Image : File 
News & Views

സമ്പത്തിന്റെ പാതിയും ദാനം ചെയ്യാന്‍ ഇന്ത്യയില്‍ നിന്ന് നിഖില്‍ കാമത്ത് മാത്രം

'ഗിവിംഗ് പ്ലെഡ്ജി'ല്‍ ഒപ്പുവെച്ച ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി

Dhanam News Desk

സമ്പത്തിന്റെ പാതിയും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവയ്ക്കുമെന്ന് സീറോധയുടെ (Zerodha)സഹസ്ഥാപകനായ നിഖില്‍ കാമത്ത്. ലോകമെമ്പാടുമുള്ള നിരവധി സമ്പന്നര്‍ക്കൊപ്പം ചേര്‍ന്ന് 'ഗിവിംഗ് പ്ലെഡ്ജി'ല്‍ (Giving Pledge)ഒപ്പുവെച്ചിരിക്കുകയാണ് നിഖില്‍. കാലാവസ്ഥാ വ്യതിയാനം, മെച്ചപ്പെട്ട വിദ്യാഭ്യാസം, ആരോഗ്യപരിപാലനം തുടങ്ങിയ മേഖലകളിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായിട്ടായിട്ടാണ് തന്റെ സമ്പത്തിന്റെ 50 ശതമാനം നല്‍കുമെന്ന് നിഖില്‍ കാമത്ത് പ്രതിജ്ഞയെടുത്തത്.

ഒരേ ഒരു ഇന്ത്യന്‍

ലിങ്ക്ഡ്ഇന്‍ സഹസ്ഥാപകന്‍ റീഡ് ഹോഫ്മാന്‍, ടെസ്ല സിഇഒ ഇലോണ്‍ മസ്‌ക്, ക്യാന്‍വ സഹസ്ഥാപകരായ മെലാനി പെര്‍കിന്‍സ്, ക്ലിഫ് ഒബ്രെക്റ്റ് എന്നിവരുള്‍പ്പെടെ 29 രാജ്യങ്ങളില്‍ നിന്നുള്ള ഏകദേശം 241 ജീവകാരുണ്യപ്രവര്‍ത്തകരാണ് ഈ വര്‍ഷം ഗിവിംഗ് പ്ലെഡ്ജില്‍ ഒപ്പിട്ടത്.

ഈ ലിസ്റ്റിലെ ഒരേ ഒരു ഇന്ത്യക്കാരനാണ് നിഖില്‍ കാമത്ത്. മാത്രമല്ല ആഗോളതലത്തില്‍ ഇതിന്റെ ഭാഗമായവരില്‍ ഇത്തവണ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും 35 വയസ്സുകാരനായ നിഖില്‍ കാമത്ത് ആണ്.

'ക്രിയാത്മകമായി ലോകത്തെ സ്വാധീനിക്കാന്‍ ഞാന്‍ പ്രതിജ്ഞാബദ്ധനാണ്. തുല്യതയുള്ള ഒരു സമൂഹം സൃഷ്ടിക്കുന്നതിനുള്ള ദൗത്യത്തിനായി എന്റെ മൂല്യങ്ങളെയും അഭിലാഷങ്ങളെയും ഞാന്‍ ചേര്‍ത്തുവയ്ക്കുന്നു', കാമത്ത് തന്റെ പ്രതിജ്ഞ അറിയിച്ചുകൊണ്ടുള്ള കത്തില്‍ പറഞ്ഞു.

നിഖിലും നിതിനും ചേര്‍ന്ന് 750 കോടി

ഹുറൂണ്‍ ഇന്ത്യ ഫിലാന്ത്രോപ്പി ലിസ്റ്റ് - 2022 പ്രകാരം കാമത്ത് തന്റെ സഹോദരനും സീറോധ സഹസ്ഥാപകനുമായ നിതിന്‍ കാമത്തിനൊപ്പം 2022-ല്‍ 100 കോടി രൂപ സംഭാവന ചെയ്തു. ഇത് മുന്‍വര്‍ഷത്തേക്കാള്‍ 300 ശതമാനം കൂടുതലാണ്. മാത്രമല്ല, അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 750 കോടി രൂപ ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തിന് തിരികെ നല്‍കാന്‍ പദ്ധതിയിട്ടിരിക്കുകയാണെന്നാണ് ഇരുവരും 2021-ല്‍ പ്രഖ്യാപിച്ചത്. ഈ വാക്ക് പാലിക്കുകയാണ് സീറോധ സഹോദരന്മാര്‍ തങ്ങളുടെ വിവിധ പ്രവര്‍ത്തനങ്ങളിലൂടെ. ഫോബ്‌സ് ലിസ്റ്റ് അനുസരിച്ച് 110 കോടി യു.എസ് ഡോളറാണ് നിഖില്‍ കാമത്തിന്റെ ആസ്തി, നിതിന്‍ കാമത്തിന്റേത് 270 കോടി യു.എസ് ഡോളറും.

ഗിവിംഗ് പ്ലെഡ്ജ് (Giving Pledge)

ലോകമെമ്പാടുമുള്ള ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി 2010 ല്‍ വാറന്‍ ബഫറ്റ്, ബില്‍ ഗേറ്റ്‌സ്, മെലിന്‍ഡ ഫ്രഞ്ച് ഗേറ്റ്‌സ് എന്നിവര്‍ ചേര്‍ന്ന് തുടക്കം കുറിച്ചതാണ് 'ഗിവിംഗ് പ്ലെഡ്ജ്' പദ്ധതി. വ്യവസായ പ്രമുഖരായ ലോക സമ്പന്നന്മാരും കലാസാംസ്‌കാരിക രംഗത്തെ സെലിബ്രിറ്റികളും ഈ പ്രതിജ്ഞയുടെ ഭാഗമാകാറുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT