Personal Finance

ലഘുസമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് കുറച്ചു, പിപിഎഫിന് ഇനി 7.9%   

Dhanam News Desk

ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് കേന്ദ്ര സർക്കാർ 10 ബേസിസ് പോയ്ന്റ് കുറച്ചു. 2019 ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിലേക്കാണ് പുതിയ നിരക്ക് ബാധകമാവുക.

പബ്ലിക് പ്രോവിഡന്റ് ഫണ്ട് (PPF) സ്കീമിന്റെ പലിശ നിരക്ക് ഇതോടെ 8 ശതമാനത്തിൽ നിന്ന് 7.9 ശതമാനമായി. സീനിയർ സിറ്റിസൺ സേവിങ്സ് സ്കീമിന്റെ നിരക്ക് 8.7 ശതമാനത്തിൽ നിന്ന് 8.6 ശതമാനമായി കുറഞ്ഞു.

നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റ് (NSC) നിരക്ക് 8 ശതമാനത്തിൽ നിന്ന് 7.9 ശതമാനമാക്കി. സുകന്യ സമൃദ്ധി യോജനയുടെ നിരക്ക് 8.5 ശതമാനത്തിൽ നിന്ന് 8.4 ശതമാനമായും കിസാൻ വികാസ് പത്രയുടെ നിരക്ക് 7.7 ശതമാനത്തിൽ നിന്ന് 7.6 ശതമാനമായും കുറച്ചു.

ലഘുസമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് കുറച്ചാൽ, ബാങ്കുകൾ തങ്ങളുടെ വായ്പാ പലിശയുൾപ്പെടെയുള്ള നിരക്കുകൾ കുറയ്ക്കുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. റിസർവ് ബാങ്ക് പലിശ നിരക്ക് കുറച്ചിട്ടും ബാങ്കുകൾ തങ്ങളുടെ നിരക്കുകൾ കുറക്കാൻ കൂട്ടാക്കാത്തത് ലഘുസമ്പാദ്യ പദ്ധതികളുടെ ഉയർന്ന പലിശ നിരക്കുകൾ ചൂണ്ടിക്കാട്ടിയായിരുന്നു.

തെരഞ്ഞെടുപ്പ് നടന്ന ഏപ്രിൽ-ജൂൺ പാദത്തിൽ നിരക്കുകളിൽ മാറ്റം വരുത്തിയില്ല. മുൻപ് ജനുവരി-മാർച്ച് പാദത്തിൽ ഒരു വര്‍ഷം കാലാവധിയുള്ള പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റിന്റെ പലിശ നിരക്ക് 6.9 ശതമാനത്തിൽ നിന്ന് 7 ശതമാനമാക്കി ഉയർത്തിയിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT