പ്രതീകാത്മക ചിത്രം (Image Source: Canva)
Personal Finance

മുതിർന്ന പൗരന്മാരുടെ സ്ഥിരനിക്ഷേപത്തിന് ഇപ്പോൾ ഏറ്റവും ഉയർന്ന പലിശ നൽകുന്ന ബാങ്കുകൾ ഏതൊക്കെ?

നിലവിൽ 9 ബാങ്കുകളാണ് മുതിർന്ന പൗരന്മാരുടെ സ്ഥിരനിക്ഷേപത്തിന് 8 ശതമാനമോ അതിൽ കൂടുതലോ പലിശ വാഗ്ദാനം ചെയ്യുന്നത്

Dhanam News Desk

റിട്ടയർമെന്റിന് ശേഷം സുരക്ഷിതമായ സ്ഥിരവരുമാനം തേടുന്ന മുതിർന്ന പൗരന്മാർക്ക് 8 ശതമാനത്തിന് മുകളിൽ പലിശ വാഗ്ദാനം ചെയ്യുന്ന 9 ബാങ്കുകളുടെ എഫ്.ഡി. സ്കീമുകൾ മികച്ച അവസരമായി മാറുന്നു. എക്വിറ്റാസ്, ശിവാലിക് സ്മോൾ ഫിനാൻസ് ബാങ്കുകൾ 8.50 ശതമാനം വരെ പലിശ നൽകുമ്പോൾ, ജന, ഉജ്ജീവൻ, ഇസാഫ്, സൂര്യോദയ്, ഉത്കർഷ്, ഡി.സി.ബി ബാങ്ക് എന്നിവയും 8 ശതമാനത്തിന് മുകളിലുള്ള പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്.

ജോലിയിൽ നിന്നും വിരമിച്ചപ്പോഴുള്ള സമ്പാദ്യം സുരക്ഷിതമായി സൂക്ഷിക്കുവാനും അതിൽ നിന്നും കൃത്യമായ മാസവരുമാനം ഉറപ്പാക്കാനും ഇന്നത്തെ കാലത്തും മുതിർന്ന പൗരന്മാരുടെ (Senior citizens) പ്രഥമ പരി​ഗണനകളിലൊന്ന് ബാങ്കുകളിലെ ഫിക്സഡ് ഡിപ്പോസിറ്റ് (FD) സ്കീമുകളെയാണ്. വിപണിയിൽ പലിശ നിരക്കുകൾ കുറയാനുള്ള സാധ്യതകൾ നിലനിൽക്കുമ്പോഴും തിരികെ കിട്ടുമെന്ന് ഏറെക്കുറെ ഉറപ്പുള്ള നിക്ഷേപമെന്ന (കുറഞ്ഞ റിസ്ക്) നിലയിൽ ബാങ്ക് എഫ്.ഡി.കൾക്കുള്ള പ്രിയമേറെയാണ്. ആകർഷകമായ പലിശ നിരക്കിൽ സ്ഥിരനിക്ഷേപം നടത്താൻ ഇപ്പോൾ ആഗ്രഹിക്കുന്ന മുതിർന്ന പൗരന്മാർക്കായി 8 ശതമാനത്തിൽ കൂടുതൽ പലിശ നൽകുന്ന ബാങ്കുകൾ ഏതൊക്കെയുണ്ടെന്ന് നോക്കാം.

ജൂലൈ 15-ന് അടിസ്ഥാനമാക്കി പൈസബാസാർ നൽകുന്ന ഡാറ്റ പ്രകാരം, 9 ബാങ്കുകളാണ് മുതിർന്ന പൗരന്മാർക്ക് നിലവിൽ സ്ഥിരനിക്ഷേപത്തിന് 8 ശതമാനമോ അതിൽ കൂടുതലോ പലിശ വാഗ്ദാനം ചെയ്യുന്നത്. ഇതിൽ ഭൂരിഭാഗവും സ്മോൾ ഫിനാൻസ് ബാങ്കുകളാണ് (SFBs) എന്നതും ശ്രദ്ധേയം. എക്വിറ്റാസ്, ശിവാലിക് സ്മോൾ ഫിനാൻസ് ബാങ്കുകളാണ് ഇപ്പോൾ ഏറ്റവും ഉയർന്ന പലിശ നൽകുന്നത് — 8.50 ശതമാനം. ജന സ്മോൾ ഫിനാൻസ് ബാങ്ക്, ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക് എന്നിവ 8.30 ശതമാനം പലിശയുമായി പട്ടികയിൽ തൊട്ടുപിന്നിലുണ്ട്.

മുതിർന്ന പൗരന്മാർക്ക് ഉയർന്ന പലിശ നൽകുന്ന ബാങ്കുകൾ

  • ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക് — 8.50%

  • ശിവാലിക് സ്മോൾ ഫിനാൻസ് ബാങ്ക് — 8.50%

  • ജന സ്മോൾ ഫിനാൻസ് ബാങ്ക് — 8.30%

  • ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക് — 8.30%

  • ഇസാഫ് (ESAF) സ്മോൾ ഫിനാൻസ് ബാങ്ക് — 8.25%

  • സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക് — 8.25%

  • ഉത്കർഷ് സ്മോൾ ഫിനാൻസ് ബാങ്ക് — 8.25%

  • ഡി.സി.ബി ബാങ്ക് — 8.00%

അഞ്ച് വർഷം കാലാവധിയിലുള്ള നികുതി ഇളവ് ലഭിക്കുന്ന പരമ്പരാഗത സ്ഥിരനിക്ഷേപങ്ങളേക്കാൾ (Tax Saving FD) രണ്ട് മുതൽ മൂന്ന് വർഷം വരെയുള്ള കാലാവധിയുള്ള സ്ഥിരനിക്ഷേപങ്ങൾക്കാണ് ഈ ഉയർന്ന പലിശ നിരക്കുകൾ ലഭ്യമാകുന്നത്. ബാങ്കിന്റെ സ്ഥിരത, റിസർവ് ബാങ്കിന്റെ (DICGC) ഇൻഷുറൻസ് പരിരക്ഷ (5 ലക്ഷം രൂപ വരെ), നിക്ഷേപ കാലാവധി, പണം പിൻവലിക്കാനുള്ള സൗകര്യം (Liquidity) എന്നിവയൊക്കെ എഫ്.ഡി സ്കീം തിരഞ്ഞെടുക്കുന്നതിന് മുൻപ് മുതിർന്ന പൗരന്മാർ കൃത്യമായി വിലയിരുത്തേണ്ടതുണ്ട്. നിക്ഷേപകത്തിന് മുമ്പ് പലിശ നിരക്കിനെയും വ്യവസ്ഥകളെയും സംബന്ധിച്ച് ബാങ്ക് അധികൃതരുമായി നേരിട്ട് സംസാരിച്ച് ഉറപ്പുവരുത്താനും ശ്രദ്ധിക്കുക.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT