Digital payment Image Courtesy: Canva
Opportunities

ഡിജിറ്റല്‍ പേയ്‌മെന്റ് കുതിക്കുമ്പോള്‍ തൊഴില്‍ ഇല്ലാതാകുന്ന മേഖലകള്‍; നഷ്ടങ്ങള്‍ക്കൊപ്പം തെളിയുന്നത് സാധ്യതകളും

കേരളത്തില്‍ കൂടുതല്‍ ബാധിക്കുന്നത് കളക്ഷന്‍ ഏജന്റുമാരെ

Dhanam News Desk

ഡിജിറ്റല്‍ പേയ്‌മെന്റിന്റെ വേഗം കൂടി വരികയാണ്. 10 രൂപയുടെ വ്യാപാര ഇടപാടുകള്‍ക്ക് പോലും യുപിഐ ട്രാന്‍സ്ഫര്‍ ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നു. ഏറെ സൗകര്യപ്രദമെന്ന് തെളിയിക്കപ്പെട്ട ഈ ടെക്‌നോളജി പക്ഷെ, നിരവധി പേരുടെ തൊഴിലാണ് ഇല്ലാതാക്കുന്നത്.

സഹകരണ ബാങ്കുകളിലെ വായ്പാ പിരിവുകാര്‍, ചിട്ടി കമ്പനി പിരിവുകാര്‍, പ്രതിമാസ നിക്ഷേപ പദ്ധതികള്‍ നടത്തുന്ന ജുവലറികള്‍ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങളിലെ കലക്ഷന്‍ ഏജന്റുമാര്‍ തുടങ്ങി പതിനായിരക്കണക്കിന് പേര്‍ ഇന്ന് തൊഴില്‍ നഷ്ടപ്പെടുന്ന നിലയിലാണ്. സാങ്കേതിക മേഖലയിലെ വളര്‍ച്ചക്കൊപ്പം മാറാന്‍ തയ്യാറായില്ലെങ്കില്‍ ഈ മേഖലയിലെ തൊഴിലാളികള്‍ക്ക് വരുമാനം നിലയ്ക്കും.

സഹകരണ മേഖലയില്‍ പ്രതിസന്ധി

ഡിജിറ്റല്‍വല്‍ക്കരണവുമായി ബന്ധപ്പെട്ട് കേരളത്തില്‍ സഹകരണ മേഖലയിലാണ് വലിയ പ്രതിസന്ധിയെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഏതാണ്ട് 20,000 ല്‍ അധികം പേരാണ് യുപിഐ ഇടപാടുകള്‍ വന്നപ്പോള്‍ തൊഴില്‍ ഭീഷണി നേരിടുന്നത്. വായ്പാ തിരിച്ചടവിലേക്കും സമ്പാദ്യ പദ്ധതികളിലേക്കുമുള്ള കലക്ഷന്‍ ഏജന്റുമാരായി ഒട്ടേറെ പേര്‍ നിത്യജീവതം കഴിച്ചു കൂട്ടുന്നുണ്ട്.

കെട്ടിടങ്ങളുടെ വാടക പിരിക്കല്‍, ചെറുകിട സംരംഭങ്ങളുടെ ബില്‍ കലക്ഷന്‍ തുടങ്ങിയ മേഖലകളിലും തൊഴില്‍ ചെയ്യുന്നവര്‍ ഏറെ. യുപിഐ ഇടപാടുകള്‍ വ്യാപകമായതോടെ സ്ഥാപനങ്ങള്‍ ഇത്തരം ജീവനക്കാരുടെ എണ്ണം കുറക്കുകയാണ്. ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ കൂടുതല്‍ കാര്യക്ഷമവും വേഗമേറിയതും കുറ്റമറ്റതുമാണ് എന്നതാണ് കാരണം.

തൊഴില്‍ നഷ്ടമുണ്ടാകുന്ന മേഖലകള്‍

ബാങ്കിംഗ് മേഖലക്ക് പുറമെ കസ്റ്റമര്‍ സര്‍വീസ്, ക്ലെറിക്കല്‍ ജോലികള്‍ എന്നിവയിലും ഡിജിറ്റലൈസേഷന്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്. എഐ അധിഷ്ഠിത ചാറ്റ്‌ബോട്ടുകളുടെ ഉപയോഗം ഒരേ സമയം നിരവധി ഇടപാടുകാര്‍ക്ക് സേവനം നല്‍കാന്‍ പ്രാപ്തമാണ്. നവീകരിച്ച സോഫ്റ്റ്‌വെയറുകളുടെ വരവ് ക്ലെറികള്‍, അക്കൗണ്ടിംഗ് ജോലികളും കൂടുതല്‍ എളുപ്പമുള്ളതാക്കുന്നു. സ്ത്രീകള്‍ ഉള്‍പ്പടെയുള്ള നിരവധി പേരുടെ തൊഴിലാണ് ഇതുവഴി ഇല്ലാതാകുന്നത്.

പുതിയ സാധ്യതകള്‍

അതേസമയം, ഡിജിറ്റല്‍വല്‍ക്കരണം പുതിയ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു. ഫിന്‍ടെക് മേഖലയില്‍ പുത്തന്‍ സാങ്കേതിക വിദ്യ വശത്താക്കുന്നവര്‍ക്ക് അവസരങ്ങള്‍ വര്‍ധിക്കുകയാണ്. സോഫ്റ്റ് വെയര്‍ ഡവലപ്‌മെന്റ്, സൈബര്‍ സെക്യൂരിറ്റി, ഡാറ്റ അനാലിസിസ് തുടങ്ങിയ അവസരങ്ങള്‍ തുറക്കുന്നു.


ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് രംഗത്ത് പ്രൊഫഷണലുകള്‍ക്ക് വലിയ ഡിമാന്റാണ്. റോബോട്ടിക്‌സ്, എഐ, ഡാറ്റ സര്‍വീസ് എന്നീ മേഖലകളില്‍ സ്ഥിരമായും ഫ്രീലാന്‍സ് സംവിധാനത്തിലും പുതിയ അവസരങ്ങളാണ് വളരുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT