Saudi Arabia Image courtesy: Canva
Opportunities

സൗദിയില്‍ ടൂറിസം മേഖലയിലും സ്വദേശിവല്‍ക്കരണം; 41 ഇനം ജോലികളില്‍ വിദേശികള്‍ക്ക് നിയന്ത്രണം

മലയാളികള്‍ ഉള്‍പ്പടെയുള്ള വിദേശികള്‍ക്ക് മികച്ച ജോലികളില്‍ സാധ്യതകള്‍ കുറയും

Dhanam News Desk

ടൂറിസം മേഖലയിലെ നിരവധി ജോലികളില്‍ കൂടി വിദേശികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി സൗദി അറേബ്യ സ്വദേശിവല്‍ക്കരണം തുടരുന്നു. വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനികളില്‍ സ്വദേശികളെ നിയമിക്കുന്നതിനുള്ള അനുപാതമാണ് സൗദി സര്‍ക്കാര്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. വിവിധ ഇനം ജോലികളില്‍ 30 മുതല്‍ 100 ശതമാനം വരെയാണ് സ്വദേശിവല്‍ക്കരണം. അടുത്ത വര്‍ഷം ഏപ്രില്‍ മുതല്‍ 2028 ജനുവരി വരെ മൂന്നു ഘട്ടങ്ങളിലായാണ് നടപ്പിലാക്കുക. 41 ഇനം തസ്തികകളിലാണ് സ്വദേശിവല്‍ക്കരണം നിര്‍ബന്ധമാക്കുന്നത്.

30 മുതല്‍ 100 % വരെ

സൗദി സര്‍ക്കാരിലെ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന് കീഴില്‍ 15 വര്‍ഷം മുമ്പ് ആരംഭിച്ച സ്വദേശിവല്‍ക്കരണം വിവിധ മേഖലകളിലേക്ക് വ്യാപിപ്പിച്ചു വരികയാണ്. സ്വദേശികളായ യുവാക്കള്‍ക്ക് തൊഴില്‍ ഉറപ്പാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ടൂറിസം മേഖലയില്‍ അഡ്മിനിസ്‌ട്രേഷന്‍ തസ്തികകളില്‍ 100 ശതമാനവും സ്വദേശികളെ നിയമിക്കണമെന്നാണ് കമ്പനികള്‍ക്കുള്ള നിര്‍ദേശം. റിസപ്ഷനിസ്റ്റ്, ഇന്‍ഫര്‍മേഷന്‍ ക്ലാര്‍ക്ക്, ടെലഫോണ്‍ ഓപ്പറേറ്റര്‍ എന്നീ തസ്തികകളാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

സൂപ്പര്‍വൈസറി തസ്തികകളായ ബ്രാഞ്ച് മാനേജര്‍, പ്രൊക്യുര്‍മെന്റ് സ്‌പെഷ്യലിസ്റ്റ്, കംപ്ലയന്‍സസ് ഓഫീസര്‍, പബ്ലിക് റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ്, സെയില്‍സ് സ്‌പെഷ്യലിസ്റ്റ്, ഓഡിറ്റര്‍, ടൂറിസം സ്‌പെഷ്യലിസ്റ്റ്, ടൂര്‍ ഗൈഡ്, പബ്ലിക് സര്‍വീസ് സൂപ്പര്‍വൈസര്‍, ഹെല്‍ത്ത് ക്ലബ്ബ് അറ്റന്‍ഡന്റ് തുടങ്ങിയവയില്‍ 70 ശതമാനമാണ് സ്വദേശി സംവരണം. കമ്പനികളില്‍ ഈ തസ്തികകളില്‍ 10 പേരെ നിയമിക്കുമ്പോള്‍ അതില്‍ ഏഴ് പേര്‍ സ്വദേശികളാകണം.

മാര്‍ക്കറ്റിംഗ് തസ്തികകളില്‍ 50 ശതമാനമാണ് സ്വദേശികള്‍ക്കായി മാറ്റിവെക്കേണ്ടത്. സെയില്‍സ് റപ്രസന്റേറ്റീവ്, ടിക്കറ്റ് സെല്ലര്‍, ട്രാവല്‍ ടിക്കറ്റ് ക്ലാര്‍ക്ക്, ട്രാവല്‍ ഏജന്റ്, ടൂര്‍ ഓര്‍ഗനൈസര്‍, ഈവന്റ് കോഓഡിനേറ്റര്‍, ടൂറിസം ഡവലപ്‌മെന്റ് സ്‌പെഷ്യലിസ്റ്റ്, ഹൗസ് കീപ്പിംഗ് സൂപ്പര്‍വൈസര്‍ തുടങ്ങിയ ജോലികളാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഹോട്ടലുകളിലെ ഷെഫ് തസ്തികകളില്‍ 30 ശതമാനമാണ് സംവരണം. സീനിയര്‍ മാനേജ്‌മെന്റ് പദവികളില്‍ 50 ശതമാനവും സ്വദേശിവല്‍ക്കരണം നിശ്ചയിച്ചിട്ടുണ്ട്.

മികച്ച ജോലികള്‍ അപ്രാപ്യമാകും

മലയാളികള്‍ ഉള്‍പ്പടെയുള്ള വിദേശികള്‍ക്ക് ഉയര്‍ന്ന ശമ്പളമുള്ള ജോലികള്‍ അപ്രാപ്യമാകുന്നതാണ് സൗദിയിലെ സ്വദേശിവല്‍ക്കരണ നീക്കം. മികച്ച ശമ്പളമുള്ള ജോലികള്‍ ഏറെകുറെ പൂര്‍ണമായും സ്വദേശികള്‍ക്കായി മാറ്റിയിട്ടുണ്ട്. കമ്പനികളില്‍ നിലവിലുള്ള വിദേശ ജോലിക്കാരെയും ഇത് ബാധിച്ചേക്കും. നിശ്ചിത കാലയളവിനുള്ളില്‍ സ്വദേശിവല്‍ക്കരണം നടപ്പാക്കേണ്ടതിനാല്‍ വിദേശ ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടാനും ഇത് ഇടയാക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT