Personal Finance

ക്രെഡിറ്റ് കാര്‍ഡില്‍ കടം കുമിഞ്ഞു കൂടിയോ? ഇതാ കടം തീര്‍ക്കാന്‍ അഞ്ചു വഴികള്‍

Dhanam News Desk

ഒരു സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുമ്പോള്‍ ഏതൊരാള്‍ക്കും ഏറ്റവും എളുപ്പത്തില്‍ ആശ്രയിക്കാവുന്ന ഒന്നാണ് ക്രെഡിറ്റ് കാര്‍ഡ്. ലോക്ക് ഡൗണില്‍ പെട്ട് ജോലിയും കൂലിയുമില്ലാതെയിരിക്കുമ്പോള്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാന്‍ പലരും നിര്‍ബന്ധിതരാകുകയും ചെയ്യും. എന്നാല്‍ വരുമാനം പ്രതീക്ഷിച്ച പോലെ ഇല്ലാതിരിക്കുമ്പോള്‍ ഇത് തിരിച്ചടയ്ക്കാന്‍ കഴിയണമെന്നില്ല. ഫലമോ വലിയ കടക്കെണിയില്‍ അകപ്പെടുകയും ചെയ്യും. തിരിച്ചടവ് തിയതി കഴിഞ്ഞാല്‍ വന്‍ പലിശ നല്‍കേണ്ടി വരുന്നു എന്നതിനാല്‍ കടം പെരുകുകയും ചെയ്യും.

കഴിയുന്നതും വേഗത്തില്‍ ക്രെഡിറ്റ് കാര്‍ഡ് വരുത്തി വെച്ച ബാധ്യതയില്‍ നിന്ന് പുറത്തു കടക്കുക എന്നതു മാത്രമാണ് പ്രതിവിധി. അതിനുള്ള അഞ്ചു വഴികളിതാ...

1. ബാലന്‍സ് ട്രാന്‍സ്ഫര്‍

ഒരു കാര്‍ഡിലെ ബാധ്യത മറ്റൊരു കാർഡിലേക്ക് മാറ്റാനുള്ള സൗകര്യം പല ബാങ്കുകളും നല്‍കുന്നുണ്ട്. പലിശ നിരക്ക് കുറഞ്ഞ കാര്‍ഡുകളിലേക്ക് ബാധ്യത മാറ്റുന്നതിലൂടെ പണം തിരിച്ചടവിന് കൂടുതല്‍ സമയം ലഭിക്കുമെന്ന് മാത്രമല്ല തിരിച്ചടവ് മുടങ്ങിയാല്‍ തന്നെ കുറഞ്ഞ പലിശ നല്‍കിയാല്‍ മതിയെന്ന നേട്ടവുമുണ്ട്.

2. സ്‌നോബോള്‍ രീതി

തിരിച്ചടവ് ഭാരം കുറയ്ക്കുന്നതിനായി കടം പടിപടിയായി അടച്ചു തീര്‍ക്കുന്ന രീതിയാണിത്. ചെറിയ കടങ്ങള്‍ ആദ്യം വീട്ടാം. ഒരു കാര്‍ഡില്‍ ചെറിയൊരു തുക മാത്രമാണ് തിരിച്ചടക്കാനുള്ളതെങ്കിലും അത് വീട്ടിയാല്‍ ക്രെഡിറ്റ് സ്‌കോറും ക്രെഡിറ്റ് യുട്ടിലൈസേഷന്‍ റേഷ്യോയും മെച്ചപ്പെടും.

3. വ്യക്തിഗത വായ്പ

ബാധ്യത തീര്‍ക്കാന്‍ വ്യക്തിഗത വായ്പ എടുക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ പൊതുവേ സാമ്പത്തിക വിദഗ്ധര്‍ ഇത് നിര്‍ദ്ദേശിക്കാറില്ല. കാരണം പലിശയുടെ കാര്യത്തില്‍ വ്യക്തിഗത വായ്പയും പിന്നിലല്ല എന്നതു തന്നെ. എന്നിരിക്കിലും കടം പെരുകിയിട്ടുണ്ടെങ്കില്‍ മടിക്കാതെ ഈ വഴിയും തെരഞ്ഞെടുക്കാം. 36 മുതല്‍ 40 ശതമാനം വരെയാണ് ക്രെഡിറ്റ് കാര്‍ഡ് പണം തിരിച്ചടവ് മുടങ്ങിയാല്‍ വിവിധ ധനകാര്യ സ്ഥാപനങ്ങള്‍ ഈടാക്കുക. അതേസമയം 11 മുതല്‍ 24 ശതമാനം വരെ നിരക്കില്‍ വ്യക്തിഗത വായ്പകള്‍ ലഭ്യമാകും.

4. വായ്പ ടോപ് അപ്പ് ചെയ്യാം

ക്രെഡിറ്റ് കാര്‍ഡ് ബാധ്യത തീര്‍ക്കാനുള്ള മറ്റൊരു വഴിയാണ് പലിശ കുറഞ്ഞതും നിലവിലുള്ളതുമായ ഭവന വായ്പ ടോപ്പ് അപ്പ് ചെയ്യുക എന്നത്. തുടര്‍ച്ചയായി രണ്ടു വര്‍ഷം മുടങ്ങാതെ തിരിച്ചടവ് നടത്തുന്ന ഭവന വായ്പകള്‍ എളുപ്പത്തില്‍ ടോപ് അപ്പ് ചെയ്ത് കൂടുതല്‍ വായ്പാ തുക നേടാനാകും. എന്നാല്‍ ഭവന വായ്പയുടെ നിരക്കില്‍ തന്നെ ഇത് ലഭ്യമാകുമെങ്കിലും ഇതിലൂടെ നികുതിയിളവ് ലഭ്യമാകില്ല.

5. നിക്ഷേപം പണമാക്കി മാറ്റാം

മറ്റൊരു വഴിയും ഇല്ലെങ്കില്‍ മാത്രം തെരഞ്ഞെടുക്കാവുന്ന വഴിയാണിത്. നിങ്ങളുടെ നിക്ഷേപത്തില്‍ നിന്ന് ലഭിക്കുന്ന പലിശയേക്കാള്‍ ഉയര്‍ന്നതാണ് ക്രെഡിറ്റ് കാര്‍ഡ് പലിശയെന്നതു കൊണ്ടു തന്നെ ക്രെഡിറ്റ് കാര്‍ഡ് ബാധ്യത തീര്‍ക്കുന്നതിന് ആദ്യപരിഗണന നല്‍കണം. കടം തീര്‍ക്കാന്‍ സ്ഥിര നിക്ഷേപമോ കുറഞ്ഞ വരുമാനം നല്‍കുന്ന മറ്റു നിക്ഷേപങ്ങളോ ഉപയോഗപ്പെടുത്തുക.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT