Personal Finance

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ മറന്നു പോകരുത്

ശ്രദ്ധാപൂര്‍വം ഉപയോഗിച്ചാല്‍ ക്രെഡിറ്റ് സ്‌കോര്‍ മെച്ചപ്പെടുത്തുന്നതിനും മറ്റും ഉപകരിക്കും ക്രെഡിറ്റ് കാര്‍ഡ്

Dhanam News Desk

മികച്ച ക്രെഡിറ്റ് ഹിസ്റ്ററി ഉണ്ടാക്കുന്നതില്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ സഹായിക്കും. എന്നാല്‍ സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കില്‍ വിപരീത ഫലം ചെയ്യും. നിങ്ങള്‍ വായ്പയ്ക്കായി അപേക്ഷിക്കുമ്പോള്‍ മാത്രമല്ല, ചിലപ്പോള്‍ ഒരു വീട് വാടകയ്ക്ക് എടുക്കുമ്പോഴോ പുതിയ ജോലിക്കായി അപേക്ഷിക്കുമ്പോഴോ ഒക്കെ ക്രെഡിറ്റ് ഹിസ്റ്ററി പരിശോധിക്കപ്പെടാം. ഏറെ സൗകര്യപ്രദമാണ് ക്രെഡിറ്റ് കാര്‍ഡ് എങ്കിലും നിങ്ങളുടെ ചെലവുകളെ കുറിച്ചുള്ള ചിത്രവും ഇത് നല്‍കുന്നുണ്ട്.

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അതുകൊണ്ടു തന്നെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ സാധാരണ ഉണ്ടാകാറുള്ള അബദ്ധങ്ങള്‍ അറിഞ്ഞ് ഒഴിവാക്കുകയാണ് അഭികാമ്യം.

സമയപരിധിക്കുള്ളില്‍ മുഴുവനും അടച്ചു തീര്‍ക്കുക

ഓരോ മാസവും ചെറിയൊരു തുക അടച്ച് കടം തീര്‍ക്കുന്നത് മികച്ച മാര്‍ഗമായാണ് പലരും കരുതുന്നത്. എന്നാല്‍ ഇത് കടം തീരാനുള്ള സമയം കൂട്ടുന്നു എന്നു മാത്രമല്ല, വായ്പാ തുക അടച്ചു തീര്‍ക്കാന്‍ ഏറെ സമയം പിടിക്കുകയും ചെയ്യും. പലിശയിനത്തില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ വലിയ തുക നല്‍കേണ്ടി വരികയും ചെയ്യുന്നു. മറിച്ച് സമയപരിധിക്കുള്ളില്‍ കടം മൊത്തമായി അടച്ചു തീര്‍ത്താല്‍ പലിശ നല്‍കുന്നത് ഒഴിവാക്കാനാകും. ഒരു മാസത്തെ കടം അടുത്ത മാസം വീട്ടാനായി മാറ്റിവെക്കരുത്. ക്രെഡിറ്റ് കാര്‍ഡ് പലിശ നിരക്ക് വ്യക്തിഗത വായ്പയേക്കാള്‍ വളരെ കൂടുതലാണെന്ന കാര്യം മറക്കരുത്.

വ്യക്തിഗത വായ്പ മികച്ചത്

പെട്ടെന്ന് ഉണ്ടാകുന്ന ചെലവുകള്‍ക്ക് പണം കണ്ടെത്താന്‍ ക്രെഡിറ്റ് കാര്‍ഡിനേക്കാള്‍ മികച്ചത് വ്യക്തിഗത വായ്പകളാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം. വായ്പാ ഉപഭോഗ അനുപാതം ഒരു പരിധിയില്‍ കൂടുന്നത് നല്ലതല്ല. ഓരോ തവണയും, സ്ഥാപനം അനുവദിച്ച വായ്പാ പരിധി കടക്കുമ്പോഴും നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ അത് ബാധിക്കും. വായ്പാ പരിധിയില്‍ കൂടുതല്‍ ചെലവ് സ്ഥിരമായി ഉണ്ടാകുന്നുണ്ടെങ്കില്‍ പരിധി വര്‍ധിപ്പിക്കാന്‍ സ്ഥാപനത്തോട് ആവശ്യപ്പെടുകയോ അല്ലെങ്കില്‍ മറ്റൊരു ക്രെഡിറ്റ് കാര്‍ഡിനായി അപേക്ഷിക്കുകയോ ചെയ്യുന്നതാവും നല്ലത്.

നിങ്ങള്‍ നിത്യചെലവുകള്‍ക്കായി ക്രെഡിറ്റ് കാര്‍ഡിനെ ആശ്രയിക്കുകയാണെങ്കില്‍ ഓരോ മാസത്തിലും കൃത്യമായ ബജറ്റ് നിശ്ചയിച്ച് ചെലവഴിക്കുക.

കാര്‍ഡില്‍ നിന്ന് പണം പിന്‍വലിക്കാതിരിക്കുക

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കുക എന്ന അബദ്ധം പലരും കാട്ടുന്നു. ഒരാള്‍ പിന്‍വലിക്കുന്ന തുകയ്ക്ക് അനുസരിച്ച് മിക്ക ബാങ്കുകളും അഡ്വാന്‍ഡ് ഫീയായി 50 ശതമാനം വരെ ഇടാക്കാറുണ്ട്. എടുത്ത പണം തിരിച്ചടയ്ക്കുന്നതു വരെ ഈ ഫീ നല്‍കേണ്ടതായി വരും. അതുകൊണ്ട് മറ്റെല്ലാ വഴികളും അടഞ്ഞാല്‍ മാത്രമേ പണം പിന്‍വലിക്കാവൂ.

അതേസമയം കൃത്യമായി പണമടച്ച് ബുദ്ധിപൂര്‍വം ഉപയോഗിച്ചാല്‍ ഏറെ നേട്ടവും ക്രെഡിറ്റ് കാര്‍ഡ് നല്‍കും. റിവാര്‍ഡ് പോയ്ന്റ്, കാഷ്ബാക്ക്, പലിശ രഹിത ഇഎംഐ തുടങ്ങിയ സൗകര്യങ്ങള്‍ ഉദാഹരണം. മാത്രമല്ല, ക്രെഡിറ്റ് സ്‌കോറും വര്‍ധിപ്പിക്കാന്‍ ഇതിലൂടെ കഴിയും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT