Image credit - Background photo created by freepik - www.freepik.com 
Opportunities

മൂന്നു ലക്ഷം രൂപ ചെലവില്‍ ഇന്‍സുലേഷന്‍ ടേപ്പ് നിര്‍മാണം, നേടാം മികച്ച വരുമാനം

ചെറിയ മുതല്‍ മുടക്കില്‍ തുടങ്ങാമെന്നതും എളുപ്പത്തില്‍ വിറ്റഴിക്കാവുന്നതാണെന്നതും ഇന്‍സുലേഷന്‍ ടേപ്പിന്റെ പ്രത്യേകതയാണ്

Baiju Nedumkery

നമ്മള്‍ ധാരാളമായി ഉപയോഗിക്കുന്നതും എന്നാല്‍ ഉല്‍പ്പാദക കുത്തക അന്യ സംസ്ഥാനങ്ങള്‍ക്കുമായ നിരവധി ചെറുകിട ഉല്‍പ്പന്നങ്ങളുണ്ട്. ഇത്തരം ഉല്‍പ്പന്നങ്ങള്‍ പലതും അന്യ സംസ്ഥാനങ്ങളില്‍ കുടില്‍ വ്യവസായങ്ങളായി നിര്‍മിക്കുന്നവയാണ്. ഇത്തരത്തിലുള്ള ഉല്‍പ്പന്നങ്ങളുടെ നിര്‍മാണം കുറഞ്ഞ മുതല്‍ മുടക്കില്‍ നമ്മുടെ സംസ്ഥാനത്തും ആരംഭിക്കാന്‍ കഴിയും

ഇത്തരത്തില്‍ ചെറുകിട വ്യവസായമായി ചെറിയ മുതല്‍ മുടക്കില്‍ ആരംഭിക്കാന്‍ കഴിയുന്ന വ്യവസായ സംരംഭമാണ് ഇന്‍സുലേഷന്‍ ടേപ്പ് നിര്‍മാണം.

സാധ്യതകള്‍

ഇലക്ട്രിക്കല്‍ മേഖലയില്‍ ധാരാളമായി ഉപയോഗിക്കുന്ന ഉല്‍പ്പന്നം എന്ന നിലയില്‍ വലിയ വിപണിയാണ് ഇന്‍സുലേഷന്‍ ടേപ്പുകള്‍ക്കുള്ളത് . സംസ്ഥാനത്തും അന്യസംസ്ഥാനങ്ങളിലും വിപണി നേടാന്‍ കഴിയുന്ന ഉല്‍പ്പന്നം കൂടിയാണിത്. വളരെ ലളിതമായ ഉല്‍പ്പാദന രീതിയും ചെറിയ മുതല്‍ മുടക്കും ഈ വ്യവസായത്തെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. വലിയ സാങ്കേതിക വൈദഗ്ധ്യം ആവശ്യമില്ലാത്ത നിര്‍മാണ രീതിയാണ്. ഇന്‍സുലേഷന്‍ ടേപ്പുകളില്‍ ബ്രാന്‍ഡുകള്‍ക്ക് വലിയ പ്രസക്തി ഇല്ലാത്തതു കൊണ്ട് ചെറുകിട ഉല്‍പ്പന്നങ്ങള്‍ക്കും വളരെ വേഗം വിപണി നേടാന്‍ സാധിക്കും

മാര്‍ക്കറ്റിങ്

വിതരക്കാരെ നിയമിച്ചുള്ള വില്‍പ്പന രീതിയാണ് കൂടുതല്‍ അഭികാമ്യം. നിലവില്‍ ഇലക്ട്രിക്കല്‍ ഉല്‍പ്പന്നങ്ങളുടെ വിതരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിതരണക്കാരെ കണ്ടെത്തുന്നത് വില്‍പ്പന കൂടുതല്‍ എളുപ്പമാക്കും. പ്രാദേശികമായി നേരിട്ടുള്ള വില്‍പ്പന രീതികളും അവലംബിക്കാവുന്നതാണ്.

നിര്‍മാണ രീതി

ഇന്‍സുലേഷന്‍ ടേപ്പുകള്‍ നിര്‍മിക്കുന്നത് BOPP (Biaxially Oriented Polypropylene) മെറ്റീരിയല്‍ ഉപയോഗിച്ചാണ്. ഒരുമീറ്റര്‍ നീളമുള്ള റോളുകളായാണ് ഇന്‍സുലേഷന്‍ ടേപ്പ് ലഭിക്കുന്നത്. ഈ റോളുകള്‍ വാങ്ങി കട്ടിംഗ് മെഷീന്‍ ഉപയോഗിച്ച് നിശ്ചിത വീതിയില്‍ കട്ട് ചെയ്താണ് ഇന്‍സുലേഷന്‍ ടേപ്പ് നിര്‍മിക്കുന്നത്. തുടര്‍ന്ന് ഈ ടേപ്പുകള്‍ നിശ്ചിത എണ്ണം വീതം കാര്‍ട്ടന്‍ ബോക്സുകളിലോ പ്ലാസ്റ്റിക് കവറുകളിലോ നിറച്ചാണ് വില്‍പ്പനക്ക് എത്തിക്കുക. കട്ടിങ്ങ് മെഷീന്‍ പ്രവര്‍ത്തിപ്പിക്കാന്‍ 0.5 എച്ച്.പി മോട്ടോര്‍ മതി.

A മൂലധന നിക്ഷേപം

1. ഇന്‍സുലേഷന്‍ ടേപ്പ് കട്ടിംഗ് യന്ത്രം 1.45 ലക്ഷം രൂപ

2. അനുബന്ധ സംവിധാനങ്ങള്‍ 25000

ആകെ 1,70,000

B പ്രവര്‍ത്തന മൂലധനം

പ്രവര്‍ത്തന മൂലധനം. 3 ലക്ഷം രൂപ

C പ്രവര്‍ത്തന വരവ് ചിലവ് കണക്ക്

(പ്രതിദിനം 2000 ഇന്‍സുലേഷന്‍ ടേപ്പുകള്‍ നിര്‍മിക്കുന്നതിന്റെ ചിലവ് )

1. ഇന്‍സുലേഷന്‍ ടേപ്പ് റോള്‍ 27 എണ്ണം X 300 രൂപ = 8100

2. വേതനം. = 600

3. പായ്ക്കിംഗ് , മാര്‍ക്കറ്റിങ് =200

4. ട്രാന്‍സ്പോട്ടിംഗ് = 200

5. വൈദ്യുതി മറ്റ് ഇതര ചിലവുകള്‍= 50

ആകെ = 9150

D വരവ്

(പ്രതിദിനം ഇന്‍സുലേഷന്‍ ടേപ്പുകള്‍ വിറ്റഴിക്കുമ്പോള്‍ ലഭിക്കുന്നത്.)

1. പരമാവധി റീറ്റെയ്ല്‍ വില്‍പ്പന വില: 2000x10 = 20,000

2. 40% കമ്മീഷന്‍ കിഴിച്ച് ഉല്‍പ്പാദകന് ലഭിക്കുന്നത്. = 6 രൂപ

3. 2000 എണ്ണം x 6 രൂപ = 12,000

പ്രതിദിന ലാഭം

ലാഭം= 12000-9150 =2850 രൂപ

E സാങ്കേതിക വിദ്യയും പരിശീലനവും

ഇന്‍സുലേഷന്‍ ടേപ്പ് നിര്‍മാണത്തിന്റെ പരിശീലനവും, സാങ്കേതിക സഹായവും ചെറുകിട വ്യവസായ ഇന്‍ക്യൂബേഷന്‍ സെന്ററായ പിറവം അഗ്രോപാര്‍ക്കില്‍ ലഭിക്കും. ഫോണ്‍ 04852242310, 04852242410.

F ലൈസന്‍സ് സബ്സിഡി

ഉദ്യോഗ് ആധാര്‍, ഗുഡ്സ് സര്‍വീസ് ടാക്സ് തുടങ്ങിയ ലൈസന്‍സുകള്‍ നേടണം. മൂലധന നിക്ഷേപത്തിന് ആനുപാതികമായി വ്യവസായ വകുപ്പില്‍ നിന്നും സബ്‌സിഡി ലഭിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT