Representational image, courtesy: Canva
Opportunities

വ്യവസായ മാറ്റങ്ങൾ ഇനി വേഗത്തിൽ സിലബസിൽ, തൊഴിൽ സാധ്യതകൾ വൻതോതിൽ വർധിക്കും; വിദ്യാർഥികളെ ‘ഇൻഡസ്ട്രി റെഡി’ ആക്കാൻ കുസാറ്റ്

കേരളത്തിൽ ആദ്യമായാണ് ഒരു സർവകലാശാല ഇത്തരമൊരു പാഠ്യപദ്ധതി അവതരിപ്പിക്കുന്നത്

Sutheesh Hariharan

വ്യവസായിക-സാങ്കേതിക മേഖലകളിലുണ്ടാകുന്ന അതിവേഗ മാറ്റങ്ങൾക്കനുസരിച്ച് പാഠ്യപദ്ധതിയിൽ കാലാനുസൃതമായ പരിഷ്കരണങ്ങൾ വരുത്തുന്നതിനായി 'ഫ്ലെക്സിബിൾ കരിക്കുലം' (Flexible Curriculum) കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (CUSAT) നടപ്പിലാക്കുന്നു. നിര്‍മ്മിത ബുദ്ധിയടക്കമുളള മേഖലകളില്‍ അനുദിനം സംഭവിക്കുന്ന മാറ്റങ്ങള്‍ സ്വായത്തമാക്കാനും വ്യാവസായിക ആവശ്യങ്ങള്‍ക്ക് അനുസരിച്ച് സജ്ജമാകാനും വിദ്യാര്‍ഥികളെ പ്രാപ്തമാക്കുന്നതാണ് ഈ രീതി. കേരളത്തിൽ ആദ്യമായാണ് ഒരു സർവകലാശാല ഇത്തരമൊരു വ്യവസായ സൗഹൃദവും മാറ്റങ്ങൾക്ക് വിധേയവുമായ പാഠ്യപദ്ധതി അവതരിപ്പിക്കുന്നത്.

മാസ്റ്റേഴ്‌സ് ബിരുദങ്ങൾ, ഓണേഴ്‌സ് കോഴ്‌സുകൾ എന്നിവയുൾപ്പെടെ സർവകലാശാലയിലെ വിവിധ പഠനശാഖകളിൽ ഈ പുതിയ രീതി ഉടൻ പ്രാബല്യത്തിൽ വരും. കുസാറ്റ് വൈസ് ചാൻസലർ പ്രൊഫ. ഡോ. എം. ജുനൈദ് ബുഷിരിയുടെ അധ്യക്ഷതയിൽ ഡീന്മാരുടെയും വകുപ്പ് മേധാവികളുടെയും യോഗത്തിലായിരുന്നു നിർണായക തീരുമാനം.

മാറ്റമില്ലാത്ത പഴയ രീതിയും പുതിയ 80:20 ഫോർമുലയും

പരമ്പരാഗത രീതിയിൽ ഒരു കോഴ്‌സ് ആരംഭിക്കുമ്പോൾ ബോർഡ് ഓഫ് സ്റ്റഡീസ് അംഗീകരിക്കുന്ന സിലബസ്, ആ പഠനകാലയളവ് മുഴുവൻ മാറ്റമില്ലാതെ തുടരുന്നതാണ് പതിവ്.

ഇത് പുതിയ ശാസ്ത്രീയ കണ്ടെത്തലുകളും സാങ്കേതികവിദ്യകളും സമയബന്ധിതമായി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന് പരിമിതികൾ സൃഷ്ടിച്ചിരുന്നു.

ഇതിന് പരിഹാരമായാണ് സിലബസിനെ രണ്ട് ഭാഗങ്ങളായി തിരിക്കുന്ന 80:20 അനുപാതത്തിലുള്ള പുതിയ മോഡൽ കുസാറ്റ് വികസിപ്പിച്ചത്:

80% കോർ സിലബസ് (Core Syllabus): അക്കാദമിക് നിലവാരവും നിയമപരമായ ആവശ്യകതകളും ഉറപ്പാക്കുന്നതിനായി പഠന ബോർഡ് നിർദ്ദേശിക്കുന്ന ഈ കോർ ഭാഗം മാറ്റമില്ലാതെ തുടരും.

20% ഫ്ലെക്സിബിൾ സിലബസ് (Flexible Syllabus): ഈ ഭാഗം ഓരോ സെമസ്റ്ററിലും വ്യവസായ-ശാസ്ത്ര മേഖലകളിൽ പുതിയതായി ഉണ്ടാകുന്ന മാറ്റങ്ങൾക്കും കണ്ടെത്തലുകൾക്കും അനുസരിച്ച് പരിഷ്കരിക്കാൻ സാധിക്കും.

സെമികണ്ടക്ടർ ടെക്നോളജി, ഫോട്ടോവോൾട്ടായിക്സ്, ബയോടെക്നോളജി, ക്വാണ്ടം കമ്പ്യൂട്ടിങ് തുടങ്ങിയ അതിവേഗം വളരുന്ന മേഖലകളിലെ പുതിയ അറിവുകളും പ്രോസസുകളും അതാത് സെമസ്റ്ററുകളിൽ തന്നെ കോഴ്‌സിന്റെ ഭാഗമാക്കാൻ ഇതിലൂടെ സാധിക്കുന്നു. എൻജിനീയറിങ്, പരിസ്ഥിതി ശാസ്ത്രം, മാനേജ്‌മെന്റ്, നിയമം, ഫിസിക്‌സ്, കെമിസ്ട്രി തുടങ്ങിയ വിവിധ പഠനമേഖലകളിലും ഈ മാറ്റങ്ങൾ നടപ്പിലാക്കും.

സുതാര്യമായ സമിതികളും രൂപീകരണ പ്രക്രിയയും

പാഠ്യപദ്ധതിയിലെ ഫ്ലെക്സിബിൾ ഘടകങ്ങൾ സുതാര്യമായി നിശ്ചയിക്കുന്നതിന് കൃത്യമായ മാർഗനിർദ്ദേശങ്ങൾ രൂപീകരിച്ചിട്ടുണ്ട്:

  • 1. ഡിപ്പാർട്ട്‌മെന്റൽ കരിക്കുലം കമ്മിറ്റി (Departmental Curriculum Committee): വകുപ്പ് അധ്യാപകരെ ഉൾപ്പെടുത്തി ഓരോ വകുപ്പിലും ഈ കമ്മിറ്റി രൂപീകരിക്കും.

  • 2. വിപുലമായ പങ്കാളിത്തം: അധ്യാപകർ, വിദ്യാർത്ഥികൾ, ഗവേഷണ വിദ്യാർത്ഥികൾ, പോസ്റ്റ് ഡോക്ടറൽ ഫെലോകൾ, പൂർവവിദ്യാർത്ഥികൾ (Alumni), വ്യവസായ വിദഗ്ദ്ധർ എന്നിവർക്കെല്ലാം പുതിയ വിഷയങ്ങൾ നിർദ്ദേശിക്കാൻ അവസരമുണ്ട്.

  • 3. ഗവേഷണ കണ്ടെത്തലുകൾ ഉൾപ്പെടുത്തൽ: വിദ്യാർത്ഥികളുടെയും ഗവേഷകരുടെയും മികച്ച ഗവേഷണ കണ്ടെത്തലുകൾ 'വകുപ്പ് റിസർച്ച് കമ്മിറ്റി' (Department Research Committee) പരിശോധിച്ച ശേഷം സിലബസിന്റെ ഭാഗമാക്കും.

  • 4. അധ്യാപകർക്കുള്ള പരിശീലനം: പുതുതായി ഉയർന്നുവരുന്ന വിഷയങ്ങൾ പഠിപ്പിക്കുന്നതിനായി അധ്യാപകർക്ക് ഇൻഡസ്ട്രി ഇന്ററാക്ഷൻ, പ്രമുഖ ആർ ആൻഡ് ഡി (R&D) സ്ഥാപനങ്ങളുമായി ചേർന്നുള്ള പരിശീലനങ്ങൾ എന്നിവ നൽകും.

വിദ്യാർത്ഥികൾക്കും വ്യവസായ മേഖലയ്ക്കുമുള്ള നേട്ടങ്ങൾ

കൊച്ചിയിലും പരിസരപ്രദേശങ്ങളിലുമുള്ള ഇലക്ട്രോണിക്‌സ്, സെമികണ്ടക്ടർ, കെമിക്കൽ മേഖലകളിലെ പ്രമുഖ വ്യവസായ സ്ഥാപനങ്ങളുടെ സാന്നിധ്യം കുസാറ്റിന് വലിയൊരു അനുകൂല ഘടകമാണ്. നെസ്റ്റ് (NeST) പോലുള്ള സ്ഥാപനങ്ങളുമായി സഹകരിച്ച് വിദ്യാർത്ഥികൾക്ക് നേരിട്ടുള്ള ഹാൻഡ്‌സ് ഓൺ പ്രായോഗിക പരിശീലനവും (Hands-on experience) ഒരുക്കും.

ഈ രീതിയിലൂടെ വിദ്യാർത്ഥികൾക്ക് വിപണിയിലെ പുതിയ ട്രെൻഡുകൾ തത്സമയം മനസിലാക്കാനും തൊഴിൽ സാധ്യതകൾ വൻതോതിൽ വർദ്ധിപ്പിക്കാനും സാധിക്കും. കൂടാതെ, കമ്പനികൾക്ക് അധിക പരിശീലനം നൽകേണ്ടാത്ത 'ഇൻഡസ്ട്രി റെഡി' (Industry-ready) ആയ ഉദ്യോഗാർത്ഥികളെ നേരിട്ട് ലഭിക്കുമെന്നത് വ്യവസായ മേഖലയ്ക്കും വലിയ പ്രയോജനം ചെയ്യും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT