ഐ.ടി.എ കള്‍ (ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്, ITI) നവീകരിക്കാനുളള കേന്ദ്ര പദ്ധതിയില്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് റിലയന്‍സ്, അദാനി, മഹീന്ദ്ര തുടങ്ങിയ 12 ഓളം കമ്പനികള്‍. 1,000 ഐ.ടി.ഐ കളുടെ നവീകരണം വിഭാവനം ചെയ്യുന്ന പദ്ധതി അഞ്ച് വർഷത്തെ കാലയളവിൽ 20 ലക്ഷം യുവാക്കൾക്ക് നൈപുണ്യ പരിശീലനം നൽകാനാണ് ലക്ഷ്യമിടുന്നത്. 60,000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി നടപ്പാക്കുന്നത് നൈപുണ്യ വികസന, സംരംഭകത്വ മന്ത്രാലയമാണ്.
ഇന്ത്യയിലാകെ 14,615 ഐ.ടി.ഐ കളിലായി 15 ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് ഉളളത്. 2024-25 ലെ ബജറ്റിൽ പ്രഖ്യാപിച്ച ഈ പദ്ധതി പ്രകാരം കേന്ദ്രത്തിന്റെ വിഹിതം 30,000 കോടി രൂപയാണ്. സംസ്ഥാനങ്ങൾ 20,000 കോടി രൂപയും കമ്പനികള്‍ 10,000 കോടി രൂപയും നൽകും. കേന്ദ്ര വിഹിതത്തിന്റെ 50 ശതമാനം വരെ ഏഷ്യൻ വികസന ബാങ്കും ലോക ബാങ്കും തുല്യമായി സഹ ധനസഹായം നൽകും.
റിലയൻസ് ഗ്രൂപ്പ്, അദാനി ഗ്രൂപ്പ്, മഹീന്ദ്ര ഗ്രൂപ്പ്, ജെ.കെ സിമന്റ്, ജിൻഡാൽ ഗ്രൂപ്പ്, ടൊയോട്ട ഇന്ത്യ, ഷ്നൈഡർ ഇലക്ട്രിക്, ആർസെലർ മിത്തൽ നിപ്പോൺ സ്റ്റീൽ തുടങ്ങിയ കമ്പനികള്‍ നൈപുണ്യ പരിശീലനം നൽകുന്നതിനായി താൽപ്പര്യമുള്ള സംസ്ഥാനങ്ങളും മേഖലകളും ഇതിനോടകം മന്ത്രാലയത്തിന് സമർപ്പിച്ചിട്ടുണ്ട്. ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ, ബജാജ് ഓട്ടോ, ആദിത്യ ബിർള ഗ്രൂപ്പ് എന്നിവയുമായും ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ്, മസഗണ്‍ ഡോക് ഷിപ്പ് ബിൽഡേഴ്‌സ്, ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡ് തുടങ്ങിയ പ്രമുഖ പൊതുമേഖലാ സ്ഥാപനങ്ങളുമായും അവരുടെ ക്ലസ്റ്ററുകളിൽ ഐ.ടി.ഐ കളുടെ നവീകരണം നടത്തുന്നത് ഏറ്റെടുക്കുന്നതിനായി ചർച്ചകൾ പുരോഗമിക്കുകയാണ്.
പുനരുപയോഗ ഊർജം, റീട്ടെയിൽ, അഡ്വാൻസ്ഡ് മാനുഫാക്ചറിംഗ്, പെട്രോകെമിക്കൽ എഞ്ചിനീയറിംഗ് തുടങ്ങിയ മേഖലകളില്‍ നൈപുണ്യ പരിശീലനം നല്‍കുന്നതിനായി റിലയൻസ് ഗ്രൂപ്പ് മഹാരാഷ്ട്ര, ഗുജറാത്ത്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ഐ.ടി.എ കളാണ് പരിഗണിക്കുന്നത്. ഓട്ടോമൊബൈൽ അനുബന്ധ മേഖലകളിലെ പരിശീലനത്തിനായി കർണാടകയിലെ ഐ.ടി.ഐ കളാണ് ടൊയോട്ട ഇന്ത്യ പരിഗണിക്കുന്നത്. സൗരോർജ്ജം, ഡ്രോണുകൾ, തുറമുഖ പ്രവർത്തനങ്ങൾ എന്നിവയുൾപ്പെടെയുള്ള മേഖലകളിൽ പരിശീലനത്തിനായി ഗുജറാത്ത്, ബീഹാർ, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ജാർഖണ്ഡ്, ഒഡീഷ, വടക്കുകിഴക്കൻ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലെ ഐടിഐ കൾ നവീകരിക്കാനാണ് അദാനി ഗ്രൂപ്പിന് പദ്ധതിയുളളത്.
Ambani, Adani, and other major corporates to join ₹60,000 crore ITI modernization plan to skill 2 million Indian youth.
Read DhanamOnline in English
Subscribe to Dhanam Magazine