Personal Finance

സന്തോഷവാര്‍ത്ത! ശമ്പളം ഈ വര്‍ഷം കൂടിയേക്കാം

Dhanam News Desk

ഇന്ത്യന്‍ സ്ഥാപനങ്ങളില്‍ 2019ല്‍ ശരാശരി 10 ശതമാനം കൂടാനുള്ള സാധ്യത. ശരിയായ മേഖലകളില്‍ ജോലി ചെയ്യുന്ന യുവാക്കള്‍, മിഡ് മാനേജ്‌മെന്റ് പ്രൊഫഷണലുകള്‍ തുടങ്ങിയവര്‍ക്ക് മോശമല്ലാത്ത ഇന്‍ക്രിമെന്റ് ഈ വര്‍ഷം പ്രതീക്ഷിക്കാം.

ഗ്ലോബല്‍ അഡൈ്വസറി കമ്പനിയായ വില്ലിസ് ടവേഴ്‌സ് വാട്ട്‌സണ്‍ ആണ് ഇന്ത്യയിലെ പ്രൊഫഷണലുകളുടെ ശമ്പളം 10 ശതമാനം കൂടിയേക്കാം എന്ന പ്രവചനം നടത്തിയിരിക്കുന്നത്. എന്നാല്‍ ഇന്‍ഡോനേഷ്യയില്‍ 8.3 ശതമാനം, ചൈനയില്‍ 6.9 ശതമാനം ഫിലിപ്പൈന്‍സില്‍ ആറ് ശതമാനം, ഹോങ്കോംഗിലും സിംഗപ്പൂരിലും നാല് ശതമാനം മാത്രമേ ശമ്പളവര്‍ദ്ധനവ് ഉണ്ടാകൂ.

കഴിവിനെക്കാളുപരി നിങ്ങള്‍ ഏതു മേഖലയിലാണ് പ്രവര്‍ത്തിക്കുന്നത് എന്നതായിരിക്കും വേതനത്തിനുള്ള പ്രധാന മാനദണ്ഡം. സെര്‍ച്ച് എന്‍ജിന്‍ ഒപ്റ്റിമൈസേഷന്‍, സെര്‍ച്ച് എന്‍ജിന്‍ മാര്‍ക്കറ്റിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിംഗ്, റോബോട്ടിക്‌സ്, ബ്ലോക്‌ചെയ്ന്‍, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് തുടങ്ങിയ മേഖലകളില്‍ നല്ല പ്രൊഫഷണലുകള്‍ക്ക് കടുത്ത ക്ഷാമമുണ്ടെന്ന് എച്ച്.ആര്‍ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഡിമാന്റ് വളരെ കൂടുതലും എന്നാല്‍ പഠിച്ചിറങ്ങിയവരെ ജോലിക്കെടുക്കാനാകാത്ത സാഹചര്യവും കൊണ്ട് മിഡ് മാനേജ്‌മെന്റ് പ്രൊഫഷണലുകള്‍ക്ക് അവസരങ്ങള്‍ ഏറുകയാണ്. അതുകൊണ്ട് അവരുടെ വേതനത്തില്‍ കാര്യമായ ഉയര്‍ച്ച ഈ വര്‍ഷം പ്രതീക്ഷിക്കാം.

10 ശതമാനം ശമ്പളവര്‍ദ്ധനയെന്നത് ശരാശരിയാണെങ്കിലും കഴിവുള്ളവര്‍ക്ക് കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ഏറെ നേട്ടമുണ്ടാക്കാനാകുന്ന വര്‍ഷമാണ് ഇത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സ്ഥാപനങ്ങളുടെ പ്രകടനം മെച്ചപ്പെടാനും പടിപടിയായ വളര്‍ച്ച നേടാനുമുള്ള അവസരം ഈ വര്‍ഷം ഉണ്ടെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT