Image Courtesy: Canva 
Personal Finance

ആജീവനാന്ത ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് ചെലവ് കുറവ്; നിരവധി ആനുകൂല്യങ്ങള്‍

ഉപയോക്താക്കള്‍ക്ക് യാതൊരു ഫീസും കൂടാതെ ഈ കാര്‍ഡുകള്‍ എടുക്കാനും പുതുക്കാനും സാധിക്കും

Dhanam News Desk

ഇന്നത്തെ കാലത്ത് സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ മിക്കവരും ഡെബിറ്റ് കാര്‍ഡുകളും ക്രെഡിറ്റ് കാര്‍ഡുകളും ഉപയോഗിക്കുന്നത് പതിവായിരിക്കുകയാണ്. ദ്രുതഗതിയില്‍ കാര്യങ്ങള്‍ നടത്താന്‍ വെമ്പുന്ന ഇക്കാലത്ത് ഷോപ്പുകളില്‍ നിന്ന് ദൈനംദിന വാങ്ങലുകൾക്ക് ക്രെഡിറ്റ് കാർഡുകളാണ് മിക്കവരും ഉപയോഗിക്കുന്നത്.

സുരക്ഷിതമായി ചെലവുകൾ കൈകാര്യം ചെയ്യാമെന്ന സൗകര്യവും ക്രെഡിറ്റ് കാര്‍ഡുകള്‍ക്കുണ്ട്. ക്രെഡിറ്റ് കാര്‍ഡുകളില്‍ നിരവധി വ്യത്യസ്തമായ ഓപ്ഷനുകൾ ഉള്ളതിനാൽ, ശരിയായ ക്രെഡിറ്റ് കാർഡ് തിരഞ്ഞെടുക്കുന്നത് ഉപയോക്താക്കളെ സംബന്ധിച്ച് വെല്ലുവിളി നിറഞ്ഞതാണ്.

വാർഷിക ഫീസ് ഈടാക്കാത്ത ആജീവനാന്ത സൗജന്യ ക്രെഡിറ്റ് കാർഡുകളുടെ ആനുകൂല്യങ്ങളും സൗകര്യങ്ങളും പരിശോധിക്കുകയാണ് ഇവിടെ. ആജീവനാന്ത സൗജന്യ ക്രെഡിറ്റ് കാർഡുകൾ ഭാരിച്ച ഫീസ് ഈടാക്കുന്ന പല പ്രീമിയം കാർഡുകളിൽ നിന്നും വളരെ വ്യത്യസ്തമാണ്. ഈ കാർഡുകൾ അധിക ചെലവുകളില്ലാതെ ഒട്ടേറെ ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്നു.

പ്രയോജനങ്ങൾ

വാർഷിക ഫീസ് ഇല്ല: ഉപയോക്താക്കള്‍ക്ക് യാതൊരു ഫീസും കൂടാതെ ഈ കാര്‍ഡുകള്‍ എടുക്കാനും പുതുക്കാനും സാധിക്കും. കാർഡ് ഉപയോക്താവിന്റെ ജീവിതകാലം മുഴുവൻ സൗജന്യമായി തുടരുമെന്നത് പ്രധാനപ്പെട്ട നേട്ടമാണ്.

ചെലവ് ലാഭിക്കൽ: ഈ കാർഡുകളിൽ പലതും ഫ്യുവല്‍ ഇടപാട് ഫീസ് ഒഴിവാക്കുന്നതാണ്. ഇത് ദൈനംദിന ചെലവുകളിൽ ഗണ്യമായ ലാഭം നൽകുന്നു.

വിപുലമായ ആനുകൂല്യങ്ങൾ: കാർഡ് ഉടമകൾക്ക് ഷോപ്പിംഗ്, ഡൈനിംഗ്, യാത്ര എന്നിവയില്‍ കിഴിവുകള്‍ ആസ്വദിക്കാവുന്നതാണ്. സിനിമാ ടിക്കറ്റുകൾക്കും ഭക്ഷണ വിതരണത്തിനുമുള്ള ഓഫറുകൾ ഉൾപ്പെടെ ഒട്ടേറെ ആനുകൂല്യങ്ങളാണ് ഇവ നല്‍കുന്നത്.

വെല്‍ക്കം ഓഫറുകള്‍: സൈൻ അപ്പ് ചെയ്യുമ്പോൾ ഉപയോക്താക്കൾക്ക് റിവാർഡ് പോയിന്റുകൾ, വൗച്ചറുകൾ, ജനപ്രിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലേക്കുള്ള സബ്‌സ്‌ക്രിപ്‌ഷനുകൾ പോലുള്ള ആകർഷകമായ സ്വാഗത ബോണസുകൾ ലഭിക്കും.

കുറഞ്ഞ വരുമാന ആവശ്യകതകൾ: കുറഞ്ഞ വരുമാന പരിധിയുളളവര്‍ക്കും ഈ കാർഡുകൾ എടുക്കാവുന്നതാണ്. ഇത് കൂടുതല്‍ ജനങ്ങള്‍ക്ക് ഇത്തരം കാര്‍ഡുകള്‍ പ്രയോജനപ്പെടുത്തുന്നതിനുളള സാധ്യതകള്‍ തുറന്നിടുന്നു.

യോഗ്യത: ഈ കാർഡുകൾക്കായുള്ള അപേക്ഷയും അപ്രൂവല്‍ പ്രക്രിയകളും സാധാരണയായി സങ്കീർണ്ണമല്ലാത്തതും വേഗത്തിലുള്ളതുമാണ്.

2024 ലെ മികച്ച ആജീവനാന്ത സൗജന്യ ക്രെഡിറ്റ് കാർഡുകളില്‍ ചിലത് ഇവയാണ്.

എച്ച്.എസ്.ബി.സി വിസ പ്ലാറ്റിനം ക്രെഡിറ്റ് കാർഡ്: ഇന്ധന ഫീസിൽ 3000 രൂപ വരെ വാർഷിക കിഴിവ് ഈ കാർഡ് വാഗ്ദാനം ചെയ്യുന്നു.

ഫെഡറൽ ബാങ്ക് സ്കാപിയ ക്രെഡിറ്റ് കാർഡ്: ഓരോ മാസവും 5,000 രൂപയെങ്കിലും ചെലവഴിക്കുകയാണെങ്കില്‍ ആഭ്യന്തര എയർപോർട്ട് ലോഞ്ചുകളില്‍ അൺലിമിറ്റഡ് പ്രവേശനം.

ഐ.സി.ഐ.സി.ഐ ബാങ്ക് പ്ലാറ്റിനം ചിപ്പ് ക്രെഡിറ്റ് കാർഡ്: പെട്രോൾ ഒഴികെയുളള റീട്ടെയിൽ സ്റ്റോറുകളിൽ ചെലവഴിക്കുന്ന ഓരോ 100 രൂപയ്ക്കും രണ്ട് റിവാർഡ് പോയിന്റുകൾ നേടാവുന്നതാണ്. ഇന്ത്യയിലുടനീളമുള്ള എച്ച്.പി.സി.എല്‍ പമ്പുകളിൽ 1 ശതമാനം ഇന്ധന സർചാർജ് ഒഴിവാക്കൽ (4,000 രൂപ വരെ) വാഗ്ദാനം ചെയ്യുന്നു.

ഐ.ഡി.എഫ്.സി ഫസ്റ്റ് സെലക്ട് ക്രെഡിറ്റ് കാർഡ്: ആഭ്യന്തര എയർപോർട്ട് ലോഞ്ചുകളിലേക്ക് സൗജന്യ പ്രവേശനം. ഓരോ യു.പി.ഐ ഇടപാടിനും 3X വരെ റിവാർഡ് പോയിന്റുകൾ. ആദ്യത്തെ നാല് UPI ഇടപാടുകളിൽ 200 രൂപ വരെ 100 ശതമാനം ക്യാഷ്ബാക്ക്.

ആമസോൺ പേ ഐ.സി.ഐ.സി.ഐ ക്രെഡിറ്റ് കാർഡ്: ആമസോണിലെ 100 ദശലക്ഷത്തിലധികം ഉൽപ്പന്നങ്ങളിൽ നിന്നും ആമസോണ്‍ പേ പങ്കാളി വ്യാപാരികളിൽ നിന്നും ഷോപ്പു ചെയ്യാൻ കാര്‍ഡ് റിഡീം ചെയ്യാന്‍ സാധിക്കും.

ഐ.ഡി.എഫ്.സി ഫസ്റ്റ് മില്ലേനിയം ക്രെഡിറ്റ് കാർഡ്: കാർഡ് ഉടമയുടെ ജന്മദിനത്തിൽ 20,000 രൂപയിൽ കൂടുതൽ ചെലവഴിക്കുന്നതിന് 10X റിവാർഡ് പോയിന്റുകൾ. ഇൻഷുറൻസ് പ്രീമിയങ്ങൾക്കും യൂട്ടിലിറ്റി ബിൽ പേയ്‌മെന്റുകൾക്കും കാർഡ് 1X റിവാർഡ് പോയിന്റുകൾ വാഗ്ദാനം ചെയ്യുന്നു.

കൊട്ടക് 811 #ഡ്രീം ഡിഫറന്റ് ക്രെഡിറ്റ് കാര്‍ഡ്: ഐ.ആര്‍.സി.ടി.സി വെബ്‌സൈറ്റിൽ ബുക്ക് ചെയ്യുമ്പോൾ 1.8 ശതമാനം റെയിൽവേ സർചാർജ് (500 രൂപ വരെ) ഒഴിവാക്കാം. റെയിൽവേ കൗണ്ടറിൽ ബുക്ക് ചെയ്യുമ്പോൾ 2.5 ശതമാനം സര്‍ചാര്‍ജ് ഒഴിവാക്കാം. മൊത്തം ക്രെഡിറ്റ് പരിധിയുടെ 90 ശതമാനം വരെ പണമായി പിൻവലിക്കാം. എ.ടി.എമ്മിൽ നിന്ന് പണം പിൻവലിക്കുന്നതിനും പണം ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനുമുളള പ്രോസസിംഗ് ചെലവ് 100 രൂപയാണ്.

ഇന്‍ഡസ്ഇന്‍ഡ് പ്ലാറ്റിനം ക്രെഡിറ്റ് കാർഡ്: ഇന്ത്യയിലെ എല്ലാ ഗ്യാസ് പമ്പുകളിലും 400 രൂപയ്ക്കും 4000 രൂപയ്ക്കും ഇടയിൽ 1 ശതമാനം ഇന്ധന ഫീസ് ഇളവ് നേടുക. 25 ലക്ഷം രൂപ വരെ വിമാന അപകട ഇൻഷുറൻസ് പരിരക്ഷ, നഷ്ടപ്പെട്ട ബാഗേജ് ഇൻഷുറൻസ് പരിരക്ഷയായി 1 ലക്ഷം രൂപ വരെയും വാഗ്ദാനം ചെയ്യുന്നു.

ആര്‍.ബി.എല്‍ ബാങ്കിന്റെ ബാങ്ക് ബസാർ സേവ്മാക്സ് ക്രെഡിറ്റ് കാർഡ്: നിത്യ ജീവിതത്തിലെ ബില്ലുകൾ അടയ്ക്കാനും മർച്ചന്റ് ഓഫറുകൾ സ്വീകരിക്കാനും ഫാസ്റ്റ് ലോണുകൾക്ക് അപേക്ഷിക്കാനും ആര്‍.ബി.എല്‍ ബാങ്ക് മൈകാര്‍ഡ് ആപ്പ് ഉപയോക്താക്കളെ അനുവദിക്കുന്നു.

എ.യു എല്‍.ഐ.ടി ക്രെഡിറ്റ് കാർഡ്: എല്ലാ ആഭ്യന്തര, അന്തർദേശീയ ഓൺലൈൻ റീട്ടെയിൽ പർച്ചേസുകളിലും 5x അല്ലെങ്കിൽ 10x റിവാർഡ് പോയിന്റുകൾ നേടാം.

ആജീവനാന്ത സൗജന്യ ക്രെഡിറ്റ് കാർഡ് തിരഞ്ഞെടുക്കുമ്പോള്‍ ആനുകൂല്യങ്ങൾ, റിവാർഡ് ഘടനകൾ, ഉപയോക്താവിന്റെ വ്യക്തിഗത ചെലവ് ശീലങ്ങൾ എന്നിവ ശ്രദ്ധാപൂർവ്വം പരിഗണിക്കുക.

ക്രെഡിറ്റ് കാര്‍ഡുകളില്‍ ഹിഡന്‍ ഫീസ് ഒഴിവാക്കുന്നതിനായി നിബന്ധനകളും വ്യവസ്ഥകളും വായിക്കുക. ഉപയോക്താവിന്റെ ജീവിതശൈലിയും ഷോപ്പിംഗ് രീതികളും സാമ്പത്തിക ഇടപാടുകളും അനുസരിച്ച് വേണം അനുയോജ്യമായ ക്രെഡിറ്റ് കാര്‍ഡ് തിരഞ്ഞെടുക്കാന്‍ എന്നത് പ്രത്യേകം ശ്രദ്ധിക്കുക.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT