job market 
Opportunities

ഗള്‍ഫ് തൊഴില്‍ വിപണിയില്‍ ഇന്ത്യക്കാര്‍ക്ക് ഡിമാന്റ്; കാരണങ്ങള്‍ ഇതാണ്

റിയല്‍ എസ്റ്റേറ്റ്, അടിസ്ഥാന വികസനം, ടൂറിസം, ടെക്‌നോളജി തുടങ്ങിയ മേഖലകളില്‍ നിക്ഷേപം വര്‍ധിക്കുന്നതിനാല്‍ ജിസിസി രാജ്യങ്ങളില്‍ നിയമനങ്ങള്‍ വര്‍ധിച്ചു

Dhanam News Desk

ഗള്‍ഫിലെ തൊഴില്‍ വിപണിയില്‍ ഇന്ത്യയില്‍ നിന്നുള്ള ജീവനക്കാര്‍ക്ക് ഡിമാന്റ് കൂടുതലാണെന്ന് സര്‍വെ റിപ്പോര്‍ട്ട്. സ്വദേശിവല്‍ക്കരണം കര്‍ശനമായതോടെ അറബ് പൗരന്‍മാരെ നിയമിക്കുന്നതിന് ഇപ്പോള്‍ കമ്പനികള്‍ പ്രാധാന്യം നല്‍കേണ്ടി വരുന്നുണ്ട്. നിയമിക്കപ്പെടുന്നവരില്‍ രണ്ടാം സ്ഥാനം ഇന്ത്യക്കാര്‍ക്കാണെന്നാണ് പ്രമുഖ തൊഴില്‍ വെബ്‌സൈറ്റായ നൗക്കരിഗള്‍ഫ് ഡോട്ട്‌കോം നടത്തിയ സര്‍വെയില്‍ കണ്ടെത്തിയിട്ടുള്ളത്. നിയമനങ്ങളില്‍ 29 ശതമാനം അറബ് പൗരന്‍മാരാണ്. 28 ശതമാനമാണ് ഇന്ത്യക്കാര്‍. ഫിലിപ്പൈന്‍സ് (20%), യൂറോപ്പ് (8%), ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങള്‍ (3%) എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവരുടെ നിയമന അനുപാതം.

55 ശതമാനം വിദേശികള്‍

ജി.സി.സി രാജ്യങ്ങളിലെ മൊത്തം ജനസംഖ്യയുടെ 55 ശതമാനം വിദേശികളാണ്. യുഎഇയുടെ ജനസംഖ്യയില്‍ 85 ശതമാനം അന്യരാജ്യങ്ങളില്‍ നിന്നുള്ള ജീവനക്കാരും ബിസിനസുകാരുമാണ്. ഇതില്‍ 37 ശതമാനം ഇന്ത്യക്കാരുണ്ട്. സൗദി അറേബ്യയില്‍ 41 ശതമാനമാണ് വിദേശികള്‍. ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിന്ന് തൊഴില്‍ അവസരങ്ങള്‍ക്കായി കൂടുതല്‍ പേര്‍ താല്‍പര്യപ്പെടുന്നത് ഗള്‍ഫ് രാജ്യങ്ങളെയാണ്.

തൊഴില്‍ മേഖലയിലെ വെല്ലുവിളികള്‍

റിയല്‍ എസ്റ്റേറ്റ്, അടിസ്ഥാന വികസനം, ടൂറിസം, ടെക്‌നോളജി തുടങ്ങിയ മേഖലകളില്‍ നിക്ഷേപം വര്‍ധിക്കുന്നതിനാല്‍ ജിസിസി രാജ്യങ്ങളില്‍ നിയമനങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ അനുയോജ്യരായ ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്തുന്നതില്‍ കമ്പനികള്‍ വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്ന് നൗക്കരിഗള്‍ഫ് ഡോട്ട്‌കോം പഠനത്തില്‍ കണ്ടെത്തി. പ്രൊഫഷണലുകളുടെ പ്രതീക്ഷിത ശമ്പളം ഉയര്‍ന്നതാണ് പ്രധാന വെല്ലുവിളി. വര്‍ധിക്കുന്ന ജീവിത ചെലവുകള്‍ കാരണം പ്രൊഫഷണലുകള്‍ ഉയര്‍ന്ന ശമ്പളമാണ് ആവശ്യപ്പെടുന്നത്. ഇത് പലപ്പോഴും അവരുടെ യോഗ്യതക്കും മികവിനും യോജിക്കുന്ന രീതിയിലുള്ളതല്ല. കമ്പനികളുടെ ബജറ്റുകളെ ഇത് പ്രതികൂലമായി ബാധിക്കുന്നുണ്ട്. സാങ്കേതിക മേഖലയില്‍ മികച്ച പ്രൊഫഷണലുകളുടെ ക്ഷാമം നിലനില്‍ക്കുന്നുണ്ടെന്നും കമ്പനികളുടെ എച്ച്ആര്‍ വിഭാഗം മേധാവികള്‍ പറയുന്നു.

എന്തു കൊണ്ട് ഇന്ത്യക്കാര്‍?

ഗള്‍ഫിലെ ജോലിക്ക് ഇന്ത്യക്കാരെ വലിയ തോതില്‍ തെരഞ്ഞെടുക്കുന്നത്, ഗള്‍ഫിന് അനുയോജ്യമായ തൊഴില്‍ സംസ്‌കാരം ഉള്ളതിനാലാണെന്നാണ് തൊഴില്‍ ഉടമകള്‍ ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യ, ഫിലിപ്പൈന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ ഏറെ കാലമായി ഗള്‍ഫിന്റെ തൊഴില്‍ സംസ്‌കാരം മനസിലാക്കിയവരാണ്. തൊഴിലിലെ ശേഷി, സാഹചര്യങ്ങളോട് പൊരുത്തപ്പെടാനുള്ള കഴിവ്, സാംസ്‌കാരികമായ പൊരുത്തം എന്നിവ പ്രധാന കാരണങ്ങളാണ്. സേവന മേഖലയിലും ഇന്ത്യക്കാര്‍ മറ്റു രാജ്യക്കാരെ അപേക്ഷിച്ച് മുന്നിലാണെന്ന് നൗക്കരി ഗള്‍ഫിന്റെ സര്‍വെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT