ഇൻസൈറ്റിൽ കെ.ആര്‍ ആശാലത Image Source: Canva/Special Arrangement
Personal Finance

എല്ലാവരും വിൽക്കുമ്പോൾ വാങ്ങണോ? കോൺട്രേറിയൻ നിക്ഷേപം എങ്ങനെ?

ഓഹരികള്‍ താഴ്ന്ന വിലയിലായിരിക്കുമ്പോള്‍ വാങ്ങി, തിരിച്ചുകയറുമ്പോള്‍ മികച്ച ലാഭം നേടാന്‍ ഇതിലൂടെ സാധിക്കും

Dhanam News Desk

കെ.ആര്‍ ആശാലത

വിപണിയിലെ പൊതുവായ രീതിക്ക് എതിരായി ചിന്തിക്കുന്ന നിക്ഷേപ തന്ത്രമാണ് കോണ്‍ട്രേറിയന്‍ നിക്ഷേപം. ആളുകള്‍ ഒന്നിച്ച് ഏതെങ്കിലും ഓഹരികള്‍ വാങ്ങിക്കൂട്ടുമ്പോള്‍ അതിന് പിന്നാലെ പോകാതെ, അവര്‍ ഒഴിവാക്കുന്ന മേഖലകളില്‍ നിക്ഷേപകര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അവയെക്കുറിച്ചുള്ള ആശങ്കകള്‍ അമിതമാണോ എന്ന് പരിശോധിക്കുകയാണ് നിക്ഷേപകര്‍ ചെയ്യുന്നത്. വിപണി എപ്പോഴും ആസ്തികള്‍ക്ക് കൃത്യമായ വിലയിടണമെന്നില്ല. ഒരു കമ്പനിക്കോ, മേഖലക്കോ മോശം സമയം വരുമ്പോള്‍ അതിന്റെ വില യഥാര്‍ത്ഥ മൂല്യത്തില്‍ നിന്നും താഴേക്ക് പോകും. ഈ അന്തരം മുതലെടുക്കുകയാണ് ഇവിടെ ചെയ്യുന്നത്.

സാമ്പത്തിക തകര്‍ച്ചകള്‍, പുതിയ നിയമങ്ങള്‍, വ്യവസായ രംഗത്തെ പെട്ടെന്നുണ്ടായ മാറ്റങ്ങള്‍, അല്ലെങ്കില്‍ തുടര്‍ച്ചയായ മോശം പ്രകടനം എന്നിവ ആളുകളെ കൂട്ടത്തോടെ ഓഹരികള്‍ വില്‍ക്കാന്‍ പ്രേരിപ്പിക്കുന്നു. വിപണിയിലെ വികാരം പലപ്പോഴും അതിരുകടക്കാറുണ്ട്. ജനം സമീപകാലത്തെ മോശം വാര്‍ത്തകള്‍ മാത്രം ഓര്‍ത്ത്, അത് എക്കാലവും തുടരുമെന്ന് വിശ്വസിക്കുന്നു. എന്നാല്‍ താല്‍ക്കാലികമായ പ്രശ്നങ്ങളും ശാശ്വതമായ തകര്‍ച്ചയും തമ്മിലുള്ള വ്യത്യാസം തിരിച്ചറിഞ്ഞ് നിക്ഷേപം നടത്താനാണ് കോണ്‍ട്രേറിയന്‍ നിക്ഷേപകന്‍ ശ്രമിക്കുന്നത്.

ഒരു കമ്പനി ഇടക്കിടെ ഉണ്ടാകാറുള്ള കാരണങ്ങളാല്‍ തകര്‍ന്നിരിക്കുന്നതാണോ, അതോ ശാശ്വതമായ തകര്‍ച്ചയിലാണോ എന്ന് തിരിച്ചറിയുന്നതിലാണ് ഈ നിക്ഷേപത്തിന്റെ വിജയം. അതിനായി ബാലന്‍സ് ഷീറ്റ്, മാനേജ്‌മെന്റിന്റെ നിലവാരം, കടത്തിന്റെ അളവ്, തിരിച്ചുവരവിനുള്ള വഴിയുണ്ടോ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ആഴത്തിലുള്ള ഗവേഷണം ആവശ്യമാണ്.

ക്ഷമ വേണം

ഈ തന്ത്രത്തിന് വലിയ ക്ഷമ വേണം. വിപണി മാറുന്നതിന് മുമ്പ് നമ്മള്‍ ഓഹരി വാങ്ങുന്നതിനാല്‍ തുടക്കത്തില്‍ ആ നിക്ഷേപം നഷ്ടത്തിലാണെന്ന് തോന്നാം. വിപണി തിരിച്ചുവരവ് നടത്തുമ്പോള്‍ മാത്രമാണ് ഇതിന്റെ യഥാര്‍ത്ഥ ലാഭം ലഭിക്കുക. പൊതുവികാരത്തിന് എതിരായി നില്‍ക്കാനും ദീര്‍ഘകാലത്തേക്ക് നിക്ഷേപം കൈവശം വെക്കാനും തയാറുള്ളവര്‍ക്കുള്ളതാണ് കോണ്‍ട്രേറിയന്‍ നിക്ഷേപം. ഇത്തരം ഓഹരികള്‍ ഏറ്റവും താഴ്ന്ന വിലയിലായിരിക്കുമ്പോള്‍ വാങ്ങി, പിന്നീട് തിരിച്ചുകയറുമ്പോള്‍ മികച്ച ലാഭം നേടാന്‍ സാധിക്കും.

ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ കോണ്‍ട്രാ ഫണ്ട്

ഈ തന്ത്രത്തെ അടിസ്ഥാനമാക്കിയാണ് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ കോണ്‍ട്രാ ഫണ്ട് (ICICI Prudential Cotnra Fund) പ്രവര്‍ത്തിക്കുന്നത്. വിപണിയിലെ സാഹചര്യങ്ങള്‍ വിശകലനം ചെയ്ത് തെറ്റായി വിലയിടപ്പെട്ട അവസരങ്ങള്‍ കണ്ടെത്താന്‍ ഇത് നിക്ഷേപകരെ സഹായിക്കുന്നു. മൂല്യം, കടം, കമ്പനിയുടെ ഉടമസ്ഥത എന്നിവ കൃത്യമായി പഠിച്ചുകൊണ്ട് വിപണി വികാരം അനുകൂലമാകുമ്പോള്‍ ലാഭം നേടുകയാണ് ഈ ഫണ്ടിന്റെ ലക്ഷ്യം. ഇതിന്റെ ന്യൂ ഫണ്ട് ഓഫര്‍ സെപ്റ്റംബര്‍ 28 മുതല്‍ ഒക്ടോബര്‍ 12 വരെയായിരുന്നു.

(ഇന്‍വെസ്റ്ററി അസറ്റ് സര്‍വീസസിന്റെ മാനേജിങ് പാര്‍ട്ണറാണ് ലേഖിക)

(ധനം മാഗസിന്റെ ഒക്ടോബർ 15 ലക്കത്തിൽ പ്രസിദ്ധീകരിച്ചത്)

Contrarian investing seeks opportunities in stocks or sectors that are out of favour, but success depends on valuation, business fundamentals, patience and the ability to manage risk.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT