News & Views

സുഡിയോ വെറുമൊരു ഫാഷന്‍ ബ്രാന്‍ഡല്ല! 339 നഗരങ്ങളില്‍ സാന്നിധ്യം, ടാറ്റയുടെ ലാഭം ₹490 കോടി; വിജയരഹസ്യം എന്ത്?

രണ്ടാം പാദത്തില്‍ 9% ലാഭവര്‍ധന; രാജ്യത്തും വിദേശത്തുമായി സുഡിയോ, വെസ്റ്റ്സൈഡ് സ്റ്റോറുകളുടെ വിപുലീകരണം തുടരുന്നു

Dhanam News Desk

ടാറ്റ ഗ്രൂപ്പിന്റെ വെസ്റ്റ്‌സൈഡ് (westside), സുഡിയോ (zudio) എന്നീ ഫാഷന്‍ ബ്രാന്‍ഡുകളുടെ മാതൃകമ്പനിയായ ട്രെന്റ് ലിമിറ്റഡിന്റെ (Trent ltd) സെപ്റ്റംബര്‍ പാദഫലങ്ങള്‍ പുറത്തുവന്നു. ലാഭത്തില്‍ മുന്‍ വര്‍ഷം സമാനപാദത്തേക്കാള്‍ 9 ശതമാനം വര്‍ധന രേഖപ്പെടുത്തി. ലാഭം 490 കോടി രൂപയായി ഉയര്‍ന്നു. മുന്‍ വര്‍ഷം സമാനപാദത്തില്‍ 451 കോടി രൂപയായിരുന്നു ലാഭം. ഫാഷന്‍, ലൈഫ്‌സ്റ്റൈല്‍ മേഖലയില്‍ വലിയ വളര്‍ച്ച നേടാനായതാണ് കമ്പനിക്ക് ഗുണമായത്.

ടാറ്റ ഗ്രൂപ്പ് കമ്പനിയുടെ വരുമാനം ഇക്കാലയളവില്‍ 23 ശതമാനം ഉയര്‍ന്ന് 5,788 കോടി രൂപയായി. മുന്‍ വര്‍ഷം സമാനപാദത്തിലിത് 4,724 കോടി രൂപയായിരുന്നു. എബിറ്റാഡ (EBITDA) 37 ശതമാനമായി ഉയര്‍ന്ന് 785 കോടി രൂപയായി.

സെപ്റ്റംബര്‍ പാദത്തിലാണ് ട്രെന്റിന്റെ കുറഞ്ഞ വിലയ്ക്കുള്ള ഫാഷന്‍ ഉത്പന്നങ്ങള്‍ വില്‍ക്കുന്ന സുഡിയോ തങ്ങളുടെ സ്‌റ്റോറുകളുടെ എണ്ണം 1,000ത്തിലെത്തിച്ചത്. നിലവില്‍ 339 നഗരങ്ങളിലായി 1,300 സുഡിയോ,വെസ്റ്റ്‌സൈഡ് സ്‌റ്റോറുകള്‍ ട്രെന്റിനുണ്ട്. ഇതില്‍ 311 എണ്ണം വെസ്റ്റ്‌സൈഡ് സ്‌റ്റോറുകളാണ്.

ഓണ്‍ലൈന്‍ വില്‍പനയിലും മുന്നേറ്റം

വസ്ത്രങ്ങള്‍ക്ക് പുറമെ ബ്യൂട്ടി, പേഴ്‌സണല്‍ കെയര്‍, ഇന്നര്‍വെയര്‍, പാദരക്ഷകള്‍ തുടങ്ങിയ വിഭാഗങ്ങളും ട്രെന്റിന്റെ വളര്‍ച്ചയ്ക്ക് കരുത്തേകി. രണ്ടാം പാദത്തിലെ മൊത്തം വരുമാനത്തിന്റെ 21 ശതമാനത്തിലധികം ഇത്തരം വിഭാഗങ്ങളില്‍ നിന്നായിരുന്നു. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ആറുമാസത്തില്‍ വെസ്റ്റ്സൈഡിന്റെ ഓണ്‍ലൈന്‍ വരുമാനം 20% വര്‍ധിച്ചു. വെസ്റ്റ്സൈഡിന്റെ മൊത്തം വരുമാനത്തില്‍ ഓണ്‍ലൈന്‍ ബിസിനസിന്റെ പങ്ക് 6 ശതമാനത്തിലധികമാണ്.

ട്രെന്റിന്റെ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് പടിയിറങ്ങാനൊരുങ്ങുന്ന നോയല്‍ ടാറ്റയെ സംബന്ധിച്ചും ഈ പാദഫലം ശ്രദ്ധേയമാണ്. ചെറിയൊരു ഫാഷന്‍ റീട്ടെയില്‍ സംരംഭത്തില്‍ നിന്ന് രാജ്യത്തെ മുന്‍നിര കമ്പനികളിലൊന്നായി ട്രെന്റിനെ വളര്‍ത്താന്‍ അദ്ദേഹത്തിന് സാധിച്ചു.

കുറഞ്ഞ വിലയില്‍ ട്രെന്‍ഡിയായ ഫാഷന്‍ ഉല്‍പന്നങ്ങള്‍ ലഭ്യമാക്കുന്ന ബിസിനസ് മോഡലാണ് സുഡിയോയുടെ വളര്‍ച്ചയ്ക്ക് പിന്നിലെ പ്രധാന ഘടകം. യുവാക്കളെയും ഇടത്തരം വരുമാനക്കാരെയും ലക്ഷ്യമിട്ട് താങ്ങാവുന്ന വിലയില്‍ വസ്ത്രങ്ങളും ഫാഷന്‍ ആക്സസറീസും വിപണിയിലെത്തിക്കുന്ന സുഡിയോ, വന്‍തോതിലുള്ള വില്‍പനയിലൂടെയാണ് (Volume-driven Business) ബിസിനസ് വളര്‍ത്തുന്നത്. പുതിയ ഫാഷന്‍ ട്രെന്‍ഡുകള്‍ക്കനുസരിച്ച് ഉല്‍പന്നങ്ങള്‍ വേഗത്തില്‍ വിപണിയിലെത്തിക്കുന്നതും ചെറുനഗരങ്ങളിലേക്കുള്‍പ്പെടെ സ്റ്റോറുകള്‍ വ്യാപിപ്പിക്കുന്നതും കമ്പനിയുടെ തന്ത്രമാണ്.

ഓഹരിയില്‍ കുതിപ്പ്

മികച്ച രണ്ടാംപാദ ഫലം പുറത്തുവന്നതിന്റെ ആവേശം ഓഹരികളിലും പ്രകടമാണ്. ഇന്ന് (ഒക്ടോബര്‍ 30) ഇതുവരെ ഓഹരിവില ആറുശതമാനത്തോളം ഉയര്‍ന്നു. കഴിഞ്ഞ ഒരുമാസത്തിനിടെ 15 ശതമാനം നേട്ടം നിക്ഷേപകര്‍ക്ക് നല്‍കാന്‍ ട്രെന്റ് ലിമിറ്റഡ് ഓഹരികള്‍ക്ക് സാധിച്ചു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT