കാലാവസ്ഥ എന്നത് പ്രവചനാതീതമാണ്. കേരളം പോലുളള സംസ്ഥാനങ്ങളില്‍ പ്രകൃതി ദുരന്തങ്ങള്‍ കൂടി വരുന്നതായും കാണപ്പെടുന്നു. പ്രത്യേകിച്ച് മണ്‍സൂണ്‍ പോലുളള കാലങ്ങളില്‍ വെളളപ്പൊക്കവും ഉരുള്‍പോട്ടലും സംസ്ഥാനത്ത് ഏറി വരികയാണ്. ഇന്‍ഷുറന്‍സ് എടുക്കുന്നവരുടെ പ്രധാന സംശയമാണ് പ്രകൃതി ദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ വാഹനങ്ങള്‍ക്ക് കവറേജ് ലഭിക്കുമോ എന്നത്. മണ്‍സൂണ്‍ സീസണില്‍ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും കനത്ത മഴയാണ് ലഭിക്കുന്നത്. കനത്ത മഴയില്‍ മരങ്ങള്‍ വാഹനങ്ങളില്‍ വീണാൽ നാശനഷ്ടങ്ങൾക്ക് പരിരക്ഷ ലഭിക്കുമോ എന്നും പലരും അന്വേഷിക്കാറുണ്ട്. ഇക്കാര്യമാണ് ഇവിടെ പരിശോധിക്കുന്നത്.
വാഹനം തുറസായ സ്ഥലത്ത് പാർക്ക് ചെയ്‌തിരിക്കുകയും കൊടുങ്കാറ്റ്, കനത്ത മഴ, വെള്ളപ്പൊക്കം തുടങ്ങിയ കാലാവസ്ഥാ സംബന്ധമായ അപകടസാധ്യതകൾക്ക് വിധേയമാകുകയും ചെയ്യുന്ന സാഹചര്യത്തിൽ, സമഗ്ര മോട്ടോർ ഇൻഷുറൻസ് പോളിസിയാണ് (comprehensive motor insurance plan) എടുത്തിട്ടുളളതെങ്കില്‍ വാഹന ഉടമകള്‍ക്ക് അനുകൂലമായ നടപടികള്‍ ലഭിക്കുന്നതാണ്. കൊടുങ്കാറ്റുകൾ, ചുഴലിക്കാറ്റുകൾ, വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതിദുരന്തങ്ങൾ മൂലം നിങ്ങളുടെ വാഹനത്തിനുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് സമഗ്ര പോളിസിയില്‍ ക്ലെയിം ചെയ്യാം. ഇതനുസരിച്ച് വാഹനങ്ങളില്‍ മരം വീണ് കേടുപാടുകള്‍ സംഭവിച്ചാല്‍ പോലും ക്ലയിം ചെയ്ത് നഷ്ടപരിഹാരം നേടാവുന്നതാണ്. ഇത്തരം അപകടങ്ങള്‍ മൂലം വിൻഡ്ഷീൽഡ്, മേൽക്കൂര, ബോണറ്റ് പോലുള്ള ഭാഗങ്ങൾ നന്നാക്കുന്നതിനുള്ള ചെലവുകൾ സാധാരണയായി ഇൻഷുറൻസ് ക്ലെയിം ഉൾക്കൊള്ളും.
സീറോ ഡിപ്രീസിയേഷൻ ആഡ് ഓൺ കവർ (zero-depreciation add-on cover) എടുക്കുന്നത് വാഹനത്തിന്റെ മാറ്റിസ്ഥാപിക്കുന്ന ഘടകങ്ങളില്‍ ഡിപ്രീസിയേഷൻ ഘടകം ബാധകമാക്കാതെ തുക ലഭിക്കുന്നതിന് സഹായകമാണ്. മൺസൂൺ സീസണിൽ ഇത്തരത്തിലുളള പോളിസി എടുക്കുന്നതാണ് ഉചിതം.
ക്ലെയിം പ്രക്രിയ സുഗമമായി നടക്കുന്നതിന്, സംഭവം നടന്ന ഉടൻ തന്നെ വാഹന ഉടമ ഇൻഷുറന്‍സ് കമ്പനിയെ അറിയിക്കേണ്ടതാണ്. മിക്ക ഇൻഷുറൻസ് കമ്പനികളും സമയപരിധി നിശ്ചയിച്ചിട്ടുണ്ട്, സാധാരണയായി ഇത് 24 മുതൽ 72 മണിക്കൂർ വരെയാണ്. നിങ്ങളുടെ ക്ലെയിമിനെ പിന്തുണയ്ക്കുന്നതിന് നാശനഷ്ടത്തിന്റെയും പരിസര പ്രദേശത്തിന്റെയും വ്യക്തമായ ഫോട്ടോഗ്രാഫുകളും വീഡിയോകളും എടുക്കുന്നതും നല്ലതാണ്. ഇന്‍ഷുറന്‍സ് കമ്പനിയുടെ സർവേ പൂർത്തിയാകുന്നതിന് മുമ്പ് വാഹനത്തിന്റെ അറ്റകുറ്റപ്പണികൾ ആരംഭിക്കുന്നത് ഒഴിവാക്കേണ്ടതാണ്.
ചില സന്ദർഭങ്ങളിൽ, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്നോ പോലീസിൽ നിന്നോ കുറിപ്പ് പോലുള്ള സഹായ രേഖകൾ ഇന്‍ഷുറന്‍സ് കമ്പനികള്‍ ആവശ്യപ്പെട്ടേക്കാം. നാശനഷ്ടം ഗുരുതരമോ പൊതു സ്വത്ത് ഉൾപ്പെട്ടതോ ആണെങ്കിലാണ് ഈ നടപടി ആവശ്യമായി വരിക. ഇൻഷുറൻസ് കമ്പനി നിയമിച്ച ഒരു സർവേയർ ക്ലെയിം അംഗീകരിക്കുന്നതിന് മുമ്പായി നാശനഷ്ടങ്ങൾ പരിശോധിക്കുന്നതാണ്. പ്രകൃതി ദുരന്തങ്ങള്‍ വലിയ തോതില്‍ സംഭവിക്കുന്ന പ്രദേശങ്ങളിലാണ് നിങ്ങള്‍ താമസിക്കുന്നതെങ്കില്‍ എഞ്ചിൻ പ്രൊട്ടക്ഷൻ കവർ, റിട്ടേൺ ടു ഇൻവോയ്സ്, സീറോ ഡിപ്രീസിയേഷൻ കവർ, വി-പേ (V-Pay) എന്നിവ പോലുള്ള ആഡ്-ഓണുകൾ പോളിസിയില്‍ ഉള്‍പ്പെടുത്താന്‍ പരിശോധിക്കുന്നത് നല്ലതാണ്.
തടസരഹിതമായ ക്ലെയിം അനുഭവം ഉറപ്പാക്കുന്നതിനായി അപകടം കൃത്യസമയത്ത് ഇന്‍ഷുറന്‍സ് കമ്പനിയെ അറിയിക്കുക, ശരിയായ രേഖകള്‍ നൽകുക, നടപടികള്‍ കൃത്യമായി പാലിക്കുക തുടങ്ങിയവ പിന്തുടരേണ്ടതാണ്.
Guide to claiming motor insurance if heavy rain causes a tree to fall on your car, including coverage and claim process.
Read DhanamOnline in English
Subscribe to Dhanam Magazine