റോക്കറ്റ് സയൻസൊന്നും അറിയേണ്ട കാര്യമില്ല... ഒരാളുടെ സാമാന്യ ബുദ്ധി മാത്രം മതി വിജയിക്കാൻ.... പക്ഷേ, ഒൻപത് പേരുടെ ക്ഷമ വേണ്ടിവരും.... ഓഹരി വിപണിയിലെ നിക്ഷേപത്തിൽ നിന്നും നേട്ടം കരസ്ഥമാക്കുന്നതിനെ കുറിച്ചുള്ള പഴഞ്ചൊല്ലുകളിലൊന്നാണ്. നിക്ഷേപം നഷ്ടത്തിലാക്കുന്നത് വിപണിയല്ല, അത് സ്വന്തം തീരുമാനങ്ങളെന്നാണ് ഇതിന്റെ രത്നച്ചുരുക്കം.
ഓഹരി വിപണിയിൽ കനത്ത ഇടിവ് നേരിടുമ്പോൾ, ശരാശരി നിക്ഷേപകരുടെ മനസ്സിലേക്ക് ആദ്യം കടന്നുവരുന്ന ചിന്തകളിലൊന്നാണ് — "എത്രയും വേഗം പണം പിൻവലിക്കണം". എന്നാൽ ഈ ഒരൊറ്റ തീരുമാനം മതി, നിങ്ങളുടെ അതുവരെയുള്ള പരിശ്രമത്തെ ഇല്ലാതാക്കാൻ. അത് എന്തുകൊണ്ടാണെന്നും വിപണി ചാഞ്ചാട്ടത്തിലേക്ക് വഴിമാറുമ്പോൾ മ്യൂച്വൽ ഫണ്ട് നിക്ഷേപകർ ഒഴിവാക്കേണ്ട പ്രധാനപ്പെട്ട നാല് തെറ്റുകളും നോക്കാം.
വിപണിയിലെ ഇടിവ് കണ്ട് പരിഭ്രാന്തരായി മ്യൂച്വൽ ഫണ്ട് റെഡീം (Redeem) ചെയ്യുന്നു. വിപണി കനത്ത തിരിച്ചടി നേരിടുന്ന വേളയിൽ പലരും ചെയ്യുന്ന അബദ്ധമാണിത്. കാരണം, നഷ്ടം നേരിട്ടുകൊണ്ടിരിക്കവേ മ്യൂച്വൽ ഫണ്ട് നിക്ഷേപം പിൻവലിക്കുകയാണെങ്കിൽ, ആ നഷ്ടം എന്നന്നേക്കും നിങ്ങൾക്കൊപ്പമുള്ളതാകും, വിപണി തിരികെ കയറുമ്പോൾ (മാർക്കറ്റ് റിക്കവറി) നഷ്ടം നികത്താനുള്ള അവസരം നഷ്ടാകുന്നു. നിങ്ങൾക്ക് സംശയം മാറുന്നില്ലെങ്കിൽ മുൻകാല ചരിത്രം നോക്കൂ — തിരിച്ചടിക്ക് പിന്നാലെ, വിപണി എല്ലാ തവണയും ശക്തമായി തിരിച്ചുവന്നിട്ടുണ്ട്. അതായത് വിപണിയിൽ ജയിക്കുന്നവരാകട്ടെ, ദീർഘകാലം നിക്ഷേപം നിലനിർത്തിയവർ മാത്രമെന്ന് സാരം.
ഓഹരി വിപണി ഇടിയുന്നതു കാണുമ്പോൾ പലരും എസ്ഐപി (Systematic Investment Plan) അടയ്ക്കുന്നത് നിർത്തിവെക്കുന്നു. എന്നാൽ ഇത് വലിയ പിഴവാണ്. കാരണം, വിപണി ഇടിയുമ്പോൾ ഓഹരികളുടെ വിലയും താഴുന്നതിനാൽ, അപ്പോഴും തുടരുന്ന എസ്ഐപി കൊണ്ട് കൂടുതൽ എണ്ണം യൂണിറ്റുകൾ വാങ്ങാൻ അവസരം കിട്ടുന്നു. ഇത് വിപണി തിരികെ കയറുമ്പോൾ കൂടുതൽ നേട്ടത്തിനു വഴിതുറക്കം. ചുരുക്കത്തിൽ ഇടിവ് നേരിടുമ്പോൾ എസ്ഐപി നിർത്തുന്നത്, കൂടുതൽ അവസരം ലഭിക്കുന്ന സമയത്ത് കളം വിടുന്നതിന് തുല്യമാണ്.
"ഇനിയും ഇടിയും, അപ്പോൾ വാങ്ങാം" എന്ന ചിന്താഗതി മികച്ച നിക്ഷേപ അവസരങ്ങൾ നഷ്ടപ്പെടുത്താം. കാരണം ചലനാത്മകമായ വിപണിയുടെ ഏറ്റവും ഉയർന്ന പോയിന്റും ഏറ്റവും താഴ്ന്ന പോയിന്റും എത്രയെന്ന് കൃത്യമായി പ്രവചിക്കാൻ ലോകത്തെ ഏറ്റവും മികച്ച നിക്ഷേപകർക്കു പോലും സാധ്യമല്ല. മിക്കവരും നഷ്ടം നേരിടുമ്പോൾ വാങ്ങിയതിലും കുറഞ്ഞ വിലയ്ക്ക് വിറ്റ്, പിന്നീട് കയറിപ്പോകുന്നത് കാണുമ്പോൾ ഉയർന്ന വിലയ്ക്ക് തിരിച്ചുവാങ്ങി നഷ്ടം ഇരട്ടിയാക്കുന്ന ശീലക്കാരാണ്. വിപണിയുടെ നല്ല സമയം നോക്കിയിരുന്ന് അവസരം നഷ്ടമാക്കുന്നവർ.
തുടക്കത്തിൽ ഇത്ര വീതം ഏതൊക്കെ ആസ്തികളിൽ നിക്ഷേപിക്കണമെന്ന് തീരുമാനിച്ചിട്ടുണ്ടെങ്കിൽ അതിൽ ഉറച്ചുനിൽക്കണം. അതായത് 70% ഇക്വിറ്റി, 30% ഡെറ്റ് (Debt) എന്ന് തീരുമാനിച്ചിട്ടുണ്ടെങ്കിൽ, ആ അനുപാതം കാത്തുസൂക്ഷിക്കണം. അതുപോലെ നേരത്തെ നിശ്ചയിച്ചതിൽ നിന്നും ഓഹരിയിലേക്കുള്ള നിക്ഷേപവിഹിതം 5 ശതമാനത്തിലേറെ വകമാറ്റിയിട്ടുണ്ടെങ്കിൽ, ഡെറ്റിൽ നിന്നും ഇക്വിറ്റിയിലേക്ക് റീബാലൻസ് ചെയ്യണം. അതേസമയം പോർട്ട്ഫോളിയോ മതിയായ തോതിൽ ഡൈവേഴ്സിഫൈ ചെയ്തിട്ടുണ്ടെന്നും ഉറപ്പാക്കണം.
ചുരുക്കത്തിൽ, വിപണിയിലെ ചാഞ്ചാട്ടമല്ല ശത്രു; നിക്ഷേപകരുടെ വെപ്രാളമാണ് യഥാർത്ഥ വില്ലൻ. വിപണിയിൽ നേരിടുന്ന തിരിച്ചടികൾ ദീർഘകാല നിക്ഷേപത്തിനുള്ള അവസരങ്ങളാണ്. എടുത്തുചാടി തീരുമാനം എടുക്കുന്നവരല്ല, മറിച്ച് ദീർഘമായ കാലയളവ് കണക്കാക്കി ലക്ഷ്യത്തിൽ ഉറച്ചുനിൽക്കുന്നവരാണ് ഒടുക്കം ജയിക്കുന്നത്. അവരാണ് മികച്ച നിക്ഷേപകർ.
Read DhanamOnline in English
Subscribe to Dhanam Magazine