ക്വിക്ക് കൊമേഴ്‌സ് രംഗത്തെ മുന്‍നിരക്കാരായ സെപ്‌റ്റോ (Zepto) പ്രാഥമിക ഓഹരിവില്പനയ്ക്ക് ഒരുങ്ങുന്നു. അടുത്തയാഴ്ച കമ്പനി സെബിക്ക് അപേക്ഷ നല്കുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എതിരാളികളോട് മത്സരിക്കുന്നതിനായി കൂടുതല്‍ മൂലധനം സമാഹരിക്കുന്നതിന്റെ ഭാഗമായാണ് സെപ്‌റ്റോയും ഐപിഒയ്ക്ക് തയാറാകുന്നത്.
ഐപിഒ വഴി പുതിയ ഓഹരികളുടെ വില്പനയ്‌ക്കൊപ്പം നിലവിലുള്ള നിക്ഷേപകരുടെ ഓഫര്‍ ഫോര്‍ സെയിലും ഉണ്ടാകും. ബിസിനസ് വിപുലീകരണം ലക്ഷ്യമിട്ടുള്ള ഐപിഒ എന്നത്തേക്കാകും നടക്കുകയെന്ന കാര്യം സെബി അനുമതിക്ക് ശേഷമേ അറിയാന്‍ സാധിക്കൂ.
ആക്‌സിസ് ബാങ്ക്, മോട്ടിലാല്‍ ഒസ്‌വാള്‍ ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസേഴ്‌സ്, മോര്‍ഗന്‍ സ്റ്റാന്‍ലി, എച്ച്എസ്ബിസി ഹോള്‍ഡിംഗ്‌സ്, ഗോള്‍ഡ്മാന്‍ സാച്‌സ് ഗ്രൂപ്പ് എന്നീ കമ്പനികളാകും ഐപിഒ നടപടികള്‍ നിയന്ത്രിക്കുക.
ഇന്ത്യയില്‍ ക്വിക്ക് കൊമേഴ്‌സ് രംഗം വലിയ പരിവര്‍ത്തന ഘട്ടത്തിലാണ്. കടുത്ത മത്സരമാണ് ഈ രംഗത്ത് നടക്കുന്നത്. വിപണി പിടിക്കാനുള്ള പോരാട്ടത്തില്‍ എതിരാളികളോട് മത്സരിക്കാനുള്ള നീക്കമാണ് സെപ്‌റ്റോയുടെ ഭാഗത്തു നിന്നുണ്ടാകുന്നത്.
മുംബൈ ആസ്ഥാനമായി ആദിത് പലിച്ച, കൈവല്യ വോറ എന്നിവര്‍ പതിനേഴാം വയസില്‍ സ്ഥാപിച്ച സ്റ്റാര്‍ട്ടപ്പാണ് സെപ്‌റ്റോ. തുടക്കത്തില്‍ കിരാനകാര്‍ട്ട് (Kiranakart) എന്നായിരുന്നു പേര്. 2021ലാണ് സെപ്‌റ്റോ എന്ന പേരിലേക്ക് മാറിയത്. ആസ്ഥാനം മുംബൈയില്‍ നിന്ന് ബെംഗളൂരുവിലേക്ക് മാറ്റുകയും ചെയ്തു.
ബിസിനസ് സ്വപ്നം കണ്ട്, സ്റ്റാന്‍ഫോര്‍ഡ് യൂണീവേഴ്സിറ്റിയിലെ പഠനം ഉപേക്ഷിച്ചാണ് ഇവര്‍ സെപ്റ്റോ ആരംഭിക്കുന്നത്. 10 മിനിട്ടില്‍ പലചരക്ക് സാധനങ്ങള്‍ എത്തിച്ചുകൊടുക്കും എന്നതാണ് സെപ്റ്റോയുടെ പ്രത്യേകത. ദുബൈയില്‍ ജനിച്ചുവളര്‍ന്ന വോറയും ആദിത്തും കോവിഡ് ലോക്ക്ഡൗണ്‍ സമയത്താണ് പ്ലാറ്റ്ഫോം തുടങ്ങിയത്.
ചെറുകടകളുമായി ചേര്‍ന്ന് ഡെലിവറി സേവനം നല്‍കിയ കിരാനകാര്‍ട്ട് വളരെ വേഗം തന്നെ സെപ്റ്റോ ആയി മാറി. പലചരക്കുകള്‍ക്കൊപ്പം കാപ്പിയും ചായയും വരെ ഇന്ന് സെപ്റ്റോ എത്തിച്ചു നല്‍കുന്നുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine