News & Views

കോഴിക്കോട് വിമാനാപകടം ഒഴിവാക്കാമായിരുന്നത്, സുപ്രീം കോടതിയില്‍ പരാതി

Dhanam News Desk

കോഴിക്കോട് വിമാനാപകടം ഒഴിവാക്കാനാവുമായിരുന്നുവെന്നും അക്കാര്യത്തില്‍ വ്യോമയാന മന്ത്രാലയവും ഡയക്റ്ററേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനും (ഡിജിസിഎ) കുറ്റകരമായ അലംഭാവം കാട്ടിയെന്നും ആരോപിച്ച് സുപ്രീം കോടതിയില്‍ റിട്ട് ഹര്‍ജി. റിട്ടയേര്‍ഡ് മെക്കാനിക്കല്‍ എന്‍ജിനീയറായ രാജന്‍ മേത്ത എന്നയാളാണ് ഇതു സംബന്ധിച്ച് പരാതി നല്‍കിയിരിക്കുന്നത്.

റണ്‍വേയില്‍ നിന്ന് തെന്നിമാറിയുള്ള അപകടങ്ങള്‍ ചെറുക്കുന്ന എന്‍ജിനീയേര്‍ഡ് മെറ്റീരിയല്‍ അറസ്റ്റിംഗ് സിസ്റ്റം (ഇഎംഎഎസ്) സ്ഥാപിച്ചിരുന്നുവെങ്കില്‍ അപകടത്തിന്റെ വ്യാപ്തി കുറയുമായിരുന്നുവെന്നാണ് ഹര്‍ജിയില്‍ ചൂണ്ടികാട്ടുന്നത്. ഇതേകുറിച്ച് വ്യക്തമായ അറിവുണ്ടായിട്ടും അനാസ്ഥ കാട്ടിയ മന്ത്രാലയത്തിനും ഡിജിസിഎക്കും എതിരേ അന്വേഷണവും നടപടിയും ഉണ്ടാവണമെന്നാണ് രാജന്‍ മേത്തയുടെ ആവശ്യം.

റണ്‍വേയില്‍ നിന്ന് തെന്നിമാറുന്ന വിമാനങ്ങളെ തടയാനുള്ളതാണ് എഎംഎസ് സിസ്റ്റം. വിമാനം ഇടിക്കുമ്പോള്‍ പൊട്ടിപ്പോകുന്ന ഇത് വിമാനത്തിന്റെ വേഗത കുറച്ച് നില്‍ക്കാന്‍ സഹായിക്കും. കോഴിക്കോട്, മംഗലാപുരം, ബാഗ്‌ദോഗ്ര, ഷിംല തുടങ്ങിയ വിമാനത്താവളങ്ങള്‍ക്കും അനുയോജ്യമാണ് ഇതെന്ന് ഹര്‍ജിയില്‍ പറയുന്നു. 1996 ല്‍ ന്യൂയോര്‍ക്കിലാണ് ഇതാദ്യമായി പരീക്ഷിച്ചത്. ഇന്ന് ലോകവ്യാപകമായി 125 വിമാനത്താവളങ്ങളില്‍ ഉപയോഗിക്കുന്നുമുണ്ട്. യുഎസില്‍ മാത്രം ചുരുങ്ങിയത് 15 അപകടങ്ങള്‍ ഇതിലൂടെ ഇല്ലാതാക്കിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഇഎംഎഎസ് സംവിധാനത്തെ കുറിച്ച് നേരത്തെ തന്നെ അറിവുണ്ടായിരുന്നെങ്കിലും രാജ്യത്തെ അപകടകരമായ വിമാനത്താവളങ്ങളില്‍ ഇത് സ്ഥാപിക്കുന്നതില്‍ അലംഭാവം കാട്ടിയെന്നും അല്ലെങ്കില്‍ 2010 ല്‍ നടന്ന മംഗാലാപുരം വിമാനാപകടവും ഈ വര്‍ഷം നടന്ന 18 പേരുടെ ജീവന്‍ കവര്‍ന്ന കോഴിക്കോട് വിമാനാപകടവും തടയാമായിരുന്നുവെന്നും രാജന്‍ മേത്ത സുപ്രീംകോടതിയെ ബോധിപ്പിച്ചു.

ഹര്‍ജിയെ തുടര്‍ന്ന് സുപ്രീം കോടതി വ്യോമയാന മന്ത്രാലയത്തിനും ഡിജിസിഎക്കും നോട്ടീസ് അയച്ചിട്ടുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam YouTube Channel – youtube.com/dhanammagazine

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT