലീകരിക്കുന്നതും ഈ പദ്ധതിയില്‍ സബ്‌സിഡിയോടു കൂടിയ വായ്പ ലഭിക്കും. 30 ലക്ഷം രൂപയാണ് പരമാവധി തുക. കൃത്യമായി വായ്പ തിരിച്ചടക്കുന്നവര്‍ക്ക് 15 ശതമാനം മൂലധന സബ്‌സിഡിയും നോര്‍ക്ക റൂട്ട്‌സില്‍ നിന്നുള്ള മൂന്ന് ശതമാനം പലിശ സബ്‌സിഡിയും വനിതാ വികസന കോര്‍പ്പറേഷന്‍ നല്‍കുന്ന സബ്‌സിഡിയും ലഭിക്കും.

വായ്പ നല്‍കാന്‍ ബാങ്കുകള്‍

നോര്‍ക്കയുമായി കരാറിലുള്ള ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വ്യക്തമായ രേഖകളുടെ അടിസ്ഥാനത്തിലാണ് വായ്പകള്‍ ലഭിക്കുക. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കനറ ബാങ്ക്, കേരള ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ഫെഡറല്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ഇന്ത്യ, യുകോ ബാങ്ക്, ധനലക്ഷ്മി ബാങ്ക്, സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന സഹകരണ ബാങ്ക്, കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍, സംസ്ഥാന പിന്നോക്ക വികസന കോര്‍പ്പേറേഷന്‍, സംസ്ഥാന എസ്.സി, എസ്.ടി കോര്‍പ്പറേഷന്‍, സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍, പ്രവാസി ക്ഷേമ വികസന കോര്‍പ്പറേഷന്‍, ട്രാവന്‍കൂര്‍ പ്രവാസി വികസന കോര്‍പ്പറേഷന്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ നോര്‍ക്ക പദ്ധതികള്‍ക്ക് വായ്പകള്‍ അനുവദിക്കുന്നുണ്ട്.

വനിതാ വികസന കോര്‍പ്പഷന്റെ www.kswdc.org എന്ന വെബ് സൈറ്റ് വഴി പദ്ധതിയിലേക്ക് അപേക്ഷിക്കാം. നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്‌സ് സെന്ററിന്റെ ടോള്‍ഫ്രീ നമ്പരായ 18004253939 ലും വിവരങ്ങള്‍ ലഭിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT