Opportunities

നിര്‍മിത ബുദ്ധിയില്‍ 45,000 ഒഴിവുകള്‍; 14 ലക്ഷം വരെ വാര്‍ഷിക വരുമാനം

നിര്‍മിത ബുദ്ധിയില്‍ ഏറ്റവും അധികം വിദഗ്ദ്ധരുള്ള ലോകത്തെ രണ്ടാമത്തെ നഗരം ബംഗളൂരു

Dhanam News Desk

നിര്‍മിത ബുദ്ധിയില്‍ (artificial intelligence) ഇന്ത്യയില്‍ 45,000 തൊഴിലവസരങ്ങള്‍ ഉള്ളതായി മാനവ വിഭവ സേവനങ്ങള്‍ നല്‍കുന്ന പ്രമുഖ കമ്പനിയായ ടീം ലീസിന്റെ റിപ്പോര്‍ട്ട്. ഡേറ്റ ശാസ്ത്രജ്ഞര്‍, മെഷീന്‍ ലേണിംഗ് എന്‍ജിനിയര്‍മാര്‍ എന്നീ തസ്തികകള്‍ക്കാണ് കൂടുതല്‍ ഡിമാന്‍ഡ്.

നിര്‍മിത ബുദ്ധി രംഗത്ത് പുതുതായി പ്രവേശിക്കുന്ന എന്‍ജിനിയര്‍മാര്‍ക്ക് 10 ലക്ഷം മുതല്‍ 14 ലക്ഷം രൂപവരെ വാര്‍ഷിക വരുമാനം പ്രതീക്ഷിക്കാം. അതിവേഗം വികസിക്കുന്ന തൊഴില്‍ വിപണിയില്‍ നിര്‍മിത ബുദ്ധി, മെഷിന്‍ ലേണിംഗ് രംഗത്ത് കഴിവുള്ളവര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുമെന്ന് ടീം ലീസ് ചീഫ് ബിസിനസ് ഓഫീസര്‍ ശിവ പ്രസാദ് നന്ദുരി അഭിപ്രായപ്പെട്ടു.

4 ലക്ഷം പ്രൊഫഷണലുകള്‍

നിര്‍മിത ബുദ്ധി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കമ്പനികള്‍ 2022ല്‍ 1220 കോടി ഡോളര്‍ വരുമാനം നേടിയിരുന്നു. ആഗോള നിര്‍മിത ബുദ്ധി മേഖലയുടെ വിറ്റുവരവ് 13,600 കോടി ഡോളറായിരുന്നു. നിലവില്‍ ഇന്ത്യയില്‍ നാലുലക്ഷം പ്രൊഫഷണലുകള്‍ നിര്‍മിത ബുദ്ധി രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. നിര്‍മിത ബുദ്ധിയില്‍ ഏറ്റവും അധികം വിദഗ്ദ്ധരുള്ള ലോകത്തെ രണ്ടാമത്തെ നഗരം ബംഗളൂരുവാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

ഡേറ്റ എന്‍ജിനിയര്‍, ഡേറ്റ ശാസ്ത്രജ്ഞന്‍, ഡേറ്റ ആര്‍ക്കിടെക്ട്, ബിസിനസ് ഇന്റലിജന്‍സ് അനലിസ്റ്റ് തുടങ്ങിയ തസ്തികകളിലാണ് നിര്‍മിത ബുദ്ധി രംഗത്തെ പ്രഫഷണലുകളുള്ളത്. ബിരുദ ബിരുദാനന്തര തലത്തില്‍ നിരവധി കോഴ്സുകള്‍ സാങ്കേതിക വിദ്യാഭാസ സ്ഥാപനങ്ങള്‍ നടത്തുന്നുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT