Personal Finance

കടക്കെണി ഒഴിവാക്കാം; ഇതാ ഇഎംഐ പ്ലാന്‍ ചെയ്യാന്‍ '2-6-10' ഗോള്‍ഡന്‍ റൂള്‍!

പുതിയ ഫോണും ഗാഡ്ജെറ്റുകളും ഇഎംഐയില്‍ വാങ്ങാന്‍ പ്ലാന്‍ ചെയ്യുന്നവര്‍ ഈ ലളിതമായ സാമ്പത്തിക സൂത്രം അറിഞ്ഞിരിക്കണം

Dhanam News Desk

ഇന്ന് വിപണിയില്‍ എത്തുന്ന ഐഫോണ്‍ 17e ഉള്‍പ്പെടെയുള്ള അത്യാധുനിക ഗാഡ്ജെറ്റുകള്‍ സ്വന്തമാക്കാന്‍ മിക്കവരും ആശ്രയിക്കുന്നത് ഇഎംഐ (EMI) സൗകര്യത്തെയാണ്. കൈയ്യില്‍ പണമില്ലെങ്കിലും സാധനങ്ങള്‍ വാങ്ങാമെന്നത് ആകര്‍ഷകമാണെങ്കിലും, കൃത്യമായ പ്ലാനിംഗ് ഇല്ലെങ്കില്‍ ഇത് വലിയ സാമ്പത്തിക ബാധ്യതയിലേക്ക് നയിക്കും. ഇവിടെയാണ് സാമ്പത്തിക വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്ന '2-6-10' റൂള്‍ പ്രസക്തമാകുന്നത്.

എന്താണ് '2-6-10' റൂള്‍?

നിങ്ങളുടെ പ്രതിമാസ വരുമാനവും വാങ്ങാന്‍ ഉദ്ദേശിക്കുന്ന സാധനത്തിന്റെ വിലയും തമ്മിലുള്ള ഒരു സുരക്ഷിത അനുപാതമാണ് ഈ നിയമം മുന്നോട്ട് വെക്കുന്നത്.

ആകെ വില (The '2' Rule)- സാധാരണയായി നമ്മള്‍ ഒരു ഫോണ്‍ വാങ്ങുമ്പോള്‍ അതിന്റെ മാസത്തവണ (EMI) മാത്രമാണ് നോക്കാറുള്ളത്. എന്നാല്‍ ഈ നിയമം പറയുന്നത്, ആ സാധനത്തിന്റെ ആകെ വില നിങ്ങളുടെ ഒരു മാസത്തെ വരുമാനത്തിന്റെ പകുതിയില്‍ (അതായത് 1/2 ഭാഗം) കൂടരുത് എന്നാണ്. എന്തുകൊണ്ട്? പെട്ടെന്ന് ഒരു സാമ്പത്തിക അത്യാവശ്യം വന്നാല്‍, കൈയ്യിലുള്ള പണം മുഴുവന്‍ ഒരു വിലകൂടിയ ഗാഡ്ജെറ്റില്‍ കുടുങ്ങിക്കിടക്കുന്നത് ഒഴിവാക്കാനാണിത്. ഉദാഹരണത്തിന്, 1 ലക്ഷം രൂപ വിലയുള്ള ഐഫോണ്‍ വാങ്ങാന്‍ 2 ലക്ഷം രൂപയെങ്കിലും മാസശമ്പളം ഉള്ളവര്‍ക്ക് മാത്രമേ ഈ നിയമപ്രകാരം അനുവാദമുള്ളൂ.

തിരിച്ചടവ് കാലാവധി (The '6' Rule)- ഇന്ന് പല കമ്പനികളും 12 മുതല്‍ 24 മാസം വരെയുള്ള ഇഎംഐ സൗകര്യങ്ങള്‍ നല്‍കാറുണ്ട്. എന്നാല്‍ ഈ റൂള്‍ പ്രകാരം 6 മാസത്തിനുള്ളില്‍ അടച്ചു തീര്‍ക്കണം. കാരണമെന്തന്നല്ലേ? സാങ്കേതികവിദ്യ അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. നിങ്ങള്‍ വാങ്ങിയ ഫോണ്‍ പഴയതാകുന്നതിന് മുന്‍പേ അതിന്റെ കടം തീര്‍ന്നിരിക്കണം. ദീര്‍ഘകാല ഇഎംഐകള്‍ നിങ്ങളുടെ ക്രെഡിറ്റ് ലിമിറ്റിനെ ബാധിക്കുകയും മറ്റ് അത്യാവശ്യ കാര്യങ്ങള്‍ക്ക് ലോണ്‍ എടുക്കുന്നതിന് തടസമാവുകയും ചെയ്യും

പ്രതിമാസ തവണ (The '10' Rule)- നിങ്ങളുടെ മാസവരുമാനത്തിന്റെ 10 ശതമാനത്തില്‍ കൂടുതല്‍ തുക ഒരൊറ്റ ഇഎംഐക്കായി മാറ്റിവെക്കരുത്. വാടക, ഭക്ഷണം, യാത്ര, ഇന്‍ഷുറന്‍സ് തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ കഴിഞ്ഞുവേണം ആഡംബരങ്ങള്‍ക്കായി പണം ചിലവഴിക്കാന്‍. 10 ശതമാനത്തില്‍ കൂടുതല്‍ ഇഎംഐയിലേക്ക് പോയാല്‍, മാസാവസാനം നിങ്ങള്‍ സാമ്പത്തികമായി കഷ്ടപ്പെടാന്‍ സാധ്യതയുണ്ട്.

സമ്പാദ്യത്തെ കടം വിഴുങ്ങാതിരിക്കാന്‍

ഏറ്റവും പുതുതായി വിപണിയില്‍ ഇറങ്ങിയ ഐഫോണ്‍ 17e-യുടെ ഇന്ത്യയിലെ പ്രാരംഭ വില 64,900 രൂപയാണ്. '2-6-10' റൂള്‍ പ്രകാരം ഈ ഫോണ്‍ വാങ്ങണമെങ്കില്‍ ഒരാള്‍ക്ക് കുറഞ്ഞത് 1.3 ലക്ഷം രൂപയെങ്കിലും മാസശമ്പളം ഉണ്ടായിരിക്കണം. എന്നാല്‍ ഇന്ന് പലരും കുറഞ്ഞ വരുമാനത്തില്‍ നിന്നുപോലും വലിയ തുകകള്‍ ഇഎംഐ ആയി നല്‍കി ആഡംബര വസ്തുക്കള്‍ വാങ്ങുന്നുണ്ട്. ഇത് സമ്പാദ്യത്തെയും നിക്ഷേപങ്ങളെയും ദോഷകരമായി ബാധിക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

കടം വാങ്ങി ആഡംബരങ്ങള്‍ സ്വന്തമാക്കുന്നതിന് മുന്‍പ് ഈ ലളിതമായ നിയമം ഓര്‍ക്കുന്നത് നിങ്ങളുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ സഹായിക്കും.

The 2-6-10 rule offers a simple financial formula to manage EMIs wisely and avoid debt while purchasing gadgets like the iPhone 17e.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT