കുടിയേറ്റ വിരുദ്ധ നിലപാടുകളുമായി മുന്നോട്ടു പോകുന്ന ട്രംപ് ഭരണകൂടം അടുത്തതായി ഉന്നം വെക്കുന്നത് വിദേശ വിദ്യാര്‍ത്ഥികളെ. ഓപ്ഷണൽ പ്രാക്ടിക്കൽ ട്രെയിനിംഗ് (OPT) വർക്ക് ഓതറൈസേഷൻ ഇല്ലാതാക്കുന്നതിനുള്ള ബിൽ കോൺഗ്രസിൽ അവതരിപ്പിച്ചിരിക്കുകയാണ് ട്രംപ് ഭരണകൂടം. ബില്‍ പാസായാല്‍ രാജ്യം വിടേണ്ടി വരുമെന്ന പരിഭ്രാന്തിയിലാണ് വിദേശ വിദ്യാര്‍ത്ഥികള്‍.
സയൻസ്, ടെക്നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്സ് (STEM) വിദ്യാർത്ഥികൾക്ക് ബിരുദം നേടിയ ശേഷം മൂന്ന് വർഷം വരെ യുഎസിൽ തുടരാനും ജോലി കണ്ടെത്താനും അനുവദിക്കുന്ന പ്രോഗ്രാമാണ് ഒ.പി.ടി. 2023-24 അധ്യയന വർഷത്തിൽ യുഎസിൽ മൂന്ന് ലക്ഷത്തിലധികം ഇന്ത്യൻ വിദ്യാർത്ഥികളാണ് ഈ വിഭാഗത്തിലുളളത്. ഒ.പി.ടി ഇല്ലാതാക്കിയാല്‍ നാടുകടത്തല്‍ ഭീഷണി നേരിടേണ്ടി വരുമെന്ന പരിഭ്രാന്തിയിലാണ് ഇവരെല്ലാവരും.
ഒപിടി പ്രോഗ്രാമില്‍ തുടര്‍ന്ന ശേഷം മറ്റൊരു വർക്ക് വിസയിലേക്ക് മാറാനുള്ള ഓപ്ഷൻ വിദ്യാര്‍ത്ഥികള്‍ക്ക് ഇല്ലാതാകുന്ന സാഹചര്യം ബിൽ പാസായാൽ സൃഷ്ടിക്കപ്പെടും. എസ്.ടി.ഇ.എം വിഭാഗത്തില്‍ അല്ലാത്ത ബിരുദധാരികൾ നിലവിൽ പഠനം കഴിഞ്ഞ് ഒരു വർഷത്തിനകം യുഎസ് വിടേണ്ടതുണ്ട്.
വിദേശ വിദ്യാര്‍ത്ഥികളെ യുഎസില്‍ തൊഴിൽ അവസരങ്ങൾ തേടുന്നത് തടയുന്നതാണ് ഈ നീക്കം. വായ്പകള്‍ എടുത്ത് പഠനത്തിനായി പോകുന്നവര്‍ ഒപിടി പ്രോഗ്രാം ഉപയോഗിച്ച് ജോലി ചെയ്ത ശേഷം സാവധാനം എച്ച്-1ബി വർക്ക് വിസയിലേക്ക് മാറുന്ന പ്രവണതയായിരുന്നു നേരത്തെ ഉണ്ടായിരുന്നത്.
60,000 ഡോളറാണ് (ഏകദേശം 51 ലക്ഷം രൂപ) വിദ്യാര്‍ത്ഥികള്‍ക്ക് യു.എസില്‍ പഠനം നടത്താനുളള ശരാശരി വാര്‍ഷിക ചെലവ്. ഭീമമായ തുക മുടക്കി പഠനം നടത്തിയ ശേഷം അവിടെ ജോലി സാധ്യതകള്‍ തേടാന്‍ അനുവദിക്കാത്ത സാഹചര്യം ഉണ്ടാകുന്നത് വിദ്യാര്‍ത്ഥികളെ വലിയ പ്രതിസന്ധിയിലാക്കും. ട്രംപ് ഭരണകൂടം വിസ പരിശോധന കർശനമാക്കിയതോടെ കാനഡ, യൂറോപ്പ് പോലുള്ള സ്ഥലങ്ങളാണ് ഇപ്പോള്‍ പുതിയ വിദ്യാര്‍ത്ഥികള്‍ പരിഗണിക്കുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine