Personal Finance

ആദായനികുതിയില്‍ ഇളവ് നേടാം ഈ പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളിലൂടെ

സെക്ഷന്‍ 80സി പ്രകാരം ആദായനികുതിയിളവ് നേടാവുന്ന 5 ലഘുസമ്പാദ്യ പദ്ധതികള്‍

Dhanam News Desk

സാധാരണക്കാര്‍ക്കിടയില്‍ മികച്ച സ്വീകാര്യതയുള്ള നിക്ഷേപപദ്ധതികളാണ് കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച ലഘുസമ്പാദ്യ പദ്ധതികള്‍. ദീര്‍ഘകാലത്തില്‍ ഉയര്‍ന്ന പലിശനിരക്കോടെ മികച്ചനേട്ടം കൈവരിക്കാനാകുമെന്നാണ് ഇവയുടെ മുഖ്യ സവിശേഷത. അതേസമയം, ആദായനികുതിയില്‍ ഉയര്‍ന്ന ഇളവുകളും ഇവയില്‍ നിക്ഷേപിക്കുന്നതിലൂടെ സ്വന്തമാക്കാം.

ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80സി പ്രകാരം ലഘുസമ്പാദ്യ പദ്ധതികളിലെ നിക്ഷേപങ്ങള്‍ മുഖേന പ്രതിവര്‍ഷം 1.50 ലക്ഷം രൂപവരെ നികുതിയിളവ് നേടാം. ഉയർന്ന നികുതിനേട്ടം ഉറപ്പ് നല്‍കുന്ന 5 പോസ്റ്റ് ഓഫീസ് നിക്ഷേപപദ്ധതികളെ പരിചയപ്പെടാം.

1. പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പി.പി.എഫ്)

ശമ്പളാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നയാള്‍ക്ക് നിക്ഷേപിക്കാവുന്ന പദ്ധതിയാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അഥവാ പി.പി.എഫ്. പദ്ധതികാലാവധി പൂര്‍ത്തിയാകുമ്പോള്‍ ഉയര്‍ന്ന പലിശനിരക്കോടെ മികച്ചതുക തിരികെ നേടാനാകും. നിലവില്‍ വാര്‍ഷിക സംയോജിത പലിശനിരക്ക് 7.1 ശതമാനമാണ്.

സെക്ഷന്‍ 80സി പ്രകാരം ആദായനികുതിയില്‍ 1.5 ലക്ഷം രൂപവരെ ഇളവും നേടാമെന്ന പ്രത്യേകതയുണ്ട്. മാത്രമല്ല, പദ്ധതിയില്‍ നിന്നുള്ള പലിശയ്ക്കും കാലാവധി പൂര്‍ത്തിയായ ശേഷം ലഭിക്കുന്ന മൊത്തം തുകയ്ക്കും നികുതിയില്ലെന്ന നേട്ടവുമുണ്ട്.

2. സുകന്യ സമൃദ്ധി യോജന

പത്ത് വയസില്‍ താഴെയുള്ള പെണ്‍കുട്ടിയുടെ പേരില്‍ ചേരാവുന്ന പദ്ധതി. കുട്ടിക്ക് 18 വയസ് പൂര്‍ത്തിയാകുമ്പോള്‍ നിക്ഷേപത്തിന്റെ ഉടമസ്ഥാവകാശം സ്വന്തമാകും. നിലവില്‍ 7.6 ശതമാനം പലിശ നല്‍കുന്ന പദ്ധതിയാണിത്. ഓരോ സാമ്പത്തികവര്‍ഷവും കുറഞ്ഞത് 250 രൂപയും പരമാവധി 1.50 ലക്ഷം രൂപയും പദ്ധതിയില്‍ നിക്ഷേപിക്കാം. സെക്ഷന്‍ 80സി പ്രകാരം ആദായനികുതിയില്‍ 1.50 ലക്ഷം രൂപവരെ ഇളവും നേടാം.

3. സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം

60 വയസോ അതിനുമുകളിലോ പ്രായമുള്ളവര്‍ക്കുള്ള നിക്ഷേപ പദ്ധതിയാണ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം അഥവാ എസ്.സി.എസ്.എസ്. നിക്ഷേപിക്കാവുന്ന കുറഞ്ഞതുക 1000 രൂപ. ഉയര്‍ന്ന തുക 15 ലക്ഷം രൂപ. 5 വര്‍ഷമാണ് നിക്ഷേപ കാലാവധി. തുടര്‍ന്ന് ഓരോ മൂന്ന് വര്‍ഷത്തേക്കും പുതുക്കാം. സെക്ഷന്‍ 80സി പ്രകാരം 1.50 ലക്ഷം രൂപവരെ നികുതിയിളവ് നല്‍കുന്ന പദ്ധതി വാഗ്ദാനം ചെയ്യുന്ന പലിശ കഴിഞ്ഞപാദപ്രകാരം 8 ശതമാനമാണ്. പാദാടിസ്ഥാനത്തിലാണ് പലിശ നിശ്ചയിക്കുന്നത്.

4. പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്

ബാങ്കുകളിലെ സ്ഥിരനിക്ഷേപത്തിന് (എഫ്.ഡി) സമാനമായ പദ്ധതിയാണ് ഇന്ത്യ പോസ്റ്റ് അവതരിപ്പിച്ച ദ നാഷണല്‍ സേവിംഗ്‌സ് ടൈം ഡെപ്പോസിറ്റ് അക്കൗണ്ട് അഥവാ പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് (ടി.ഡി) അക്കൗണ്ട്. എന്നാല്‍, എഫ്.ഡികള്‍ നല്‍കാത്തൊരു നേട്ടം ഇവ നല്‍കും, ആദായനികുതിയില്‍ സെക്ഷന്‍ 80സി പ്രകാരം 1.50 ലക്ഷം രൂപവരെ ഇളവ്.

ഓരോ ത്രൈമാസത്തിലും ഈ പദ്ധതിയുടെ പലിശനിരക്ക് കേന്ദ്രം പരിഷ്‌കരിക്കാറുണ്ട്. നിലവില്‍ പലിശ 5 വര്‍ഷത്തെ നിക്ഷേപത്തിന് 7 ശതമാനമാണ്. കുറഞ്ഞത് 1000 രൂപ നിക്ഷേപിക്കാം. പരമാവധി നിക്ഷേപത്തിന് പരിധിയില്ല.

5. നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ് (എന്‍.എസ്.സി)

കുറഞ്ഞത് ആയിരം രൂപ നിക്ഷേപിക്കാവുന്ന പദ്ധതിയാണിത്. ഉയര്‍ന്ന നിക്ഷേപത്തിന് പരിധിയില്ല. 5 വര്‍ഷമാണ് കാലാവധി. 7 ശതമാനമാണ് പലിശനിരക്ക്. സെക്ഷന്‍ 80സി പ്രകാരം 1.50 ലക്ഷം രൂപവരെ നികുതിയിളവ് നല്‍കുന്ന ഈ പദ്ധതിയിലെ നിക്ഷേപം ഈടുവച്ച് നിങ്ങള്‍ക്ക് ബാങ്ക് വായ്പയും നേടാനാകും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT