Image : Arun Chittilappilly , Wonderla  
News & Views

മാസങ്ങള്‍ക്കുള്ളില്‍ ചെന്നൈ പാര്‍ക്ക് ലാഭത്തില്‍; മഹാരാഷ്ട്രയും ഗുജറാത്തും ഉള്‍പ്പെടെ പുതിയ സ്ഥലങ്ങളില്‍ സാന്നിധ്യം വര്‍ധിപ്പിക്കാനൊരുങ്ങി വണ്ടര്‍ലാ

2026 ഏപ്രില്‍-ജൂണ്‍ പാദത്തില്‍ കമ്പനിയുടെ വരുമാനം 44 ശതമാനം ഉയര്‍ന്നു. ചെന്നൈ പാര്‍ക്ക് മാത്രമുള്ള വരുമാനം ഏകദേശം 45 കോടി രൂപയാണ്.

Dhanam News Desk

ചെന്നൈയിലെ പുതിയ വണ്ടര്‍ലാ പാര്‍ക്ക് ആരംഭിച്ചതിന് മാസങ്ങള്‍ക്കുള്ളില്‍ തന്നെ ലാഭത്തിലേക്ക് കുതിച്ചുയര്‍ന്നതോടെ കമ്പനി മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ, ഡല്‍ഹി എന്നിവിടങ്ങളിലേക്ക് വ്യാപനത്തിന് ഒരുങ്ങുന്നു. കടബാധ്യതയില്ലാത്ത സാമ്പത്തിക നിലയും 611 കോടി രൂപയുടെ നിക്ഷേപഫലമായ ചെന്നൈ പാര്‍ക്കിന്റെ മികച്ച പ്രകടനവും മാനേജ്മെന്റിന് ആത്മവിശ്വാസം നല്‍കുന്നു. ഭാവി പദ്ധതികള്‍ക്ക് ഫണ്ട് സ്വന്തം വരുമാനവും ഇക്വിറ്റിയും വഴിയാകും കണ്ടെത്തുക.

കേരളത്തില്‍ തുടക്കം കുറിച്ച പ്രമുഖ അമ്യൂസ്മെന്റ് പാര്‍ക്ക് ശൃംഖലയായ വണ്ടര്‍ലാ ഹോളിഡേയ്സ് അധികം വൈകാതെ വിപുലീകരണ പദ്ധതികള്‍ പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ട്.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പ്രവര്‍ത്തനം ആരംഭിച്ച ചെന്നൈ പാര്‍ക്ക് ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ ലാഭത്തിലെത്തിയതാണ് കമ്പനിക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നത്.

മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ, ഡല്‍ഹി എന്നിവിടങ്ങളിലാണ് പുതിയ പാര്‍ക്കുകള്‍ ആരംഭിക്കാനുള്ള സാധ്യതകളാണ് കമ്പനി പരിശോധിക്കുന്നതെന്ന് സിഎന്‍ബിസി ടിവി18 റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ കടബാധ്യതയില്ലാത്ത നിലയിലാണ് വണ്ടര്‍ലാ ഹോളിഡേയ്‌സ്. ഭാവിയിലെ എല്ലാ വികസന പദ്ധതികള്‍ക്കും ആവശ്യമായ ഫണ്ട് സ്വന്തം വരുമാനവും ഇക്വിറ്റി സമാഹരണവും വഴിയാകും കണ്ടെത്തുകയെന്ന് കമ്പനി അറിയിച്ചു.

പ്രതീക്ഷകള്‍ മറികടന്ന് ചെന്നൈ പാര്‍ക്ക്

2025 ഡിസംബര്‍ ഒന്നിനാണ് ചെന്നൈയിലെ പാര്‍ക്ക് ഉദ്ഘാടനം ചെയ്തത്. ഒരു പതിറ്റാണ്ടിന് മുമ്പ് തമിഴ്‌നാട് സര്‍ക്കാരുമായി ധാരണപത്രം ഒപ്പിട്ടശേഷമായിരുന്നു കഴിഞ്ഞ വര്‍ഷം പാര്‍ക്ക് യാഥാര്‍ത്ഥ്യമായത്. 611 കോടി രൂപ മുതല്‍മുടക്കില്‍ 64.30 ഏക്കറില്‍ പടുത്തുയര്‍ത്തിയ ചെന്നൈ പാര്‍ക്ക് ഇപ്പോള്‍ ലാഭത്തിലാണ്.

സന്ദര്‍ശകരുടെ വരവില്‍ കമ്പനിയുടെ പ്രതീക്ഷകളെക്കാള്‍ മികച്ച നിലയിലാണ് ചെന്നൈ പാര്‍ക്കിന്റെ പ്രകടനമെന്ന് വണ്ടര്‍ലാ ഹോളിഡേയ്സിന്റെ എക്സിക്യൂട്ടീവ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അരുണ്‍ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു.

2026 ഏപ്രില്‍-ജൂണ്‍ പാദത്തില്‍ കമ്പനിയുടെ വരുമാനം 44 ശതമാനം ഉയര്‍ന്നു. ചെന്നൈ പാര്‍ക്ക് മാത്രമുള്ള വരുമാനം ഏകദേശം 45 കോടി രൂപയാണ്. മറ്റ് പാര്‍ക്കുകളുടെ വരുമാനത്തില്‍ 15 ശതമാനം വര്‍ധന രേഖപ്പെടുത്തി. റിസോര്‍ട്ട് വിഭാഗത്തിലെ വരുമാനവും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടിയോളമായി.

രണ്ടാംസ്ഥാനത്ത് കൊച്ചി

ജൂണില്‍ അവസാനിച്ച ആദ്യ പാദത്തില്‍ 243 കോടി രൂപയായിരുന്നു കമ്പനിയുടെ വരുമാനം. മുന്‍വര്‍ഷം സമാനപാദത്തില്‍ ഇത് 168 കോടി രൂപ മാത്രമായിരുന്നു. 53 കോടി രൂപയില്‍ നിന്ന് ലാഭം 73 കോടി രൂപയായി ഉയരുകയും ചെയ്തു.

ആദ്യപാദത്തില്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ മുന്നിലുള്ളത് ബെംഗളൂരു പാര്‍ക്കാണ്. 3.43 ലക്ഷം പേര്‍ സന്ദര്‍ശനം നടത്തി. ഏപ്രില്‍-ജൂണ്‍ കാലയളവില്‍ കൊച്ചിയിലെ പാര്‍ക്കിലെത്തിയത് 2.50 ലക്ഷം പേരാണ്. ഹൈദരാബാദ് ആണ് മൂന്നാംസ്ഥാനത്ത്, 2.90 ലക്ഷംപേര്‍. ചെന്നൈ (2.42 ലക്ഷം), ഭുവനനേശ്വര്‍ (ഒരുലക്ഷം) എന്നിങ്ങനെയാണ് കണക്ക്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT