പ്രമുഖ ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴില്‍ വൈദഗ്ധ്യമുള്ള ജീവനക്കാരെ ലഭിക്കുന്നില്ലെന്നത് കമ്പനികളെ ആശങ്കയിലാക്കുന്നു. വിവിധ ജോലികള്‍ക്കായി ലഭിക്കുന്ന അപേക്ഷകളുടെ എണ്ണം കൂടുതലാണെങ്കിലും ബന്ധപ്പെട്ട മേഖലയില്‍ വൈദഗ്ധ്യമുള്ളവര്‍ കുറവാണെന്ന് വിവിധ കമ്പനികളുടെ എച്ച്.ആര്‍ വിഭാഗം മേധാവികള്‍ ലിങ്ക്ഡ്ഇന്‍(linkedin) നടത്തിയ സര്‍വെയില്‍ അഭിപ്രായപ്പെട്ടു. ഇത് കമ്പനികളെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ടെന്നാണ് സര്‍വെ റിപ്പോര്‍ട്ടില്‍ പറയുന്നത്. യു.എ.ഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലാണ് ഈ പ്രതിസന്ധി കൂടുതലുള്ളത്. ഇരു രാജ്യങ്ങളിലെയും എച്ച്.ആര്‍ മേധാവികളില്‍ 46 ശതമാനം പേര്‍ ചൂണ്ടിക്കാട്ടിയത് അപേക്ഷകരുടെ തൊഴില്‍ വൈദഗ്ധ്യക്കുറവിനെ കുറിച്ചാണ്.
പുതിയ അവസരങ്ങളിലേക്ക് അപേക്ഷിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നുവെന്നാണ് യു.എ.ഇ, സൗദി അറേബ്യ എന്നിവിടങ്ങളില്‍ നിന്നുള്ള അനുഭവം. നിലവില്‍ ജോലി ചെയ്തു കൊണ്ടിരിക്കുന്നവരും ജോലി മാറ്റത്തിനായി വ്യാപകമായി ശ്രമിക്കുന്നുണ്ട്. മുന്‍ പരിചയമുള്ളവര്‍ പോലും എന്‍ട്രി ലെവല്‍ പോസ്റ്റുകളില്‍ അപേക്ഷ നല്‍കുന്നു. ഇത് ശമ്പളത്തില്‍ ഇടിവുണ്ടാക്കുന്നുണ്ട്. കുറഞ്ഞ ശമ്പള പാക്കേജുകള്‍ക്ക് തയ്യാറാകുന്നവരും അപേക്ഷകരില്‍ ഉണ്ട്. '' യോഗ്യരായവരെ കണ്ടെത്താൻ കമ്പനികൾക്ക് പലപ്പോഴും കഴിയുന്നില്ല. തൊഴില്‍ വൈദഗ്ദ്യമുള്ളവര്‍ അപേക്ഷകള്‍ നല്‍കുന്ന രീതിയില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്നാണ് ഇത് തെളിയിക്കുന്നത്.'' സര്‍വെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
സര്‍വെയില്‍ പങ്കെടുത്ത പ്രൊഷണലുകളില്‍ 75 ശതമാനം പേര്‍ നിലവിലുള്ള ജോലിയില്‍ നിന്ന് മാറാന്‍ തയ്യാറുള്ളവരാണ്. മെച്ചപ്പെട്ട ശമ്പളവും തൊഴില്‍ സാഹചര്യങ്ങളും തേടിയാണ് ഇവര്‍ പുതിയ ജോലികള്‍ക്ക് അപേക്ഷിക്കുന്നത്. ''തൊഴില്‍ വിപണിയില്‍ മല്‍സരം ശക്തമാണെങ്കിലും, നിലവില്‍ ജോലി ചെയ്യുന്നവര്‍ ഒന്നിലേറെ പുതിയ പോസ്റ്റുകളിലേക്ക് അപേക്ഷിക്കുന്നുണ്ട്. പക്ഷെ, അവര്‍ ഏറെയൊന്നും വിജയിക്കുന്നില്ല.'' ലിങ്ക്ഡ്ഇന്‍ വക്താവ് നജാത്ത് അബ്ദുൽ ഹാദി പറഞ്ഞു.
ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴിലവസരങ്ങള്‍ കൂടുകയാണെന്നാണ് സര്‍വെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. ടെക്, റീട്ടെയില്‍, കണ്‍സ്ട്രക്ഷന്‍, ടൂറിസം മേഖലകളില്‍ കൂടുതല്‍ അവസരങ്ങള്‍ തുറക്കുന്നുണ്ട്. ടെക് മേഖലയില്‍ എഐ എഞ്ചിനിയറിംഗ്, സെക്യൂരിറ്റി ഫോക്കസ്ഡ് എഞ്ചിനിറിംഗ് എന്നിവയാണ് മുന്നില്‍. ''സൗദിയിലും യുഎഇയിലും വന്‍കിട നിക്ഷേപങ്ങളുള്ള നിരവധി പദ്ധതികളുടെ ടെന്റര്‍ നടപടികള്‍ പുരോഗമിക്കുകയാണ്. തൊഴില്‍ മേഖലയില്‍ ഇത് പ്രതീക്ഷ നല്‍കുന്നു.'' നജാത്ത് പറഞ്ഞു.
Read DhanamOnline in English
Subscribe to Dhanam Magazine