Opportunities

തൊഴില്‍ കിട്ടാന്‍ പങ്കപ്പാട്, പറ്റിയ ആളെ കിട്ടാന്‍ അതിലേറെ പാട്; ലിങ്ക്ഡ്ഇന്‍ സര്‍വേയില്‍ നിന്നുള്ള വിവരങ്ങള്‍

ആഗ്രഹം മാത്രം മതിയാകില്ല; മാറുന്ന തൊഴില്‍ വിപണിയില്‍ തയ്യാറെടുപ്പും സ്‌കില്‍ അപ്ഗ്രേഡേഷനും അനിവാര്യമാണെന്നതാണ് റിപ്പോര്‍ട്ടിന്റെ മുഖ്യ സന്ദേശം

Dhanam News Desk

2026ലെ തൊഴില്‍ വിപണി ലക്ഷ്യമാക്കി വലിയ തോതില്‍ ജോലിമാറ്റത്തിന് താല്‍പര്യപ്പെട്ട് നില്‍ക്കുകയാണ് ഇന്ത്യന്‍ പ്രൊഫഷണലുകള്‍. എന്നാല്‍ ഈ തീരുമാനത്തോടൊപ്പം തന്നെ ഒരു വലിയ ആശങ്കയും അവരെ പിന്തുടരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ലിങ്ക്ഡ്ഇന്‍ (LinkedIn) നടത്തിയ സര്‍വേ പ്രകാരം, ഇന്ത്യന്‍ പ്രൊഫഷണലുകളുടെ ഭൂരിഭാഗവും പുതിയ ജോലി തേടാന്‍ സ്വയം തയാറെടുപ്പ് നടത്തിയിട്ടില്ലെന്ന് കരുതുന്നു.

സര്‍വേയില്‍ പങ്കെടുത്തവരില്‍ 84 ശതമാനം പേരും ജോബ് സെര്‍ച്ചിന് തങ്ങള്‍ പൂര്‍ണമായി തയ്യാറായിട്ടില്ലെന്ന അഭിപ്രായമാണ് പങ്കുവെച്ചത്. തൊഴില്‍ രംഗത്തെ വേഗത്തിലുള്ള മാറ്റങ്ങള്‍, ആവശ്യമായ പുതിയ വൈദഗ്ധ്യത്തിന്റെ പോരായ്മ, റിക്രൂട്ട്മെന്റില്‍ എഐയുടെ വ്യാപകമായ ഉപയോഗം എന്നിവയാണ് ഈ ആശങ്കക്ക് പ്രധാന കാരണം.

മത്സരം കഠിനമായി

തൊഴില്‍ വിപണിയില്‍ മത്സരം മുന്‍പെന്നത്തേക്കാള്‍ കഠിനമായിട്ടുണ്ട്. 2022ന്റെ തുടക്കവുമായി താരതമ്യം ചെയ്യുമ്പോള്‍ ഓരോ ജോലിയൊഴിവിലേക്കും അപേക്ഷിക്കുന്നവരുടെ എണ്ണം ഇരട്ടിയിലധികമായി. ഇത് തൊഴില്‍ തേടുന്നവരുടെ സമ്മര്‍ദം വര്‍ധിപ്പിക്കുന്നു. തൊഴില്‍ ദാതാക്കളും സമാനമായ പ്രശ്‌നത്തില്‍. ഇന്ത്യയിലെ 74 ശതമാനം തൊഴില്‍ദാതാക്കളും യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളെ കണ്ടെത്തുന്നത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ ബുദ്ധിമുട്ടായതായി വ്യക്തമാക്കുന്നു. ജോലി അവസരങ്ങളും ആവശ്യമായ കഴിവുകളും തമ്മിലുള്ള ഈ പൊരുത്തക്കേട് വിപണിയിലെ പ്രധാന വെല്ലുവിളിയായി തുടരുകയാണ്.

റിപ്പോര്‍ട്ട് പ്രകാരം, എഐ ഇപ്പോള്‍ കരിയര്‍ സൃഷ്ടിക്കുന്നതിലും ടാലന്റ് വിലയിരുത്തുന്നതിലും അടിസ്ഥാന ഘടകമായി മാറിയിരിക്കുകയാണ്. എന്നാല്‍ ഈ മാറ്റങ്ങളോട് ഒത്തുചേരാന്‍ ആവശ്യമായ വ്യക്തതയും മാര്‍ഗനിര്‍ദേശവും പല പ്രൊഫഷണലുകള്‍ക്കും ഇപ്പോഴും ലഭിക്കുന്നില്ല. എഐ അധിഷ്ഠിത ടൂളുകള്‍ ഉപയോഗിച്ച് യോഗ്യമായ ജോലികള്‍ കണ്ടെത്താനും, പുതിയ സ്‌കില്‍സുകള്‍ വികസിപ്പിക്കാനും സാധിക്കുമെന്നാണ് ലിങ്ക്ഡ്ഇന്‍ വിലയിരുത്തല്‍.

വളരാന്‍ സാധ്യതയുള്ള മേഖലകള്‍

2026ല്‍ ഏറ്റവും വേഗത്തില്‍ വളരാന്‍ സാധ്യതയുള്ള ജോലികളില്‍ പ്രോംപ്റ്റ് എന്‍ജിനീയര്‍, എഐ എന്‍ജിനീയര്‍, സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍ തുടങ്ങിയവ ഉള്‍പ്പെടുന്നു. ഇത് ടെക്നോളജിയും എഐയും ഭാവിയിലെ തൊഴില്‍ രംഗത്ത് എത്രമാത്രം നിര്‍ണായകമാണെന്ന് വ്യക്തമാക്കുന്നു.

ആഗ്രഹം മാത്രം മതിയാകില്ല; മാറുന്ന തൊഴില്‍ വിപണിയില്‍ തയ്യാറെടുപ്പും സ്‌കില്‍ അപ്ഗ്രേഡേഷനും അനിവാര്യമാണെന്നതാണ് റിപ്പോര്‍ട്ടിന്റെ മുഖ്യ സന്ദേശം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT