Personal Finance

ഓഹരി വിപണിയില്‍ കസറാന്‍ ചാറ്റ് ജിപിടി കൊള്ളാമോ? ഓഹരി ഇടപാടിന് എ.ഐ ഉപയോഗപ്പെടുത്താം, ഇങ്ങനെയൊക്കെ

നിര്‍മിത ബുദ്ധി (AI)യുടെ വിവിധ ടൂളുകള്‍ ഓഹരി വിപണിയിലെ ട്രെന്‍ഡുകള്‍ വിശകലനം ചെയ്യാനും നിക്ഷേപ മാര്‍ഗങ്ങള്‍ തെരഞ്ഞെടുക്കാനും സ്വീകരിക്കേണ്ട തന്ത്രം രൂപപ്പെടുത്താനും ഇപ്പോള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്

Dhanam News Desk

പറ്റിയ നിക്ഷേപ മാര്‍ഗം തെരഞ്ഞെടുക്കാനും കൈയിലുള്ള പണം കൈകാര്യം ചെയ്യുന്നതിനും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) നല്‍കുന്ന വിവരങ്ങള്‍ ഉപകാരപ്പെടുന്ന കാലത്ത് നമുക്ക് യോജിച്ച പോര്‍ട്ട്‌ഫോളിയോ രൂപപ്പെടുത്തുന്നതിനും ഓഹരി ഇടപാടുകള്‍ക്കും ചാറ്റ്ജിപിടി സഹായകമാവും.

ഡാറ്റ അടിസ്ഥാനപ്പെടുത്തിയുള്ള ഉള്‍ക്കാഴ്ച നമുക്ക് നല്‍കാന്‍ ചാറ്റ് ജിപിടിയും മറ്റും ഉപകരിക്കും. നമ്മുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ എ.ഐയുമായി പങ്കുവെച്ച് സുവ്യക്തമായൊരു നിക്ഷേപ തന്ത്രത്തിന് ഉപദേശം തേടുന്നവരുണ്ട്. വിപണി സാഹചര്യങ്ങളെക്കുറിച്ച് ഡാറ്റ വിലയിരുത്തി വേഗത്തിലും കൃത്യമായും അഭിപ്രായം നല്‍കാന്‍ എ.ഐക്ക് സാധിക്കും. എന്നാല്‍ മനുഷ്യന്റെ വിവേകത്തിനും വിവേചന ബുദ്ധിക്കും പകരമാവുകയില്ല ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നു കൂടി ഓര്‍ക്കണം.

ഓഹരി ഇടപാടിന് ചാറ്റ് ജിപിടി എങ്ങനെയൊക്കെ ഉപയോഗപ്പെടുത്താമെന്നും പരമാവധി നേട്ടമുണ്ടാക്കാമെന്നും നോക്കാം.

1. ഏറ്റവും പുതിയ സാമ്പത്തിക പ്രവണതകളെക്കുറിച്ച് മനസിലാക്കാന്‍ ചാറ്റ്ജിപിടി സഹായിക്കും. ഉദാഹരണത്തിന് സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വിലയേറ്റവും തുടര്‍ന്നുള്ള ചാഞ്ചാട്ടവും എന്തുകൊണ്ടാണെന്ന് മനസിലാക്കാനാവും. ഈ രീതി ഒരു ഓഹരിയുടെ കാര്യത്തിലും പ്രയോജനപ്പെടുത്താം. ഒരു ഓഹരിയെക്കുറിച്ച് ഇങ്ങനെ കിട്ടുന്ന പുതിയ അറിവുകള്‍ നിക്ഷേപ തീരുമാനമെടുക്കാന്‍ സഹായകം.

2. ഒരു ഓഹരിയുടെ കാര്യത്തില്‍ ലഭ്യമായ ഡാറ്റയും വിദഗ്ധാഭിപ്രായവും സംയോജിപ്പിച്ച് ഭാവി സാധ്യതകളെക്കുറിച്ചു പറഞ്ഞു തരാന്‍ ചാറ്റ് ജിപിടിക്കും മറ്റും കഴിയും. അതുപയോഗിച്ച് നമുക്ക് സ്വന്തമായ തീരുമാനങ്ങള്‍ രൂപപ്പെടുത്താം. എ.ഐ ഉപദേശം മാത്രം അടിസ്ഥാനപ്പെടുത്തി തീരുമാനമെടുക്കാന്‍ ഓഹരി ഇടപാടുകാര്‍ മുതിരരുതെന്നു മാത്രം.

3. അടിസ്ഥാന വിവരങ്ങളുടെ താരതമ്യ പഠനത്തിലൂടെ നിക്ഷേപക പോര്‍ട്ട്‌ഫോളിയോയുടെ കരുത്തും ദൗര്‍ബല്യവും വിശകലനം ചെയ്യാനും ചാറ്റ്ജിപിടി കൊള്ളാം. ഏതെങ്കിലുമൊരു ഓഹരിയുടെ പ്രകടനം മോശമാണോ എന്ന് വിലയിരുത്താനും അതനുസരിച്ചുള്ള ക്രമീകരണങ്ങള്‍ക്കും സഹായകം.

4. പോര്‍ട്ട്‌ഫോളിയോ അവലോകനം ചെയ്യുന്നതിനൊപ്പം റിസ്‌ക് വിലയിരുത്താനും ഓഹരി വൈവിധ്യവല്‍ക്കരണത്തിനും സാധിക്കും. അതുവഴി നഷ്ടം കുറക്കാം, ദീര്‍ഘകാല വളര്‍ച്ചക്ക് തന്ത്രം രൂപപ്പെടുത്താം.

5. സോഷ്യല്‍ മീഡിയ, വാര്‍ത്തകള്‍, ധനകാര്യ വേദികള്‍ എന്നിവയില്‍ നിന്നുള്ള വിവരങ്ങള്‍ സെക്കന്‍ഡുകള്‍ക്കുള്ളില്‍ അരിച്ചെടുക്കാന്‍ എ.ഐ ടൂളുകള്‍ സഹായിക്കും. അതുവഴി വിപണിയുടെ മൂഡ് മനസിലാക്കാനും അതിനൊത്ത് നീങ്ങാനും കഴിയും.

വഴി തെറ്റാതിരിക്കാന്‍

ഓഹരി വ്യാപാരം റിസ്‌ക് പിടിച്ചതാണ്. എ.ഐ ടൂളുകളെ മാത്രം ആശ്രയിച്ച് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കാനാവില്ല. ഓഹരിയെക്കുറിച്ചും വിപണിയെക്കുറിച്ചുമുള്ള പൊതുവിവരങ്ങള്‍ സമാഹരിക്കാനും റിസ്‌ക് കുറക്കാനും ഇടപാടുകാരെ ഈ ടൂളുകള്‍ സഹായിക്കും. ഓഹരി നിക്ഷേപകരെ വഴി തെറ്റിക്കാന്‍ പലവിധ ആപുകളും ഉപദേശികളുമുള്ള ഇക്കാലത്ത്, ഇതിനൊക്കെയാണ് എ.ഐ പ്രയോജനപ്പെടുത്തേണ്ടത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT