job posting 
Opportunities

ഇന്ത്യയില്‍ സ്വകാര്യ മേഖലയിലെ തൊഴില്‍ അവസരങ്ങള്‍ കുറയുന്നു; പിടിച്ചു നില്‍ക്കുന്നത് ടെക് മേഖല

സോഫ്റ്റ്‌വെയര്‍ ഡെലവപ്പ്‌മെന്റ്, ഡാറ്റ അനലറ്റിക്‌സ് തുടങ്ങിയ മേഖലകളില്‍ തൊഴില്‍ പോസ്റ്റിംഗുകള്‍ വര്‍ധിച്ചു

Dhanam News Desk

ഇന്ത്യയില്‍ സ്വകാര്യ മേഖലയിലെ തൊഴില്‍ അവസരങ്ങളില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 14.9 ശതമാനം കുറവ് വന്നതായി സര്‍വെ റിപ്പോര്‍ട്ട്. ആഗോള തലത്തില്‍ പ്രവര്‍ത്തിക്കുന്ന തൊഴില്‍ പോസ്റ്റിംഗ് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ ഇന്‍ഡീഡിന്റെ(Indeed) ഒരു വര്‍ഷത്തെ കണക്കുകളെ അടിസ്ഥാനമാക്കിയാണ് സര്‍വെ നടന്നത്. കോവിഡ് കാലത്തെ തൊഴില്‍ അവസരങ്ങളെക്കാള്‍ ഇന്ത്യയില്‍ അവസരങ്ങള്‍ 70 ശതമാനം വര്‍ധിച്ചിട്ടുണ്ട്. അതേസമയം, കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഒട്ടുമിക്ക മേഖലകളിലും കമ്പനികളുടെ തൊഴില്‍ പോസ്റ്റിംഗ് കുറഞ്ഞു.

വളര്‍ച്ച ടെക് മേഖലയില്‍

മറ്റു മേഖലകളില്‍ അവസരങ്ങള്‍ കുറയുമ്പോഴും ടെക് മേഖലയിലെ സാധ്യതകള്‍ വളരുകയാണ്. കഴിഞ്ഞ വര്‍ഷം അഞ്ച് മേഖലകളിലേക്കുള്ള അവസരങ്ങളില്‍ ഒരെണ്ണം സോഫ്റ്റ്‌വെയര്‍ ഡെവലപ്പ്‌മെന്റുമായി ബന്ധപ്പെട്ടതാണ്. ഐടി അനുബന്ധമേഖലയില്‍ അവസരങ്ങള്‍ കുറയുന്നില്ലെങ്കിലും വൈദഗ്ധ്യമുള്ളവരെ കിട്ടാനില്ലെന്ന് ഇന്‍ഡീഡിന്റെ ഏഷ്യാ പസഫിക് ഇക്കണോമിസ്റ്റായ കല്ലം പിക്കറിംഗ് പറയുന്നു. കഴിഞ്ഞ മൂന്നു മാസത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഡാറ്റ അനലിറ്റിക്‌സ് മേഖലയില്‍ 15.4 ശതമാനത്തിന്റെ വര്‍ധനയുണ്ടായി. ലോജിസ്റ്റിക്‌സ് (14.3 ശതമാനം), ചികില്‍സ (13.7) ഡെന്റല്‍ (13.6) എന്നിങ്ങനെയാണ് മറ്റു മേഖലയിലെ തൊഴില്‍ അവസരങ്ങളുടെ വളര്‍ച്ച.

ഇടിവ് ഈ മേഖലകളില്‍

മെഡിക്കല്‍ ഇന്‍ഫര്‍മേഷന്‍, ഫാര്‍മസി, വിദ്യാഭ്യാസം, ഡോക്ടര്‍മാര്‍ എന്നീ മേഖലകളില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് അവസരങ്ങള്‍ കുറയുന്നതായും ഇന്‍ഡീഡിന്റെ കണക്കുകള്‍ കാണിക്കുന്നു. അതോടൊപ്പം, പുതിയ നിയമനങ്ങളില്‍ ശമ്പളം സംബന്ധിച്ച സുതാര്യത നഷ്ടപ്പെടുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തെ ഭൂരിഭാഗം കമ്പനികളും ജോലി പോസ്റ്റിംഗില്‍ ശമ്പളത്തെ കുറിച്ച് പറയാറുണ്ടെങ്കിലും കഴിഞ്ഞ ഏതാനും മാസങ്ങളില്‍ രീതികള്‍ മാറിയിട്ടുണ്ട്. ശമ്പളത്തിന്റെ വിശദാംശങ്ങള്‍ മുന്‍കൂട്ടി അറിയിക്കുന്നില്ല. തെരഞ്ഞെടുക്കപ്പെടുന്നവരുടെ തൊഴില്‍ വൈദഗ്ധ്യത്തിന് അനുസരിച്ചുള്ള ശമ്പളം നിശ്ചയിക്കുന്ന രീതിയാണ് അവലംബിക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT