Image Courtesy: Canva 
Personal Finance

ക്രെഡിറ്റ് കാർഡ് തട്ടിപ്പിലൂടെ നഷ്ടപ്പെട്ടത് 3 ലക്ഷത്തിലധികം രൂപ, സുരക്ഷയ്ക്കായി പാലിക്കേണ്ട 5 പ്രധാന നിർദേശങ്ങള്‍

വലിയ വാഗ്ദാനങ്ങൾ നൽകുന്ന പരസ്യങ്ങളെ സംശയാസ്പദമായി കാണേണ്ടതാണ്

Dhanam News Desk

ഗുഡ്ഗാവ് സെക്ടറില്‍ താമസിക്കുന്ന 42 വയസുള്ള വ്യക്തിക്ക് ക്രെഡിറ്റ് കാർഡ് തട്ടിപ്പിലൂടെ 3.4 ലക്ഷം രൂപയാണ് ഈയിടെ നഷ്ടപ്പെട്ടത്. ഫേസ്ബുക്കിൽ അമേരിക്കൻ എക്സ്പ്രസ് ക്രെഡിറ്റ് കാർഡിന്റെ വ്യാജ പരസ്യം കണ്ടതിനെ തുടർന്ന് ഇയാള്‍ ഇതിന് അപേക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് ബാങ്ക് പ്രതിനിധിയായി വേഷമിട്ട തട്ടിപ്പുകാരൻ ഇയാളെ വിളിച്ച് ഒരു ആപ്പ് ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെട്ടു.

ഈ ആപ്പ് ഉപയോഗിച്ച് ഹാക്കർ ഇയാളുടെ ഫോൺ ഗാലറിയിലേക്ക് ആക്‌സസ് നേടുകയും അവിടെ നിന്ന് രണ്ട് ക്രെഡിറ്റ് കാർഡുകളുടെ വിശദാംശങ്ങൾ നേടുകയും ചെയ്തു. കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ കാർഡും ഐസിഐസിഐ ബാങ്കിന്റെ കാർഡുമാണ് ഇയാള്‍ക്ക് ഉണ്ടായിരുന്നത്. ആദ്യ കാർഡിൽ നിന്ന് 1.95 ലക്ഷം രൂപയും രണ്ടാമത്തേതിൽ നിന്ന് 1.49 ലക്ഷം രൂപയുമാണ് നഷ്ടപ്പെട്ടത്.

ഇത്തരത്തിലുള്ള തട്ടിപ്പ് സംഭവിക്കുന്നത് ഒഴിവാക്കാൻ സ്വീകരിക്കേണ്ട നടപടികളാണ് ഇവിടെ പരിശോധിക്കുന്നത്.

പരസ്യങ്ങൾ: സൗജന്യ കാർഡ്, നിരക്കുകളൊന്നുമില്ല തുടങ്ങിയ വലിയ വാഗ്ദാനങ്ങൾ നൽകുന്ന പരസ്യങ്ങളെ സംശയാസ്പദമായി കാണേണ്ടതാണ്. ഇത്തരം പരസ്യങ്ങളിൽ ഒരിക്കലും ക്ലിക്ക് ചെയ്യാതിരിക്കുക.

യു.ആര്‍.എല്ലിന്റെ ആധികാരികത: ഏതെങ്കിലും ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ, അതിന്റെ യു.ആര്‍.എല്‍ പരിശോധിക്കുക. വെബ് ലിങ്ക് അംഗീകൃത ബാങ്കുകളുടേതാണെന്ന് ഉറപ്പാക്കുക. ഏതെങ്കിലും അനധികൃത ഏജന്റിന്റെയോ ഏജൻസിയുടെയോ ആശ്രയിക്കുന്നത് ഒഴിവാക്കേണ്ടതാണ്.

ആപ്പുകൾ: ഏതെങ്കിലും ഫോം ഫയൽ ചെയ്യുന്നതിനായി മൂന്നാം കക്ഷി ആപ്പുകള്‍ ഡൗൺലോഡ് ചെയ്യുന്നത് ഒഴിവാക്കുക. സാധാരണയായി എല്ലാ ബാങ്കുകൾക്കും ക്രെഡിറ്റ് കാർഡ് കമ്പനികൾക്കും അവരുടേതായ ആപ്പുകൾ ഉണ്ട്. ഏതെങ്കിലും ബാങ്കിന്റെയോ എന്‍.ബി.എഫ്.സിയുടെയോ ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിൽ കുഴപ്പമില്ല. പക്ഷേ ബാങ്കിൽ നിന്നുള്ളതാണെന്ന് അവകാശപ്പെടുന്ന ഏതെങ്കിലും പ്രതിനിധി നല്‍കുന്ന ആപ്പ് ഡൗൺലോഡ് ചെയ്യരുത്.

ഗാലറിയിലേക്കുള്ള ആക്‌സസ്: ഒരു ആപ്പ് ഡൗൺലോഡ് ചെയ്യുമ്പോൾ, നിങ്ങളുടെ ഫോൺ ഗാലറിയിലേക്കോ ഫോൺ റെക്കോർഡിലേക്കോ ആക്‌സസ് ചെയ്യാൻ അനുമതി നൽകുന്നില്ലെന്ന് ഉറപ്പാക്കുക.

വിവരങ്ങൾ ക്രോസ്-വെരിഫൈ ചെയ്യുക: ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലെ വിവരങ്ങൾ ഉപയോഗിച്ച് എല്ലായ്പ്പോഴും ക്രോസ്-വെരിഫൈ ചെയ്യുന്നുവെന്ന് ഉറപ്പാക്കുക. ഉദാഹരണമായി മുകളിൽ പറഞ്ഞ സംഭവത്തില്‍ അമേരിക്കൻ എക്‌സ്പ്രസിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രവേശിച്ച് ഇരയായ വ്യക്തി വിവരങ്ങള്‍ ക്രോസ്-വെരിഫൈ ചെയ്യുന്നത് നന്നായിരുന്നു.

Credit card scam leads to ₹3.4 lakh loss; 5 essential safety tips to avoid fraud.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT