പശ്ചിമേഷ്യന്‍ യുദ്ധത്തെ തുടര്‍ന്ന് രാജ്യത്തെ ഇന്ധന ഇറക്കുമതി ചെലവ് നിയന്ത്രിക്കാന്‍ 'വര്‍ക്ക് ഫ്രം ഹോം' വീണ്ടും പ്രോത്സാഹിപ്പിക്കണമെന്ന ചര്‍ച്ചകള്‍ ശക്തമാകുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാഗത്തുനിന്ന് ഇത്തരമൊരു ആഹ്വാനം അനൗദ്യോഗികമായി വന്നു കഴിഞ്ഞു. യുദ്ധം വീണ്ടും കടുത്താല്‍ പ്രതിസന്ധി കൂടുതല്‍ ശക്തമാകുകയും വര്‍ക്ക് ഫ്രം ഹോം ഉള്‍പ്പെടെയുള്ള കടുത്ത നടപടികളിലേക്ക് പോകുകയും ചെയ്‌തേക്കാം. നഗരങ്ങളിലെ ചെറുകിട സമ്പദ്വ്യവസ്ഥ ഇത് ഗുരുതരമായി ബാധിക്കാനിടയുണ്ട്.
കേരളത്തിലെ ചെറുതും വലുതുമായ നഗരങ്ങളില്‍ ഓഫീസുകളെ ആശ്രയിച്ച് ജീവിക്കുന്ന ആയിരക്കണക്കിന് ചെറിയ വ്യാപാരികള്‍, ഓട്ടോ-ടാക്‌സി ഡ്രൈവര്‍മാര്‍, ഹോട്ടല്‍ തൊഴിലാളികള്‍, ചായക്കടകള്‍, സ്റ്റേഷനറി കടകള്‍, പേയിംഗ് ഗസ്റ്റ് ഹോം ഉടമകള്‍ തുടങ്ങിയവര്‍ക്ക് തിരിച്ചടിയാകാമെന്ന ആശങ്ക ഉയരുന്നു.
ഐടി പാര്‍ക്കുകളും ബിസിനസ് കേന്ദ്രങ്ങളും ചുറ്റിപ്പറ്റിയാണ് നഗരങ്ങളിലെ വലിയൊരു ചെറുകിട സമ്പദ്വ്യവസ്ഥ പ്രവര്‍ത്തിക്കുന്നത്. രാവിലെ പ്രഭാതഭക്ഷണം മുതല്‍ ഉച്ചഭക്ഷണം, ചായ, സ്‌നാക്സ്, സ്റ്റേഷനറി സാധനങ്ങള്‍, കാബ്-ഓട്ടോ യാത്രകള്‍ തുടങ്ങി ആയിരക്കണക്കിന് ചെറിയ ഇടപാടുകളാണ് ദിവസവും നടക്കുന്നത്.
വര്‍ക്ക് ഫ്രം ഹോം വ്യാപകമായാല്‍ ഓഫീസ് ജീവനക്കാരുടെ വരവ് കുറഞ്ഞേക്കും. അതോടെ ദിവസേനയുള്ള വില്പനയില്‍ ഇടിവ് സംഭവിക്കുമെന്നാണ് വ്യാപാരികളുടെ ആശങ്ക. കോവിഡ് കാലത്ത് നേരിട്ട നഷ്ടങ്ങളില്‍നിന്ന് പലരും ഇനിയും പൂര്‍ണമായി കരകയറിയിട്ടില്ല. ഇനിയൊരു പ്രതിസന്ധി കൂടി താങ്ങാനുള്ള കരുത്തില്ലെന്നാണ് പലരും പറയുന്നത്.
കോവിഡ് സമയത്ത് ഓഫീസുകള്‍ അടഞ്ഞതോടെ വരുമാനം ഏകദേശം 70% വരെ കുറഞ്ഞിരുന്നുവെന്നാണ് കാക്കനാട് ഇന്‍ഫോപാര്‍ക്കിനടുത്ത് ചെറിയ ഹോട്ടല്‍ നടത്തുന്ന അശോകന്‍ പറയുന്നത്. അതേ സാഹചര്യം വീണ്ടും ഉണ്ടാകുമോയെന്ന ആശങ്കയിലാണ് പലരും. വലിയ വാടക നല്കിയാണ് പലരും കച്ചവട സ്ഥാപനങ്ങള്‍ നടത്തുന്നത്. കച്ചവടം കുറഞ്ഞാല്‍ വാടക നല്കുന്നതിനെ പോലും ബാധിക്കും.
കോവിഡ് കാലത്ത് വര്‍ക്ക് ഫ്രം ഹോം വലിയ പ്രതിസന്ധിയാണ് ഞങ്ങള്‍ക്ക് സമ്മാനിച്ചത്. ഇന്‍ഫോ പാര്‍ക്കില്‍ ജോലി ചെയ്യുന്നവരെ പ്രതീക്ഷിച്ചാണ് വീട്ടില്‍ ഊണ് സെറ്റ് ചെയ്തത്. അവര്‍ വരാതായാല്‍ ആകെയുള്ള വരുമാന മാര്‍ഗം ഇല്ലാതാകും.മിനി ഔസേപ്പ്- ഇന്‍ഫോപാര്‍ക്കിനടുത്ത് ഹോംലി മീല്‍സ് ഷോപ്പ് ഉടമ
ഓഫീസ് യാത്രകളെ ആശ്രയിച്ചാണ് ഓട്ടോ-ടാക്‌സി ഡ്രൈവര്‍മാരുടെ നിലനില്പ് കൂടുതലും. രാവിലെ ഓഫീസിലേക്കും വൈകുന്നേരം മടങ്ങിയും ലഭിക്കുന്ന സ്ഥിരം യാത്രകളാണ് പലര്‍ക്കും പ്രധാന വരുമാന മാര്‍ഗം. വര്‍ക്ക് ഫ്രം ഹോം വ്യാപകമായാല്‍ ഈ യാത്രകളുടെ എണ്ണം കുത്തനെ കുറയാന്‍ സാധ്യതയുണ്ട്. ഇഎംഐ അടച്ച് വാഹനമോടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് ഇത് വലിയ സമ്മര്‍ദ്ദമാകാം. കോവിഡ് സമയത്ത് കടബാധ്യതയിലായ നിരവധി ഡ്രൈവര്‍മാര്‍ ഇനിയും സാമ്പത്തികമായി തിരിച്ചുവന്നിട്ടില്ല.
മൊത്തത്തില്‍ വര്‍ക്ക് ഫ്രം രീതിയിലേക്ക് പോകുന്നത് ദോഷകരമാണ്. ഓട്ടം വലിയതോതില്‍ കുറയും. പലരും ലോണ്‍ എടുത്തും മറ്റുമാണ് ഓട്ടോ വാങ്ങിയിരിക്കുന്നത്. ഓട്ടം കുറഞ്ഞാല്‍ ലോണ്‍ അടവ് തെറ്റും. പ്രതിസന്ധിയിലാകും.വേണു ഉത്തമന്‍ - കൊച്ചി മറൈന്‍ ഡ്രൈവില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍
ഐടി ജീവനക്കാരെ ആശ്രയിച്ച് പ്രവര്‍ത്തിക്കുന്ന പേയിംഗ് ഗസ്റ്റ് സംവിധാനം, ഹോസ്റ്റലുകള്‍ എന്നിവയ്ക്കും തിരിച്ചടി ഉണ്ടാകാമെന്നാണ് റിയല്‍ എസ്റ്റേറ്റ് മേഖലയിലെ വിലയിരുത്തല്‍. ഓഫീസിലെത്തേണ്ട ആവശ്യം കുറഞ്ഞാല്‍ ജീവനക്കാര്‍ സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ സാധ്യതയുണ്ട്. കോവിഡ് കാലത്ത് ഇതേ പ്രവണത നഗരങ്ങളില്‍ കണ്ടിരുന്നു. അന്ന് വാടക നിരക്കുകളില്‍ പോലും ഇടിവുണ്ടായിരുന്നു.
പല കമ്പനികള്‍ക്കും വര്‍ക്ക് ഫ്രം ഹോം ചെലവ് കുറയ്ക്കാന്‍ സഹായിക്കുമെന്ന വിലയിരുത്തലുണ്ട്. വലിയ ഓഫീസ് സ്പേസുകള്‍, വൈദ്യുതി ചെലവ്, ഗതാഗത സംവിധാനം, മറ്റ് സൗകര്യങ്ങള്‍ എന്നിവയില്‍ ചിലവ് കുറയാന്‍ സാധ്യതയുണ്ട്. എന്നാല്‍ ദീര്‍ഘകാല വര്‍ക്ക് ഫ്രം ഹോം ജീവനക്കാരുടെ മാനസികാരോഗ്യത്തെയും ടീം സഹകരണത്തെയും ബാധിക്കാമെന്ന ആശങ്കകളും നിലനില്‍ക്കുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine