News & Views

കോളജ് ഡ്രോപ്പൗട്ടുകള്‍ ഇന്ന് നയിക്കുന്നത് ₹52,400 കോടിയുടെ ബിസിനസ് സാമ്രാജ്യം, ശതകോടീശ്വര പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ ഇവരുടെ കമ്പനി നിങ്ങളറിയും

അതേസമയം, സ്വയം നിര്‍മിത സംരംഭകരുടെ പട്ടികയില്‍ ഒന്നാമതെത്തിയത് സൊമാറ്റോ (എറ്റേണല്‍) സ്ഥാപകന്‍ ദീപീന്ദര്‍ ഗോയലാണ്

Dhanam News Desk

ഇന്ത്യയിലെ സ്വയം നിര്‍മ്മിത സംരംഭകരുടെ (Self-made entrepreneurs) പട്ടികയില്‍ തിളങ്ങി ക്വിക്ക്-കൊമേഴ്‌സ് ആപ്പായ സെപ്‌റ്റോയുടെ സ്ഥാപകര്‍. ഐ.ഡി.എഫ്.സി ഫസ്റ്റ് പ്രൈവറ്റും ഹുറൂണ്‍ ഇന്ത്യയും ചേര്‍ന്ന് പുറത്തിറക്കിയ ടോപ്പ് 200 സെല്‍ഫ് മെയ്ഡ് എന്‍ട്രപ്രണേഴ്‌സ് ഓഫ് ദ മില്ലേനിയ 2025 പട്ടികയിലാണ് ഇരുവരും ഇടംപിടിച്ചത്. കൈവല്യ വോറയ്ക്ക് 22ും ആദിത് പലീച്ചയ്ക്ക് 23 വയസുമാണ് പ്രായം.

ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പ് രംഗത്ത് യുവത്വത്തിന്റെ കുതിച്ചുചാട്ടമാണ് ഇവരുടെ നേട്ടം തെളിയിക്കുന്നത്. ഏകദേശം 52,400 കോടി രൂപയാണ് സെപ്‌റ്റോയുടെ നിലവിലെ മൂല്യം. അധികം വൈകാതെ കമ്പനി ഓഹരി പ്രവേശനം നടത്തുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നത്.

ഭാരത്പേയുടെ (BharatPe) സഹസ്ഥാപകന്‍ ശാശ്വത് നക്രാനിയാണ് പട്ടികയിലെ മറ്റൊരു താരം. 27-കാരനായ ശാശ്വത് പ്രായം കുറഞ്ഞ സംരംഭകരുടെ പട്ടികയില്‍ സെപ്‌റ്റോ സ്ഥാപകര്‍ക്ക് തൊട്ടുപിന്നിലുണ്ട്. 32 വയസിന് താഴെയുള്ള സംരംഭകരെയാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിരിക്കുന്നത്.

സാത്വിക് ഗ്രീന്‍ എനര്‍ജീസിന്റെ മാണിക് ഗാര്‍ഗ്, റെയ്‌സണ്‍ സോളാറിന്റെ ഹാര്‍ദിക് കൊതിയ, ഓയോയുടെ റിതേഷ് അഗര്‍വാള്‍, ഷെയര്‍ചാറ്റിന്റെ അങ്കുഷ് സച്ച്‌ദേവ, സ്മാര്‍ട്ട് വര്‍ക്കിന്റെ നീതിഷ് സര്‍ദ, സ്ലൈസിന്റെ രാജന്‍ ബജാജ്, ട്രൂആര്‍ട്ട് ബയോഎനര്‍ജിയുടെ വിരാജ് നിരാനി എന്നിവരും പട്ടികയിലുണ്ട്.

ദീപീന്ദര്‍ ഗോയലിന് ഒന്നാം സ്ഥാനം

അതേസമയം, സ്വയം നിര്‍മിത സംരംഭകരുടെ പട്ടികയില്‍ ഒന്നാമതെത്തിയത് സൊമാറ്റോ (എറ്റേണല്‍) സ്ഥാപകന്‍ ദീപീന്ദര്‍ ഗോയലാണ്. അവന്യൂ സൂപ്പര്‍ മാര്‍ക്കറ്റിന്റെ രാധാകൃഷ്ണ ദമാനിയെ പിന്നിലാക്കിയാണ് ഗോയലിന്റെ കുതിപ്പ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 27 ശതമാനം വര്‍ധിച്ച ഗോയലിന്റെ സമ്പത്തിന്റെ മൂല്യം 3.2 ലക്ഷം കോടി രൂപയായി. ദമാനിയുടേത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 13 ശതമാനം കുറഞ്ഞ് 3 ലക്ഷം കോടി രൂപയായി.

ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ മാതൃസ്ഥാപനമായ ഇന്റര്‍ഗ്ലോബ് ഏവിയേഷന്റെ രാഹുല്‍ ഭാട്ടിയ, രാഗേഷ് ഗംഗാവാള്‍ എന്നിവര്‍ ടോപ് 3 ലെത്തി. 2.2 ലക്ഷം കോടിരൂപയാണ് കമ്പനിയുടെ മൂല്യം.

Zepto founders Kaivalya Vohra and Aadit Palicha have entered Hurun–IDFC First’s top self-made entrepreneurs list, with the quick-commerce firm valued at ₹52,400 crore.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT