Image courtesy: zomato 
News & Views

ഓണ്‍ലൈന്‍ ഭക്ഷണത്തിനും ചെലവേറുന്നു; പ്ലാറ്റ്‌ഫോം നിരക്കുകള്‍ വര്‍ധിപ്പിച്ച് സൊമാറ്റോ

പശ്ചിമേഷ്യന്‍ യുദ്ധം മൂലം ഹോട്ടലുകളും റസ്‌റ്റോറന്റുകളും പ്രതിസന്ധി നേരിടുന്നത് ഓണ്‍ലൈന്‍ ഭക്ഷണവിതരണത്തെയും ബാധിക്കുന്നുണ്ട്

Dhanam News Desk

പശ്ചിമേഷ്യന്‍ യുദ്ധം തുടങ്ങിയ ശേഷം വാണിജ്യ സിലിണ്ടറുകളുടെ ലഭ്യത വന്‍തോതില്‍ കുറഞ്ഞിരുന്നു. പാചകവാതക പ്രതിസന്ധി രൂക്ഷമായതോടെ കേരളത്തിലെ ഒട്ടുമിക്ക ഹോട്ടലുകളും അടച്ചുപൂട്ടുകയോ പ്രവര്‍ത്തനം നിജപ്പെടുത്തുകയോ ചെയ്തിട്ടുണ്ട്. ഓണ്‍ലൈന്‍ ആപ്പുകളെ ആശ്രയിച്ച് ഭക്ഷണം കഴിച്ചിരുന്ന പലരെയും പ്രതിസന്ധി വലിയതോതില്‍ ബാധിക്കുകയും ചെയ്തു.

ഇപ്പോഴിതാ പ്രമുഖ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോ ഓരോ ഓര്‍ഡറിനുമുള്ള പ്ലാറ്റ്‌ഫോം ഫീസ് വര്‍ധിപ്പിച്ചിരിക്കുകയാണ്. ഇപ്പോള്‍ ഓരോ ഓര്‍ഡറിനും 14.90 രൂപയാണ് ഫീസ്. മുമ്പ് ഇത് ഏകദേശം 12.50 രൂപ ആയിരുന്നു. 20 ശതമാനത്തിന് മുകളിലാണ് വര്‍ധന. മറ്റൊരു ഫുഡ് ഡെലിവറി ആപ്പായ സ്വിഗ്ഗി ഇതുവരെ നിരക്ക് വര്‍ധന പ്രഖ്യാപിച്ചിട്ടില്ല.

പുതിയ നിരക്കുകള്‍ രാജ്യത്തുടനീളം പ്രാബല്യത്തില്‍ വന്നതായി സൊമാറ്റോ അറിയിച്ചിട്ടുണ്ട്. ഡെലിവറി ചാര്‍ജുകളും ജിഎസ്ടിയും ഉള്‍പ്പെടെ മൊത്തം ബില്‍ കുത്തനെ ഉയരുന്നത് ഓണ്‍ലൈനില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നവരെ ബാധിക്കും.

ബുക്കിംഗിലും പ്രതിസന്ധി

ഘട്ടംഘട്ടമായി പ്ലാറ്റ്‌ഫോം നിരക്കുകള്‍ വര്‍ധിപ്പിക്കുകയെന്ന തന്ത്രമാണ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ പയറ്റുന്നത്. 2023ല്‍ വെറും 2രൂപ ആയി ആരംഭിച്ച പ്ലാറ്റ്‌ഫോം ഫീസ്, ഘട്ടംഘട്ടമായി ഉയര്‍ത്തിയാണ് സൊമാറ്റോ ഇപ്പോള്‍ 14.90രൂപ വരെ എത്തിച്ചിരിക്കുന്നത്.

പശ്ചിമേഷ്യന്‍ യുദ്ധം മൂലം ഹോട്ടലുകളും റസ്‌റ്റോറന്റുകളും പ്രതിസന്ധി നേരിടുന്നത് ഓണ്‍ലൈന്‍ ഭക്ഷണവിതരണത്തെയും ബാധിക്കുന്നുണ്ട്. പല നഗരങ്ങളിലും ബുക്കിംഗിനും വിതരണത്തിനും കാലതാമസം നേരിടുന്നുണ്ട്. ഹോട്ടലുകളുടെ എണ്ണം കുറഞ്ഞതോടെ തുറന്നു പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളില്‍ തിരക്ക് വര്‍ധിച്ചതാണ് കാരണം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT