ജോലിയിൽ നിന്നും നേരത്തെ വിരമിച്ച്, ജീവിതത്തിലെ ഇഷ്ടമുള്ള കാര്യങ്ങൾക്കായി സമയം മാറ്റിവെക്കണമെന്ന് ആഗ്രഹിക്കാത്തവർ ചുരുക്കമാണ്. ഈ സ്വപ്നത്തെ യാഥാർത്ഥ്യമാക്കാൻ സഹായിക്കുന്ന സാമ്പത്തിക തന്ത്രങ്ങളിലൊന്നാണ് ഫയർ (FIRE - Financial Independence, Retire Early). എന്നാൽ എല്ലാവർക്കും ഒരേ രീതിയിലുള്ള ആസൂത്രണം ഫലപ്രദമാകണമെന്നില്ല. വരുമാനം, ജീവിതശൈലി, ഭാവി ലക്ഷ്യങ്ങൾ എന്നിവയ്ക്കനുസരിച്ചുവേണം അനുയോജ്യമായ 'ഫയർ സ്ട്രാറ്റജി' സ്വീകരിക്കേണ്ടത്. വ്യക്തിഗത സാമ്പത്തിക സ്ഥിതി വിശകലനം ചെയ്ത് തിരഞ്ഞെടുക്കുന്ന ഫയർ സ്ട്രാറ്റജി വിരമിക്കൽ ആസൂത്രണത്തിൽ നിർണായകമാണെന്ന് സെബി അംഗീകൃത റിസർച്ച് അനലിസ്റ്റ് സനൽ പി. (Registration No. INH000022880) പറഞ്ഞു.
ലളിതമായ ജീവിതശൈലി നയിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള ലീൻ ഫയർ (Lean FIRE), വിരമിച്ച ശേഷവും ഉയർന്ന ജീവിതനിലവാരവും ആഡംബരങ്ങളും ആഗ്രഹിക്കുന്നവർക്കുള്ള ഫാറ്റ് ഫയർ (Fat FIRE), പൂർണ്ണമായും ജോലി ഉപേക്ഷിക്കുന്നതിന് പകരം, മാനസിക സമ്മർദ്ദം കുറഞ്ഞ പാർട്ട് ടൈം ജോലികൾ ചെയ്തു ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ ആഗ്രഹിക്കുന്നവർക്കുള്ള ബാരിസ്റ്റ ഫയർ (Barista FIRE), കോമ്പൗണ്ടിംഗ് ശക്തിയിൽ കേന്ദ്രീകരിച്ചുള്ള കോസ്റ്റ് ഫയർ (Coast FIRE) എന്നിവയാണ് പ്രധാന ഫയർ സ്ട്രാറ്റജികൾ. ഇതിൽ ഇന്ത്യൻ സാഹചര്യത്തിൽ മിഡിൽ ക്ലാസിന് ഏറ്റവും അനുയോജ്യമായ ഫയർ സ്ട്രാറ്റജി, കോസ്റ്റ് ഫയർ ആണെന്ന് റിസർച്ച് അനലിസ്റ്റ് സനൽ പി. പറഞ്ഞു.
"ചെറുപ്പകാലത്ത് തന്നെ കഠിനാധ്വാനം ചെയ്ത് ഒരു നിശ്ചിത തുക (Corpus) ഇൻവെസ്റ്റ്മെന്റ് ആയി മാറ്റിവെക്കുക. പിന്നീട് ആ തുകയിലേക്ക് പുതിയ നിക്ഷേപങ്ങൾ നടത്തിയില്ലെങ്കിലും, കോമ്പൗണ്ടിംഗിന്റെ കരുത്തിൽ റിട്ടയർമെന്റ് പ്രായമാകുമ്പോഴേക്കും അത് വലിയൊരു തുകയായി വളരും. ഇതിലൂടെ ജീവിതത്തിന്റെ രണ്ടാം പകുതിയിൽ മാനസിക സമ്മർദ്ദമില്ലാതെ ജോലി ചെയ്യാനോ അല്ലെങ്കിൽ ഇഷ്ടമുള്ള മേഖലയിലേക്ക് മാറാനോ സാധിക്കും," അനലിസ്റ്റ് സനൽ പി വിശദമാക്കി.
ഫയർ സ്ട്രാറ്റജി ആസൂത്രണം ചെയ്യുമ്പോൾ പൊതുവേയുള്ള ഒരു തർക്ക വിഷയമാണ്, "വീട് വാങ്ങണോ അതോ വാടകയ്ക്ക് താമസിക്കണോ" എന്നത്. പല സാമ്പത്തിക വിദഗ്ധരും വാടകയ്ക്ക് താമസിച്ച് ആ തുക കൂടി നിക്ഷേപിക്കാൻ നിർദ്ദേശിക്കാറുണ്ട്. കേവലം സാമ്പത്തികപരമായി നോക്കിയാൽ, ഹോം ലോൺ ഇ.എം.ഐ (EMI) നൽകുന്നതിനേക്കാൾ ലാഭകരമായി തോന്നുക വാടകയ്ക്ക് താമസിച്ച് ബാക്കി തുക ഓഹരി വിപണിയിലോ മറ്റോ നിക്ഷേപിക്കുന്നതാണ്. എന്നാൽ ഇതിന് വലിയൊരു പ്രായോഗിക തടസ്സമുണ്ടെന്ന് അനലിസ്റ്റ് സനൽ ചൂണ്ടിക്കാണിക്കുന്നു.
"സിദ്ധാന്തങ്ങൾ പ്രകാരം വാടക വീട് ലാഭകരമാണെങ്കിലും, പ്രായോഗികമായി നോക്കിയാൽ ലോൺ എടുത്ത് സ്വന്തമായി ഒരു വീട് വാങ്ങുന്നത് മിഡിൽ ക്ലാസിന് ഒരു 'നിർബന്ധിത നിക്ഷേപം' (Forced Saving) കൂടിയാകുന്നു. വാടകയ്ക്ക് താമസിക്കുന്നവർ പലപ്പോഴും ഇ.എം.ഐ ലാഭിക്കുന്ന തുക കൃത്യമായി നിക്ഷേപിക്കാറില്ല. പകരം അത് മറ്റ് അനാവശ്യ ചെലവുകളിലേക്ക് പോകാറാണ് പതിവ്. ഫലമോ, വർഷങ്ങൾ കഴിയുമ്പോൾ കയ്യിൽ വലിയ നിക്ഷേപവുമില്ല, തലചായ്ക്കാൻ സ്വന്തമായി ഒരിടവുമില്ല എന്ന അവസ്ഥ വരുന്നു. അതിനാൽ, ഫയർ തന്ത്രം ലക്ഷ്യമിടുന്ന ഒരു മിഡിൽ ക്ലാസ് മലയാളി, തന്റെ വരുമാനത്തിന്റെ കൃത്യമായ ഒരു ഭാഗം ഹോം ലോണിനായും മറ്റൊരു ഭാഗം കോസ്റ്റ് ഫയർ നിക്ഷേപത്തിനായും മാറ്റിവെക്കുന്നതാണ് ഏറ്റവും സുരക്ഷിതമായ മാർഗ്ഗം," അനലിസ്റ്റ് സനൽ വിശദമാക്കി.
Read DhanamOnline in English
Subscribe to Dhanam Magazine