Personal Finance

റിട്ടയര്‍മെന്റ് ആസൂത്രണം ചെയ്യുകയാണോ? ശ്രദ്ധിക്കണം ഈ 5 കാര്യങ്ങള്‍

മികച്ച ആസൂത്രണമില്ലാതെ നടത്തുന്ന നിക്ഷേപം ചിലപ്പോള്‍ റിട്ടയര്‍മെന്റിന് ശേഷം ജീവിക്കാന്‍ തികയണമെന്നില്ല

Dhanam News Desk

ജീവിത ചെലവുകള്‍ ദിവസം തോറും വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ മികച്ച റിട്ടയര്‍മെന്റ് പ്ലാനിംഗ് ഇല്ലാതെ ഇനി ജീവിക്കാനാവില്ല. വരുമാനമുള്ള കാലത്തു തന്നെ മികച്ച ആസൂത്രണം നടത്തിയാല്‍ മാത്രമേ റിട്ടയര്‍മെന്റ് കാലത്ത് അല്ലലില്ലാതെ ജീവിക്കാനാകൂ. ഇപ്പോഴും റിട്ടയര്‍മെന്റ് ആസൂത്രണം ഗൗരവമായി എടുക്കാത്തവരാണ് കൂടുതലും. അടുത്തിടെ നടന്ന ഒരു പഠനം ചൂണ്ടിക്കാട്ടുന്നത് രാജ്യത്തെ 25 ശതമാനം പേരും റിട്ടയര്‍മെന്റിനെ കുറിച്ച് ചിന്തിച്ചിട്ടു പോലുമില്ലെന്നാണ്. 50 ശതമാനം പേര്‍ പറയുന്നു, അവരുടെ സമ്പാദ്യം റിട്ടയര്‍മെന്റ് ചെയ്ത് പത്തു വര്‍ഷത്തിനകം തീരുമെന്ന്. സര്‍വേയില്‍ പങ്കെടുത്ത ആരുടെയും പ്രധാന സാമ്പത്തിക ലക്ഷ്യങ്ങളിലൊന്നും റിട്ടയര്‍മെന്റ് കാലമില്ല.

നിരവധി പെന്‍ഷന്‍ പ്ലാനുകളുണ്ട്. റിട്ടയര്‍മെന്റിനു ശേഷവും ജീവിക്കാനാവശ്യമായ വരുമാനം ഉറപ്പു വരുത്തുകയാണ് ഓരോന്നിന്റെയും ലക്ഷ്യം. അതില്‍ ഏത് വേണമെങ്കിലും തെരഞ്ഞെടുക്കാനാവും. എന്നാല്‍ വ്യക്തികള്‍ക്ക് അനുസരിച്ച് ശരിയായ ആസൂത്രണം ആവശ്യമാണ്. ശ്രദ്ധിക്കണ്ട പ്രധാന കാര്യങ്ങള്‍ ഇവയാണ്.

1. പണപ്പെരുപ്പം

ഏതൊരു നിക്ഷേപം നടത്തുമ്പോഴും ഭാവിയില്‍ ഉണ്ടാകുന്ന പണപ്പെരുപ്പ നിരക്ക് പരിഗണിക്കണം. പണപ്പെരുപ്പത്തെ ചെറുക്കുന്ന തരത്തിലുള്ളതാവണം നിക്ഷേപ പദ്ധതി.

ഉദാഹരണത്തിന് പണപ്പെരുപ്പ നിരക്ക് പ്രതിവര്‍ഷം 6 ശതമാനമാണെങ്കില്‍ ഇന്നത്തെ 100 രൂപയ്ക്ക് ഒരു വര്‍ഷത്തിനു ശേഷം 94 രൂപയുടെ മൂല്യമേ ഉണ്ടാവുകയുള്ളൂ. നിക്ഷേപ പദ്ധതിയില്‍ നിന്നുള്ള നേട്ടം ആറു ശതമാനമോ അതില്‍ കുറവോ ആണെങ്കില്‍ അത് മികച്ച നിക്ഷേപ പദ്ധതിയായി പരിഗണിക്കാനാവില്ല.

2. കൂടുതല്‍ റിസ്‌ക് എടുക്കേണ്ട

റിട്ടയര്‍മെന്റ് പദ്ധതികളിന്മേല്‍ കൂടുതല്‍ റിസ്‌ക് എടുക്കാതിരിക്കുകയാണ് ഉചിതം. നേട്ടം ഉറപ്പു തരുന്ന പദ്ധതികളില്‍ മതി റിട്ടയര്‍മെന്റ് കാലത്തേക്കുള്ള പണം സ്വരൂപിക്കേണ്ടത്.

3. മതിയായ തുക കിട്ടണം

റിട്ടയര്‍മെന്റിന് ശേഷം ജീവിക്കാന്‍ മതിയായ തുക നിക്ഷേപത്തില്‍ നിന്ന് ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. നിത്യജീവിതത്തിനുള്ള തുകയ്ക്ക് പുറമേ ചികിത്സ പോലെയുള്ള അടിയന്തിരാവശ്യങ്ങള്‍ക്കും മതിയാകണം.

4. വരുമാനത്തെ ബാധിക്കുന്ന ഘടകങ്ങള്‍

എത്രകാലം വരുമാനം ലഭിക്കുമെന്നതടക്കമുള്ള കാര്യങ്ങള്‍ നിക്ഷേപം തെരഞ്ഞെടുക്കുമ്പോള്‍ തന്നെ ശ്രദ്ധിക്കേണ്ടതുണ്ട്. ചില പദ്ധതികളില്‍ റിട്ടയര്‍മെന്റിന് ശേഷം കുറച്ചു കാലത്തേക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കും. ചിലത് ആജീവനാന്തം നേട്ടം നല്‍കും. നിക്ഷേപകന്റെ മരണ ശേഷം നോമിനിക്ക് നിശ്ചിത തുക തുടര്‍ച്ചയായി നല്‍കുന്ന പെന്‍ഷന്‍ നല്‍കുന്ന പദ്ധതികളുമുണ്ട്.

5. നികുതി

പെന്‍ഷന്‍ പദ്ധതികള്‍ തെരഞ്ഞെടുക്കുമ്പോള്‍ അതില്‍ നിന്നുള്ള വരുമാനത്തിന് നികുതി ബാധകമാണോ എന്ന കാര്യം ശ്രദ്ധിക്കണം. പദ്ധതിക്ക് അനുസരിച്ച് ഇത് വ്യത്യാസപ്പെട്ടിരിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT