ഇന്ത്യയിലെ ഏറ്റവും വലിയ അമ്യൂസ്‌മെന്റ് പാര്‍ക്ക് ശൃംഖലയായ വണ്ടര്‍ലാ ഇനി ഒഡിഷയിലെ ഭുവനേശ്വറിലും. പാര്‍ക്ക് ഒഡിഷ ഉപമുഖ്യമന്ത്രി പ്രവതി പരിധ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ടൂറിസം ഡയറക്ടര്‍ സമര്‍ത്ഥ് വര്‍മ, വണ്ടര്‍ലാ എം.ഡി അരുണ്‍ കെ ചിറ്റിലപ്പള്ളി തുടങ്ങിയവരും പങ്കെടുത്തു. ഒഡിഷയിലെ ആദ്യത്തേതും ഏറ്റവും വലുതുമായ അമ്യൂസ്‌മെന്റ് പാര്‍ക്കായ വണ്ടര്‍ലായ്ക്ക് സര്‍ക്കാര്‍ എല്ലാവിധ സഹകരണവും നല്‍കുമെന്ന് ഉപമുഖ്യമന്ത്രി പറഞ്ഞു. വണ്ടര്‍ല സംസ്ഥാനത്തെ ടൂറിസം രംഗത്തിന്റെ വളര്‍ച്ചയെ സഹായിക്കുമെന്ന് ഉറപ്പാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കൊച്ചി, ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലെ വിജയത്തിനു ശേഷം വണ്ടര്‍ലാ രാജ്യത്ത് സ്ഥാപിച്ച നാലാമത്തെ പാര്‍ക്കാണ് ഭുവനേശ്വറിലെ കുമ്പര്‍ബസ്തയില്‍ തുടങ്ങിയത്. പാര്‍ക്കില്‍ 21 ഡ്രൈ, വാട്ടര്‍ റൈഡുകളാണുള്ളത്. ഹൈസ്പീഡ് കോസ്റ്ററുകള്‍ മുതല്‍ കുടുംബങ്ങള്‍ക്കിണങ്ങുന്ന നിരവധി റൈഡുകള്‍ വരെ ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. നിരവധി തൊഴില്‍ അവസരങ്ങളും പാര്‍ക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. 3,500 അതിഥികളെ ഉള്‍ക്കൊള്ളിക്കാന്‍ ശേഷിയുള്ള പുതിയ പാര്‍ക്കില്‍ മേയ് മുതല്‍ തന്നെ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നു. 2020ലാണ് 90 വര്‍ഷത്തേക്ക് വണ്ടര്‍ല ഹോളിഡെയ്സ് ലിമിറ്റഡിന് ഒഡിഷ സര്‍ക്കാര്‍ 50 ഏക്കര്‍ സ്ഥലം വിട്ടുനല്‍കിയത്. തലസ്ഥാന നഗരമായ ഭുവനേശ്വറില്‍ നിന്നും 22.5 കിലോമീറ്റര്‍ അകലെയുള്ള സ്ഥലത്ത് 190 കോടി രൂപയുടെ നിക്ഷേപമാണ് കമ്പനി നടത്തിയത്.
സ്പിന്നിംഗ് കോസ്റ്റര്‍, എക്വിനോക്‌സ് എന്നീ ഹൈ ത്രില്‍ റൈഡുകള്‍ സാഹസിക പ്രിയര്‍ക്ക് ഏറെ ആനന്ദകരമാകും. ക്രേസി കാര്‍സ്, പൈറേറ്റ് ഷിപ്പ്, ജാക്ക് ഒ കോസ്റ്റര്‍, വണ്ടര്‍ സ്പ്ലാഷ്, കറൗസല്‍ എന്നീ ലാന്‍ഡ് റൈഡുകള്‍ കുടുംബമായെത്തുന്നവര്‍ക്ക് കൂടുതല്‍ അനുയോജ്യമാണ്. വേവ് പൂള്‍, സീ ലഗൂണ്‍, ഗാലക്‌സി ലഗൂണ്‍, റെയിന്‍ ഡിസ്‌കോ, വെര്‍ട്ടിക്കല്‍ ഫാള്‍, വേവി ഫാള്‍, റെയിന്‍ബോ ലൂപ്‌സ്, ബുള്ളറ്റ്, സ്‌ക്രൂ, ഡ്രോപ്പ്, ടൊര്‍ണാഡോ, മാമത്ത് തുടങ്ങിയ വാട്ടര്‍ റൈഡുകളുമുണ്ട്. കൂടാതെ കുട്ടികള്‍ക്കായി ക്രോക്കോ ക്രൂസ്, സെയിലേഴ്‌സ് സ്പിന്‍ തുടങ്ങിയ റൈഡുകളും ഒരുക്കിയിട്ടുണ്ട്. സന്ദര്‍ശകര്‍ക്കായി രുചികരമായ ഭക്ഷണം വിളമ്പുന്ന ഫുഡ് കോര്‍ട്ടും ഇവിടെയുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine