യുഎഇയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ തൊഴില്‍ സാധ്യതകളൊരുക്കുന്ന പുതിയ ലൈസന്‍സിംഗ് സമ്പ്രദായം വരുന്നു. എല്ലാ എമിറേറ്റുകളിലും ജോലി ചെയ്യാന്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഏകീകൃത ലൈസന്‍സന്‍സ് ആണ് യുഎഇ സര്‍ക്കാര്‍ നടപ്പാക്കുന്നത്. ഓരോ എമിറേറ്റുകളിലും പ്രത്യേകം ലൈസന്‍സുകളും പെര്‍മിറ്റുകളും വേണമെന്ന നിലവിലുള്ള ചട്ടമാണ് മാറുന്നത്. പുതിയ പ്ലാറ്റ്‌ഫോം വൈകാതെ നിലവില്‍ വരുമെന്ന് ആരോഗ്യമന്ത്രാലയം (MOH) അധികൃതര്‍ വ്യക്തമാക്കി.
യുഎഇയിലെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും ജോലി ചെയ്യുന്നതിന് പുതിയ ലൈസന്‍സ് അനുമതി നല്‍കും. സ്വകാര്യ മേഖലയില്‍ ക്ലിനിക്ക് ഉടമകള്‍, ഡോക്ടര്‍, നഴ്‌സ്, ഫാര്‍മസിസ്റ്റ്, ടെക്‌നിക്കല്‍ സ്റ്റാഫ് തുടങ്ങി ആരോഗ്യമേഖലയിലെ എല്ലാ പ്രൊഫഷണലുകള്‍ക്കും ഈ സംവിധാനം പ്രയോജനപ്പെടും. യുഎഇയില്‍ എവിടെയും ക്ലിനിക്കുകള്‍ ആരംഭിക്കുന്നതിനും ഈ പൊതു ലൈസന്‍സ് അനുമതി നല്‍കുന്നു. വിവിധ സ്ഥലങ്ങളിലെ ആശുപത്രികള്‍ക്ക് ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ളവരെ വേഗത്തില്‍ നിയമിക്കാമെന്നത് ആരോഗ്യമേഖലയെ കൂടുതല്‍ മല്‍സരക്ഷമവും കാര്യക്ഷമവുമാക്കുമെന്നാണ് ആരോഗ്യമന്ത്രാലയം പ്രതീക്ഷിക്കുന്നത്.
വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വേഗത്തിലാക്കാന്‍ ദുബൈ ആരോഗ്യമന്ത്രാലയത്തില്‍ പുതിയ എഐ ജീവനക്കാരെ നിയമിച്ചു. റോബോട്ടിക് പ്രോസസ് ഓട്ടോമേഷന്‍ ടെക്‌നോളജിയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് എഐ വെര്‍ച്വല്‍ ജീവനക്കാരാണ് ജോലിയില്‍ പ്രവേശിച്ചത്. എംപ്ലോയി ഐഡിയും രജിസ്‌സ്‌ട്രേഷനും നല്‍കിയിട്ടുണ്ട്. ഒരു വ്യക്തി 24 മണിക്കൂര്‍ കൊണ്ട് ചെയ്തു തീര്‍ക്കുന്ന ജോലികള്‍ രണ്ട് മിനുട്ടില്‍ പൂര്‍ത്തിയാക്കാന്‍ ഇവക്ക് കഴിയുന്നതായി ദുബൈ ഹെല്‍ത്ത് അതോറിറ്റി ഐടി വിഭാഗം ഡയറക്ടര്‍ മാജീദ് സുല്‍ത്താന്‍ അല്‍ മഹീരി പറഞ്ഞു. ഒരു ദിവസം കൊണ്ട് പൂര്‍ത്തിയാക്കിയിരുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് വാലിഡേഷന്‍, എഐ ജീവനക്കാരന്‍ രണ്ട് മിനിട്ടില്‍ പൂര്‍ത്തിയാക്കുന്നതായും മാജിദ് ചൂണ്ടിക്കാട്ടി. മെഷീന്‍ ലേണിംഗ്, ലാംഗ്വേജ് പ്രോസസിംഗ്, കണ്ടന്റ് റകഗ്നേഷന്‍ എന്നിവയിലൂടെ ഡാറ്റകളും പാറ്റേണുകളും തിരിച്ചറിഞ്ഞ് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കാന്‍ ഇവക്ക് കഴിയും. കൈകൊണ്ട് എഴുതിയ കുറിപ്പുകള്‍ തിരിച്ചറിയുന്നതിനുള്ള കഴിവുമുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine