യു.കെ യിലെ പ്രമുഖ ബാങ്കായ ലോയ്ഡ്സ് ബാങ്കിംഗ് ഗ്രൂപ്പ് അവരുടെ ഐ.ടി വിഭാഗത്തിലെ ആയിരകണക്കിന് ജോലികള്‍ ഇന്ത്യയിലേക്ക് മാറ്റുന്നു. ടെക്നോളജി, ഡാറ്റ റോളുകളിൽ ഇന്ത്യയിൽ 4,000 ജീവനക്കാരെ നിയമിക്കാനാണ് ബാങ്ക് ലക്ഷ്യമിടുന്നതെന്ന് ഫിനാൻഷ്യൽ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
യുകെയില്‍ സമാനമായ ജോലികൾ കുറയ്ക്കാനാണ് ബാങ്കിന്റെ പദ്ധതി. 2023 ൽ ഹൈദരാബാദില്‍ ബാങ്ക് ആരംഭിച്ച ടെക്നോളജി സെന്ററിലായിരിക്കും ഇന്ത്യയിലെ ജീവനക്കാർ പ്രവര്‍ത്തിക്കുക. ഫുൾ-സ്റ്റാക്ക്, ക്ലൗഡ്, ക്വാളിറ്റി എഞ്ചിനീയർമാരുടെ ഒഴിവുകളാണ് ഇവിടെയുളളത്.
യുകെയിലെ ഐടി വകുപ്പ് പുനഃക്രമീകരിക്കുന്ന പാതയിലാണ് ലോയ്ഡ്സ്. യു.കെ ഐടി ഡിവിഷനിലെ 6,000 ത്തോളം ജോലികള്‍ നിര്‍ത്താനാണ് ബാങ്ക് ഉദ്ദേശിക്കുന്നത്. ലോയിഡ്സിന്റെ ഈ നീക്കം ഇന്ത്യന്‍ ഐ.ടി ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രയോജനകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
കേരളത്തില്‍ നിന്നും നിരവധി ചെറുപ്പക്കാരാണ് ഐ.ടി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയിട്ടുളളത്. ലോയ്ഡ്സിന്റെ ആയിരകണക്കിന് തൊഴിലവസരങ്ങള്‍ ഐ.ടി മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വലിയ പ്രതീക്ഷകള്‍ നല്‍കുന്നതാണ്.
ഡിജിറ്റൈസേഷനിലൂടെ ലാഭം വർദ്ധിപ്പിക്കാനാണ് ലോയ്ഡ്സ് സിഇഒ ചാർലി നൺ ലക്ഷ്യമിടുന്നത്. ഇതിനായി 400 കോടി പൗണ്ടിന്റെ നിക്ഷേപ തന്ത്രമാണ് ചാർലി നണ്ണിനുളളത്. ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി യുകെയിലെ രണ്ട് ഓഫീസുകളും 136 ശാഖകളും അടച്ചുപൂട്ടിയിരുന്നു.
യുകെയിലുളള മറ്റ് ധനകാര്യ സ്ഥാപനങ്ങളും ഇന്ത്യയിലേക്ക് ഇതിനകം പ്രവർത്തനം മാറ്റിയിട്ടുണ്ട്. ബംഗളൂരുവിലും ഗുരുഗ്രാമിലുമായി 17,000 ത്തിലധികം ജീവനക്കാരാണ് നാറ്റ് വെസ്റ്റിനുളളത്. നേഷൻവൈഡും അവരുടെ പല ഐടി ജോലികളും യു.കെ യില്‍ നിന്ന് മാറ്റിയിരിക്കുകയാണ്.
Read DhanamOnline in English
Subscribe to Dhanam Magazine