Image by Canva 
Personal Finance

സ്വർണവും വെള്ളിയും പോലെ ഇനി കോപ്പറും മിന്നിത്തിളങ്ങുമോ? മെറ്റൽ മ്യൂച്വൽ ഫണ്ടുകളിൽ മികച്ച അവസരമുണ്ടോ?

നിർമാണ, ഉത്പാദന മേഖലകളിൽ നിന്നുള്ള പിന്തുണയ്ക്ക് ഉപരിയായി പുതിയ വ്യവസായിക രം​ഗങ്ങളിൽ നിന്നുള്ള ആവശ്യകതയും കൂടുന്ന പശ്ചാത്തലത്തിൽ കോപ്പറും വെള്ളിയും പോലുള്ള വ്യാവസായിക ലോഹങ്ങളിൽ അടിസ്ഥാനപരമായ മാറ്റങ്ങളും ദീർഘകാല സാധ്യതകളും വർധിക്കുകയാണ്.

Dhanam News Desk

2026-ൽ ഇതുവരെയുള്ള ചെറിയ കാലയളവിനിടെ പോലും സ്വർണവിലയിൽ 10 ശതമാനത്തിലേറെയും വെള്ളിയുടെ നിരക്കിൽ 30 ശതമാനത്തോളവും വർധന കുറിച്ചു. ഇതോടെ നിക്ഷേപകർക്കിടയിൽ ഉയരുന്ന ചോദ്യമാണ് ഇനി കോപ്പറിലും (Copper) മെറ്റൽ മ്യൂച്വൽ ഫണ്ട് സ്കീമുകളിലും നിക്ഷേപം പരി​ഗണിക്കണമോ എന്നുള്ളത്. ഇതിന്റെ വിവിധ വശങ്ങൾ വിശദമായി പരിശോധിക്കാം.

ആദ്യമായി, ആ​ഗോള സമ്പദ്ഘടനയുടെ വളർച്ചയുടെയും പണപ്പെരുപ്പത്തിന്റെയും ഒക്കെ അടിസ്ഥാനത്തിൽ ക്രമപ്രകാരം കയറുകയും ഇറങ്ങുകയും ചെയ്യുന്ന പരമ്പരാ​ഗത സെക്കിളിക്കൽ ഇൻവെ​സ്റ്റ്മെന്റ് (ചാക്രിക നിക്ഷേപം) ആയിട്ടാണ് മെറ്റലുകളെ (Metals) ഇതുവരെ കണ്ടിരുന്നത്. എന്നാൽ നിർമാണ, ഉത്പാദന മേഖലകളിൽ നിന്നുള്ള പിന്തുണയ്ക്ക് ഉപരിയായി പുതിയ വ്യവസായിക രം​ഗങ്ങളിൽ നിന്നുള്ള ആവശ്യകതയും കൂടുന്ന പശ്ചാത്തലത്തിൽ കോപ്പറും വെള്ളിയും പോലുള്ള വ്യാവസായിക ലോഹങ്ങളിൽ അടിസ്ഥാനപരമായ മാറ്റങ്ങളും ദീർഘകാല സാധ്യതകളും വർധിക്കുകയാണ്.

വളർച്ചയെ സഹായിക്കുന്ന ഘടകങ്ങൾ

ആധുനിക സമ്പദ്ഘടനയുടെ മാറ്റങ്ങളാണ് പ്രധാനമായും കോപ്പറിന്റെ ദീർഘകാല അടിസ്ഥാനപരമായ വളർച്ചയ്ക്ക് വഴിയൊരുക്കുന്നത്. വൈദ്യുതീകരണം, പുനരുപയോ​ഗ ഊർജം (Renewable Energy), ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ), ‍വൈദ്യുത വാഹനങ്ങൾ (ഇവി), ഡേറ്റ സെന്ററുകൾ തുടങ്ങിയ പുതിയ വ്യവസായ മേഖലകളുടെ ഉദയം കോപ്പറിനുള്ള ഡിമാൻ‍ഡ് വർധിപ്പിച്ചു. ഇതിന് പുറമെ പ്രതിരോധ മേഖലയിൽ ഉയരുന്ന ആവശ്യകതയും ജിയോപൊളിറ്റിക്കൽ അനിശ്ചിതത്വങ്ങൾ കാരണം വിതരണ ശൃംഖലയെ കുറിച്ചുള്ള ആശങ്കയും പൊതുവായ ഡിമാൻഡിനൊപ്പം ഉത്പാദനം വർധിക്കാത്തതും ഒക്കെ കോപ്പറിന്റെ വിലക്കയറ്റത്തിന് പിൻബലമേകുന്നു. കൂടാതെ നിർമാണം, ഉത്പാദനം പോലെ സമ്പദ്ഘടനയുടെ മുഖ്യ രം​ഗങ്ങളിൽ ഇപ്പോൾ തളർച്ചയില്ലാത്തതും കോപ്പർ തിളങ്ങുന്നതിന് ഇടയാക്കുന്നു.

എന്തുകൊണ്ട് മെറ്റൽ മ്യൂച്വൽ ഫണ്ടുകൾ അനുയോജ്യം?

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, വൈദ്യുത വാഹനം പോലെ സമ്പദ്ഘടനയിലുണ്ടാകുന്ന ദീർഘകാല പരിവർത്തനങ്ങളുടെ ​ഗുണഫലം നേടുന്നതിനായുള്ള തന്ത്രപരമായ നിക്ഷേപം എന്ന നിലയിലും പോർട്ട്ഫോളിയോ വൈവിധ്യവത്കരണത്തിനും ഉപകാരപ്രദ​മായതിനാൽ മെറ്റൽ മ്യൂച്വൽ ഫണ്ടുകൾ കൂടുതൽ അനുയോജ്യമാണ്. റിസ്ക് ഘടകങ്ങളെ പ്രൊഫഷണലായി മാനേജ് ചെയ്യാമെന്നതും (ഫണ്ട് മാനേജർമാരുടെ സാന്നിധ്യം) മറ്റൊരു പോസിറ്റീവ് ഘടകമാണ്.

മൈനിങ് മേഖലയിലെ കമ്പനികളിലേയും അനുബന്ധ അസറ്റുകളിലും ഒക്കെയായി എക്സ്പോഷർ ഉള്ളതിനാൽ മെറ്റൽ മ്യൂച്വൽ ഫണ്ടുകൾക്ക് ഒരു ഓഹരിയിൽ നിന്നും നേരിടാവുന്നതിനേക്കാൾ കുറഞ്ഞ ചാഞ്ചാട്ടത്തിനുള്ള സാധ്യത മാത്രമാണ് പൊതുവായുള്ളത്. കാര്യങ്ങൾ ഇങ്ങനെയെങ്കിലും മൊത്തം പോർട്ട്ഫോളിയോയുടെ ​മുഖ്യഘടകമായി മാറ്റാതെ മെറ്റൽ മ്യൂച്വൽ ഫണ്ടുകൾക്ക് നിശ്ചിത ശതമാനം മാത്രം നിക്ഷേപവിന്യാസം (അലോക്കേഷൻ) നടത്തുന്നതായിരിക്കും ഉചിതം.

Disclaimer:

മേൽസൂചിപ്പിച്ച വിവരം പഠനാവശ്യാർത്ഥം പങ്കുവെച്ചതാണ്. ഇതു നിക്ഷേപ സംബന്ധമായ തീരുമാനം എടുക്കുന്നതിനുള്ള ശുപാർശയോ നിർദേശമോ അല്ല. മ്യൂച്വൽ ഫണ്ട് നിക്ഷേപം വിപണിയുടെ ലാഭ നഷ്ടസാധ്യതകൾക്ക് വിധേയമാണ്. മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിന് മുൻപ് സ്വന്തം നിലയിൽ കൂടുതൽ പഠനം നടത്തുകയോ അല്ലെങ്കിൽ സെബി അം​ഗീകൃത സാമ്പത്തിക വിദ​ഗ്ധരുടെ സേവനം തേടുകയോ നിങ്ങൾക്ക് ചെയ്യാവുന്നതാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT