News & Views

കാര്യം പറഞ്ഞതിന് പിരിച്ചുവിടല്‍; 'യെസ് മാഡ'ത്തോട് നോ പറഞ്ഞ് സോഷ്യല്‍ മീഡിയ; വിശദീകരണവുമായി കമ്പനി

100 പേരെ പിരിച്ചുവിട്ടെന്ന് എച്ച്.ആര്‍ മാനേജര്‍, നിഷേധിച്ച് മാനേജ്‌മെന്റ്

Dhanam News Desk

കമ്പനിയില്‍ ജോലി സമ്മര്‍ദ്ദമുണ്ടെന്ന് സര്‍വെയില്‍ പറഞ്ഞ ജീവനക്കാരെ പിരിച്ചു വിട്ട 'യെസ് മാഡം' കമ്പനിയുടെ നിലപാട് ശരിയോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ സജീവം. നോയിഡയിലെ ബ്യൂട്ടി ആന്റ് സ്പാ സ്റ്റാര്‍ട്ടപ്പ് കമ്പനിയായ യെസ് മാഡത്തിനെതിരെയാണ് പ്രതിഷേധം ശക്തമായത്. ജീവനക്കാരെ പിരിച്ചുവിട്ടെന്ന പ്രചരണം ശരിയല്ലെന്ന് കമ്പനി വിശദീകരിച്ചു. ആരെയും പിരിച്ചുവിട്ടിട്ടില്ലെന്നും ജീവനക്കാര്‍ക്ക് വിശ്രമം അനുവദിച്ചതാണെന്നുമാണ് കമ്പനിയുടെ വിശദീകരണം.

പിരിച്ചുവിട്ടത് 100 പേരെ?

യെസ് മാഡത്തിലെ 100 പേരെ പിരിട്ടുവിട്ടതായാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരണം നടക്കുന്നത്. കമ്പനിയിലെ എച്ച്.ആര്‍ മാനേജര്‍ അഷു അറോറ ഝായുടെ ഇമെയില്‍ സന്ദേശമാണ് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. ''യെസ് മാഡത്തില്‍ എന്താണ് സംഭവിക്കുന്നത്? ആദ്യം അവര്‍ സര്‍വ്വെ നടത്തി, ജോലി സമ്മര്‍ദ്ദമുണ്ടെന്ന് പറഞ്ഞ ജീവനക്കാരെ പിരിച്ചു വിട്ടു.'' അഷു അറോറയുടെ ഇമെയില്‍ സന്ദേശത്തില്‍ പറഞ്ഞു. എച്ച്.ആര്‍.ഡിപാര്‍ട്‌മെന്റിന്റെ ഇമെയിലിന്റെ സ്‌ക്രീന്‍ഷോട്ടും അഷു അറോറ ഷെയര്‍ ചെയ്തിരുന്നു. ഇത് പിന്നീട് ഇന്‍ഡിഗോ അസോസിയേറ്റ് ഡയരക്ടര്‍ ഷിതിഷ് ഡോഗ്ര ലിങ്ക്ഡ്ഇനില്‍ ഷെയര്‍ ചെയ്തതോടെയാണ് കൂടുതല്‍ പേര്‍ അറിഞ്ഞത്. കമ്പനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ശക്തമായതോടെ മാനേജ്‌മെന്റ് വിശദീകരണവുമായി രംഗത്തെത്തി.

'സന്തോഷിക്കുന്ന മനസാണ് പ്രധാനം'

ജീവനക്കാര്‍ക്ക് സ്വയം പുന:ക്രമീകരിക്കാനുള്ള അവധിയാണ് നല്‍കിയതെന്നാണ് കമ്പനിയുടെ വിശദീകരണം. ''സമ്മര്‍ദ്ദമുള്ള ചുമലിനേക്കാള്‍ സന്തോഷിക്കുന്ന മനസുകളാണ് കമ്പനിയുടെ നട്ടെല്ലെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. ജീവനക്കാര്‍ക്ക് സമ്മര്‍ദ്ദ മുക്തമാകുന്നതിന് വര്‍ഷത്തില്‍ പ്രത്യേകമായി ആറ് ലീവുകള്‍ യെസ് മാഡം അനുവദിക്കുന്നുണ്ട്. ജീവനക്കാര്‍ക്ക് സൗജന്യമായി സ്പാ സെഷനും നല്‍കുന്നു''. മാനേജ്‌മെന്റ് വിശദീകരിച്ചു. മനുഷ്യത്വ രഹിതമായ നിലപാട് കമ്പനിയുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ലെന്നും മാനേജ്‌മെന്റ് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT