റിസർവ് ബാങ്ക് (ആർ.ബി.ഐ) നിയന്ത്രണത്തിലുള്ള ബാങ്കുകളിലെ നിക്ഷേപങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള ഇൻഷുറൻസ് പരിരക്ഷയുടെ പരിധി 50 ശതമാനം ഉയർത്തിയേക്കുമെന്ന് റിപ്പോർട്ട്. ഇതോടെ ബാങ്കുകൾ തകർച്ച നേരിടുന്നപക്ഷം നിക്ഷേപകർക്ക് ഉറപ്പായും മടക്കി ലഭിക്കാവുന്ന ഉയർന്ന തുക 5 ലക്ഷം രൂപയിൽ നിന്നും 7.5 ലക്ഷത്തിലേക്ക് വർധിക്കാനുള്ള സാഹചര്യമൊരുങ്ങും. ഡിപ്പോസിറ്റ് ഇൻഷുറൻസ് വർധിപ്പിക്കുന്നത് സംബന്ധിച്ച കേന്ദ്ര ധന മന്ത്രാലയത്തിന്റെ നിർദേശം പ്രധാനമന്ത്രിയുടെ ഓഫീസിന് കൈമാറിയിരിക്കുകയാണെന്നും ലൈവ്മിന്റ് റിപ്പോർട്ട് ചെയ്തു.
റിസർവ് ബാങ്കിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ഡിപ്പോസിറ്റ് ഇൻഷുറൻസ് & ക്രെഡിറ്റ് ഗ്യാരന്റി കോർപ്പറേഷൻ (DICGC) ആണ്, ഇന്ത്യയിലെ ബാങ്ക് നിക്ഷേപങ്ങൾക്കുള്ള സുരക്ഷാ വാഗ്ദാനമായി ഡിപ്പോസിറ്റ് ഇൻഷുറൻസ് പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. അതായത്, നിങ്ങൾ പണം നിക്ഷേപിച്ചിരിക്കുന്ന ബാങ്കിംഗ് സ്ഥാപനം പൂട്ടിപ്പോവുകയോ സാമ്പത്തിക പ്രതിസന്ധിയിലാവുകയോ ചെയ്താൽ അക്കൗണ്ടിലുള്ള നിശ്ചിത തുക നഷ്ടപ്പെടാതെ തിരികെ ലഭിക്കുമെന്ന് ഉറപ്പാക്കുന്ന സംവിധാനമാണിത്. ആർ.ബി.ഐയുടെ കീഴിൽ പ്രവർത്തിക്കുന്ന എല്ലാ വാണിജ്യ, സഹകരണ ബാങ്കുകളിലും ഉള്ള നിക്ഷേപങ്ങൾ, ഡി.ഐ.സി.ജി.സിയുടെ ഇൻഷുറൻസ് പദ്ധതിയുടെ പരിധിയിൽ വരുന്നുണ്ട്.
നിലവിൽ അഞ്ച് ലക്ഷം രൂപയാണ് ഡിപ്പോസിറ്റ് ഇൻഷുറൻസ് പരിരക്ഷയുടെ ഉയർന്ന പരിധി. അതായത് വ്യക്തിഗത നിക്ഷേപകർക്ക് ഒരു ബാങ്കിലെ വിവിധ അക്കൗണ്ടുകളിലായുള്ള (സേവിങ്സ് അക്കൗണ്ട്/ എഫ്.ഡി/ കറന്റ് അക്കൗണ്ട്/ ആർ.ഡി എന്നിങ്ങനെ) മൊത്തം നിക്ഷേപത്തിനും അതിന്മേലുള്ള പലിശയ്ക്കും കൂടി മൊത്തം അഞ്ച് ലക്ഷം രൂപ വരെയുള്ള തുക ഡി.ഐ.സി.ജി.സി ഏതവസരത്തിലും തിരികെ നൽകുമെന്ന് ഉറപ്പ് നൽകുന്നു. ഏറ്റവുമൊടുവിൽ ബാങ്ക് നിക്ഷേപങ്ങൾക്കുള്ള ഇൻഷുറൻസ് പരിധി വർധിപ്പിച്ചത് 2020 ഫെബ്രുവരിയിലായിരുന്നു. അന്ന് ഒറ്റയടിക്ക് ഒരു ലക്ഷത്തിൽ നിന്നും അഞ്ച് ലക്ഷത്തിലേക്കാണ് പരിരക്ഷ ഉയർത്തിയത്.
നിലവിൽ രാജ്യത്തെ അംഗീകൃത ബാങ്ക് നിക്ഷേപങ്ങൾക്കുള്ള ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നതിനായുള്ള ഡിപ്പോസിറ്റ് ഇൻഷുറൻസ് ഫണ്ട്, 2026 മാർച്ചിലെ കണക്കുകൾ പ്രകാരം 2,61,823 കോടി രൂപയാണ്. വാർഷികമായി 14.4 ശതമാനം വളർച്ച രേഖപ്പെടുത്തി. ഡിപ്പോസിറ്റ് ഇൻഷുറൻസ് സ്കീമിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ബാങ്കുകളുടെ എണ്ണം 1,950 ആണ്. ഇതിൽ 124 എണ്ണം പ്രാദേശികതല ബാങ്ക്, ഗ്രാമീണ ബാങ്ക്, സ്മോൾ ഫിനാൻസ് ബാങ്ക്, പേയ്മെന്റ് ബാങ്ക് ഉൾപ്പെടുന്നതാണ്.
ബാക്കിയുള്ള 1,826 എണ്ണം സഹകരണ ബാങ്കുകളും അർബൻ സഹകരണ ബാങ്കുകളും സംസ്ഥാന സഹകരണ ബാങ്കുകളും ജില്ല സെൻട്രൽ സഹകരണ ബാങ്കുകളും ഉൾപ്പെടുന്നവയാണ്. 2025-26 സാമ്പത്തിക വർഷത്തിനിടെ തകർച്ച നേരിട്ട 72 സഹകരണ ബാങ്കുകളിൽ നിന്നുള്ള ഡിപ്പോസിറ്റ് ഇൻഷുറൻസ് ക്ലെയിം ഇനത്തിൽ 1,988 കോടി രൂപയാണ് നിക്ഷേപകർക്ക് വിതരണം ചെയ്തിട്ടുള്ളത്.
Read DhanamOnline in English
Subscribe to Dhanam Magazine