ലോകത്തിലെ ഏറ്റവും വലിയ ചരക്കുകപ്പലിനെ സ്വീകരിക്കാനൊരുങ്ങി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. ഏറ്റവും ഇന്ധനക്ഷമതയുള്ള കപ്പലെന്ന ബഹുമതിയും സ്വന്തമായുള്ള എം.എസ്.എസി തുര്‍ക്കി (Turkiye)യാണ് അടുത്ത ദിവസങ്ങളില്‍ എത്തുന്നത്. സൗത്ത് ഏഷ്യയിലെ ഒരു തുറമുഖത്ത് ഇത്രയും വലിയ കപ്പല്‍ എത്തുന്നത് ആദ്യമെന്നാണ് വിഴിഞ്ഞം തുറമുഖ അധികൃതര്‍ പറയുന്നത്. 399.9 മീറ്റര്‍ നീളമുള്ള കപ്പലിന് 24,346 ടി.ഇ.യു (ട്വന്റി ഫുട് ഇക്വലന്റ് യൂണിറ്റ്) കണ്ടെയ്‌നറുകളെ വഹിക്കാനുള്ള ശേഷിയുണ്ട്. നിലവിലെ വിവരമനുസരിച്ച് ഏപ്രില്‍ ഏഴിന് കപ്പല്‍ വിഴിഞ്ഞം തീരത്തെത്തും.
കഴിഞ്ഞ സെപ്റ്റംബറില്‍ വിഴിഞ്ഞത്തെത്തിയ അള്‍ട്രാ ലാര്‍ജ് കണ്ടെയ്‌നര്‍ വെസല്‍ ഇനത്തില്‍ പെട്ട എം.എസ്.സി ക്ലോഡ് ജിറാഡെറ്റിന്റെ റെക്കോഡാണ് ഇതോടെ മാറുന്നത്. 399.99 മീറ്റര്‍ നീളമുള്ള കപ്പലിന് 24,116 ടി.ഇ.യു കണ്ടെയ്‌നറുകള്‍ വഹിക്കാനുള്ള ശേഷിയുണ്ടായിരുന്നു. ഇതടക്കമുള്ള നിരവധി മദര്‍ഷിപ്പുകള്‍ അടക്കം 240ല്‍ കൂടുതല്‍ കപ്പലുകള്‍ നാല് മാസത്തിനുള്ളില്‍ വിഴിഞ്ഞത്ത് എത്തിയെന്നാണ് കണക്ക്. അതേസമയം, വിഴിഞ്ഞം തുറമുഖത്തിന്റെ കവാടത്തിന് സമീപം നിര്‍മിച്ച കസ്റ്റംസ് എമിഗ്രേഷന്‍ ഓഫീസിന്റെ ഔദ്യോഗിക ഉദ്ഘാടനം കഴിഞ്ഞ ആഴ്ച നടന്നു. ഇതോടെ തുറമുഖത്ത് നിന്നും ആഭ്യന്തര ചരക്കുനീക്കവും ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ.
വിഴിഞ്ഞം തുറമുഖത്തെ ദേശീയ പാതയുമായി (എന്‍.എച്ച് 66) ബന്ധിപ്പിക്കുന്നതിന് ദേശീയ പാത അതോറിറ്റി നിര്‍ദേശിച്ചിരുന്ന ക്ലോവര്‍ലീഫ് മാതൃകയിലുള്ള ഇന്റര്‍ചേഞ്ചില്‍ തീരുമാനമെടുക്കാതെ സംസ്ഥാന സര്‍ക്കാര്‍. സാമ്പത്തിക ബുദ്ധിമുട്ടും ഭൂമിയേറ്റെടുക്കുന്നതിലെ തടസങ്ങളുമാണ് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. ഇതിന് പകരം ചെലവ് കുറഞ്ഞ ട്രംപറ്റ് ഇന്റര്‍ചേഞ്ച് മതിയെന്ന നിര്‍ദ്ദേശവും സര്‍ക്കാരിന് മുന്നിലുണ്ട്. ക്ലോവര്‍ലീഫ് മാതൃകയിലുള്ള ഇന്റര്‍ചേഞ്ച് നിര്‍മിക്കാന്‍ 30 ഏക്കര്‍ സ്ഥലം ആവശ്യമുണ്ട്. ഇതിന് 380 കോടി രൂപ ചെലവാകും. പകുതി സംസ്ഥാനം നല്‍കേണ്ടി വരും. നിലവിലെ സാഹചര്യത്തില്‍ താങ്ങാനാകില്ലെന്നാണ് സര്‍ക്കാരിന്റെ വാദം. നാല് സര്‍ക്കുലാര്‍ ലൂപ്പുകളുള്ള ക്ലോവര്‍ലീഫ് ഇന്റര്‍ചേഞ്ചുകള്‍ വാഹനത്തിരക്ക് വലിയ തോതില്‍ കുറയ്ക്കുകയും ഏറെക്കാലം നീണ്ടുനില്‍ക്കുകയും ചെയ്യും. സിംഗിള്‍ ലൂപ്പ് മാത്രമുള്ള ട്രംപറ്റ് ഇന്റര്‍ചേഞ്ചുകള്‍ നിര്‍മിക്കാന്‍ കുറഞ്ഞ സ്ഥലം മതിയെന്നതാണ് പ്രത്യേകത.
Read DhanamOnline in English
Subscribe to Dhanam Magazine