News & Views

ഇന്ത്യന്‍ പെണ്‍പുലികളെ കാത്തിരിക്കുന്നത് കോടികളുടെ സമ്മാനം; വിശദാംശങ്ങള്‍ ഇങ്ങനെ

ലോകകപ്പ് കിരീടം ചൂടിയ വകയില്‍ ഐസിസിയില്‍ നിന്ന് ലഭിക്കുന്നത് 39.78 കോടി രൂപയാണ്. ഇത്തവണ ചാമ്പ്യന്മാര്‍ക്ക് ഉള്‍പ്പെടെ നല്കിയ സമ്മാനത്തുകയില്‍ ഐസിസി വലിയ വര്‍ധന വരുത്തിയിരുന്നു

Dhanam News Desk

ചരിത്രത്തില്‍ ആദ്യമായി ഐസിസി ഏകദിന ക്രിക്കറ്റ് ലോകകപ്പ് കിരീടം നേടിയ ഇന്ത്യന്‍ വനിതാ ടീമിന് കൈനിറയെ സമ്മാനം. ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) നല്കുന്നതിന്റെ ഇരട്ടി പ്രൈസ് മണിയാണ് ബോര്‍ഡ് ഓഫ് ക്രിക്കറ്റ് കണ്‍ട്രോള്‍ ഇന്‍ ഇന്ത്യ (ബി.സി.സി.ഐ) ജേതാക്കള്‍ക്കായി പ്രഖ്യാപിച്ചത്.

ലോകകപ്പ് കിരീടം ചൂടിയ വകയില്‍ ഐസിസിയില്‍ നിന്ന് ലഭിക്കുന്നത് 39.78 കോടി രൂപയാണ്. ഇത്തവണ ചാമ്പ്യന്മാര്‍ക്ക് ഉള്‍പ്പെടെ നല്കിയ സമ്മാനത്തുകയില്‍ ഐസിസി വലിയ വര്‍ധന വരുത്തിയിരുന്നു. 123 കോടി രൂപയാണ് ടൂര്‍ണമെന്റിന്റെ ആകെ പ്രൈസ്മണി. 2022 ലോകകപ്പിനെ അപേക്ഷിച്ച് സമ്മാനത്തുകയില്‍ 297 ശതമാനത്തിന്റെ വര്‍ധന.

ആദ്യമായി കിരീടം ചൂടിയ ഇന്ത്യന്‍ ടീമിന് 51 കോടി രൂപയാണ് ബി.സി.സി.ഐ പ്രഖ്യാപിച്ചിരിക്കുന്നത്. ഓരോ താരത്തിനും പരിശീലകര്‍ അടക്കമുള്ള സപ്പോര്‍ട്ടിംഗ് സ്റ്റാഫിനും രണ്ട് കോടി രൂപയ്ക്ക് മുകളില്‍ ലഭിക്കും. ബി.സി.സി.ഐയെ കൂടാതെ ഓരോ താരങ്ങളുടെയും സംസ്ഥാനങ്ങളും വലിയ സമ്മാനങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

വനിതാ ക്രിക്കറ്റിന് സ്വീകാര്യതയേറുന്നു

അടുത്ത കാലത്തായി വനിതാ ക്രിക്കറ്റിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. വിമന്‍സ് പ്രീമിയര്‍ ലീഗ്‌ (WPL) അടക്കം വന്നത് വനിതാ ക്രിക്കറ്റിന് ഗുണംചെയ്തു. ഒളിമ്പിക്‌സില്‍ ഉള്‍പ്പെടുത്തിയതോടെ വനിതാ ക്രിക്കറ്റിന് ഒട്ടുമിക്ക രാജ്യങ്ങളും വലിയ പ്രാധാന്യമാണ് നല്കുന്നത്. സമീപകാലത്ത് വനിതാ അന്താരാഷ്ട്ര മത്സരങ്ങളുടെ എണ്ണവും വര്‍ധിച്ചിരുന്നു.

കലാശപ്പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയെ 52 റണ്‍സിനാണ് ഹര്‍മന്‍പ്രീത് സിംഗ് നയിച്ച ഇന്ത്യ തോല്പിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 298 റണ്‍സ് നേടി. 87 റണ്‍സ് നേടി ഷഫാലി ഇന്ത്യയുടെ ഇന്നിങ്‌സിന്റെ നെടുന്തൂണായി. മധ്യനിരയില്‍ ദീപ്തി ശര്‍മ്മയുടെ അര്‍ധ ശതകവും ഇന്ത്യക്ക് ഗുണം ചെയ്തു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT