Canva
Personal Finance

ക്രെഡിറ്റ് കാർഡ് സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും നൽകാറുണ്ടോ? എങ്കിൽ നികുതി വകുപ്പിന്റെ പിടിവീഴാം

നിങ്ങളുടെ ക്രെഡിറ്റ് കാർഡ് മറ്റുള്ളവർക്ക് ഉപയോ​ഗിക്കാനായി നൽകുന്നത്, വലിയ തുകയുടെ ചെലവായും അസാധാരണമായ പണമിടപാടുകളായും ആദായ നികുതി വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടേക്കാം.

Dhanam News Desk

അടിയന്തര ഘട്ടത്തിൽ ചെലവുകൾ നേരിടുന്നതിനായും എമർജൻസി ഫണ്ടിന്റെ ബദൽ എന്ന നിലയിലും ഷോപ്പിങ്ങിന് വേണ്ടിയും ഒക്കെ ക്രെഡിറ്റ് കാർഡ് വളരെ ഉപകാരപ്രദമാണ്. അതുകൊണ്ട് തന്നെ അത്യാവശ്യ ഘട്ടത്തിലെ സഹായമെന്ന നിലയിലോ സൗകര്യപൂർവം പേയ്മെന്റ് കൈകാര്യം ചെയ്യുന്നതിനായോ ഒക്കെ മിക്കവരും ക്രെഡിറ്റ് കാർഡ്, സുഹൃത്തുക്കൾക്കും കുടുംബാം​ഗങ്ങൾക്കും ഉപയോ​ഗിക്കാൻ നൽകാറുമുണ്ട്. എന്നാൽ നിങ്ങളുടെ ക്രെഡിറ്റ് കാർഡ് മറ്റൊരാൾക്ക് ഉപയോഗിക്കാൻ നൽകുന്നത്, ഭാവിയിൽ ആദായ നികുതി വകുപ്പിന്റെ നടപടികൾ നേരിടുന്നതിനും വലിയ സാമ്പത്തിക ബാധ്യതകൾക്കും കാരണമായേക്കാം.

ക്രെഡിറ്റ് കാർഡ് ഉടമയുടെ പാൻ (PAN) വിവരങ്ങൾ അടിസ്ഥാനമാക്കി വലിയ ബില്ലിം​ഗ്, സാമ്പത്തിക ഇടപാടുകൾ നിരീക്ഷിക്കപ്പെടുന്നതിനാൽ, സുഹൃത്തുക്കൾ നടത്തുന്ന ചെലവുകൾക്ക് കൂടി മറുപടി പറയാനുള്ള ബാധ്യത നിങ്ങളിലേക്ക് വന്നുചേരാം. ആദായ നികുതി നോട്ടീസുകൾ ഒഴിവാക്കാൻ, ക്രെഡിറ്റ് കാർഡ് ഉപയോഗത്തിലെ ഇത്തരം നിയമവശങ്ങൾ അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്. അത് എന്തൊക്കെയെന്ന് വിശദമായി നോക്കാം.

എന്തുകൊണ്ട് നികുതി വകുപ്പ് പിടിക്കുന്നു?

ഒരു സാമ്പത്തിക വർഷ കാലയളവിനിടെ ക്രെഡിറ്റ് കാർഡ് വഴി നടക്കുന്ന ചെലവുകൾ 10 ലക്ഷം രൂപ കവി‍ഞ്ഞാൽ, ബാങ്കുകൾക്കും കാർഡ് അനുവദിച്ച സ്ഥാപനങ്ങൾക്കും ഈ വിവരം ആദായ നികുതി വകുപ്പിനെ അറിയിക്കാനുള്ള നിയമപരമായ ഉത്തരവാദിത്തമുണ്ട് (ചട്ടം 285-BAയ്ക്ക് കീഴിലുള്ള എസ്.എഫ്.ടി പ്രകാരം). ഇവയെല്ലാം നിങ്ങളുടെ നികുതി രേഖകളായ എ.ഐ.എസ്/26-എ.എസ് ​എന്നിവയിൽ രേഖപ്പെടുത്തുന്നതായിരിക്കും.

നിങ്ങളുടെ വെളിപ്പെടുത്തിയ വരുമാനം (ശമ്പളം/ ബിസിനസ് ലാഭം എന്നിങ്ങനെ), നിങ്ങളുടെ മൊത്തം ക്രെഡിറ്റ് കാർഡ് ബില്ലിനേക്കാളും വളരെ കുറവാണെങ്കിലോ അല്ലെങ്കിൽ തിരിച്ചടവ് രീതിയുമായോ (Repayment Pattern) പൊരുത്തപ്പെടുന്നില്ലെങ്കിൽ ആദായ നികുതി വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തിലേക്ക് കൊണ്ടുചെന്നെത്തിക്കും. ഇതോടെ പണത്തിന്റെ ഉറവിടം, ചെലവുകളുടെ സ്വഭാവം എന്നിവയിൽ നിങ്ങളുടെ വിശദീകരണം ആവശ്യപ്പെട്ടുകൊണ്ട് ആദായ നികുതി വകുപ്പ് നോട്ടീസ് അയക്കും.

മറ്റുള്ളവർ കാർഡ് ഉപയോ​ഗിക്കുന്നതിലെ അപകടം

സുഹൃത്തുക്കൾ നിങ്ങൾക്ക് നേരിട്ട് പണമായോ (Cash) അല്ലെങ്കിൽ ആവർത്തിച്ചുള്ള യു.പി.ഐ/ഐ.എം.പി.എസ് ഇടപാടുകളിലൂടെയോ ആണ് ക്രെഡിറ്റ് കാർഡ് വഴി നടത്തിയ ചെലവിനുള്ള തുക തിരികെ നൽകുന്നതെങ്കിൽ, ആദായ നികുതി വകുപ്പ് അതിനെ വെളിപ്പെടുത്താത്ത വരുമാനമായോ സമ്മാനമായോ കണക്കാക്കാൻ സാധ്യതയുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ നിങ്ങളിൽ നിന്നും വിശദീകരണം തേടിയേക്കാം. സുഹൃത്തുക്കൾ നൽകുന്ന പണം വലിയ തുകയാണെങ്കിൽ, അത് ക്രെഡിറ്റ് കാർഡ് ഉടമയുടെ നികുതി ബാധ്യതയുള്ള വരുമാനമായി കണ്ട് ആദായ നികുതി വകുപ്പ് ചോദ്യങ്ങൾ ഉന്നയിച്ചേക്കാം.

അതുപോലെ മറ്റുള്ളവർക്ക് വേണ്ടി നടത്തുന്ന വലിയ ചെലവുകൾ (യാത്ര, ഹോട്ടൽ ബില്ലുകൾ, ഷോപ്പിങ് മുതലായവ) അനധികൃതമായ ഒരു ബിസിനസ് ഇടപാടായോ അല്ലെങ്കിൽ പണത്തിന്റെ 'റൗണ്ട് ട്രിപ്പിംഗ്' ആയോ നികുതി വകുപ്പ് വിലയിരുത്തിയേക്കാം. പ്രത്യേകിച്ച്, ക്യാഷ്-ബാക്ക് ലക്ഷ്യമിട്ട് സുഹൃത്തുക്കൾക്കായി ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നത് ഒരു വരുമാന മാർഗ്ഗമായി കാണപ്പെടുകയാണെങ്കിൽ അത് നിയമക്കുരുക്കിലേക്ക് കൊണ്ടുചെന്നെത്തിക്കും.

ക്രെഡിറ്റ് കാർഡ് ബില്ലുകൾ പണമായി (Cash) അടയ്ക്കുമ്പോൾ ഒരു ലക്ഷം രൂപയുടെ പരിധി കവിഞ്ഞാൽ ആദായ നികുതി വകുപ്പിന്റെ നിരീക്ഷണത്തിൽ വരും. എസ്.എഫ്.ടി ചട്ടങ്ങൾ പ്രകാരം ഇത്തരം വലിയ പണമിടപാടുകൾ റിപ്പോർട്ട് ചെയ്യപ്പെടാൻ സാധ്യതയുള്ളതിനാൽ ക്രെഡിറ്റ് കാർഡ് ഉള്ളവർ പ്രത്യേകം ശ്രദ്ധിക്കണം.

ക്രെഡിറ്റ് കാർഡ് വിവരങ്ങൾ (ഒ.ടി.പി, പിൻ, കാർഡ് നമ്പർ മുതലായവ) മറ്റുള്ളവ‌ർക്ക് സ്വന്തം ഇഷ്ടപ്രകാരമാണ് കൈമാറുന്നതെങ്കിലും, അവിടെ നടക്കുന്ന എല്ലാ ചെലവുകളുടേയും ബാധ്യത നിങ്ങളിലാണുള്ളത്. മറ്റുള്ളവർ എന്തെങ്കിലും രീതിയിൽ കാർഡ് തെറ്റായി ഉപയോ​ഗിച്ചാലും ബാധ്യത നിങ്ങൾക്ക് തന്നെയാണ്. പരാതിപ്പെട്ടാലും ബാങ്കുകൾ ഇതിനെ തട്ടിപ്പ് എന്ന ​ഗണത്തിൽ പരി​ഗണിക്കുകയില്ല, പകരം നിങ്ങളുടെ ഉദാസീനതയാണെന്നേ കണക്കാക്കുകയുള്ളൂ.

എങ്ങനെ സുരക്ഷിതരായി നിൽക്കാം?

  • നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ഉപയോഗം വ്യക്തിപരമായ ആവശ്യങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തുക. റിവാർഡ് പോയിന്റുകൾക്കോ ക്യാഷ്ബാക്കിനോ വേണ്ടി സുഹൃത്തുക്കൾക്കും മറ്റുള്ളവർക്കും വേണ്ടി കാർഡ് ഉപയോഗിക്കുന്ന രീതി ഒഴിവാക്കുന്നതാണ് ​ഗുണകരം.

  • മറ്റുള്ളവർക്കായി ഇടയ്ക്കിടെ ക്രെഡിറ്റ് കാർഡ് മുഖേന ചെലവിടേണ്ടി വരുന്നുണ്ടെങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക:

    • തിരിച്ചടവ് എപ്പോഴും ബാങ്ക് അക്കൗണ്ട് വഴി (IMPS/NEFT/UPI) മാത്രം സ്വീകരിക്കുക. ഇത് ഇടപാടുകൾ കൃത്യമായി രേഖപ്പെടുത്താൻ സഹായിക്കും. പണമായി വാങ്ങുന്നത് ഒഴിവാക്കാം.

    • ഇത് നിങ്ങളുടെ വരുമാനമല്ല, മറിച്ച് സുഹൃത്തിന് വേണ്ടി ചിലവാക്കിയ തുക തിരികെ വാങ്ങിയതാണെന്ന് (Reimbursement) തെളിയിക്കാനുള്ള രേഖകൾ (വാട്സാപ്പ് ചാറ്റുകൾ, ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ തുടങ്ങിയവ) സൂക്ഷിച്ചു വെക്കുക. ആദായ നികുതി വകുപ്പ് വിശദീകരണം ചോദിച്ചാൽ ഇത് ഉപകരിക്കും.

  • നിങ്ങളുടെ പ്രഖ്യാപിത വരുമാനവും സ്രോതസ്സുകളും (ശമ്പളം, ബിസിനസ്സ്, ആസ്തികളുടെ വിൽപ്പന, സമ്മാനങ്ങൾ മുതലായവ) അടിസ്ഥാനമാക്കി ചെലവുകൾ വിശദീകരിക്കാനാകുമെന്ന് ഉറപ്പാക്കാൻ AIS, 26AS, TIS എന്നിവ പതിവായി പരിശോധിക്കുക.

  • നിങ്ങളുടെ ചെലവുകൾ വെളിപ്പെടുത്തിയിട്ടുള്ള വരുമാന സ്രോതസ്സുകളുമായി (ശമ്പളം, ബിസിനസ്സ്, ആസ്തി വിൽപ്പന തുടങ്ങിയവ) ഒത്തുപോകുന്നുണ്ടെന്ന് ഉറപ്പാക്കാൻ എ.ഐ.എസ്, 26-എ.എസ്, ടി.ഐ.എസ് തുടങ്ങിയ നികുതി രേഖകൾ കൃത്യമായി പരിശോധിക്കുക. ഇത് ആദായ നികുതി വകുപ്പിന് വ്യക്തമായ വിശദീകരണം നൽകാൻ നിങ്ങളെ സഹായിക്കും.

ചുരുക്കത്തിൽ: നിങ്ങളുടെ ക്രെഡിറ്റ് കാർഡ് മറ്റുള്ളവർക്ക് ഉപയോ​ഗിക്കാനായി നൽകുന്നത്, വലിയ തുകയുടെ ചെലവായും അസാധാരണമായ പണമിടപാടുകളായും ആദായ നികുതി വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടേക്കാം. ഇത് വെളിപ്പെടുത്താത്ത വരുമാനമായോ അനധികൃത ബിസിനസ്സ് ഇടപാടായോ നികുതി വകുപ്പ് കണക്കാക്കാൻ സാധ്യതയുണ്ട്. അതിനാൽ, ക്രെഡിറ്റ് കാർഡ് ഉപയോഗം സ്വന്തം ആവശ്യങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തുന്നതും റിവാർഡുകൾക്കും ക്യാഷ്ബാക്കുകൾക്കും വേണ്ടി മറ്റുള്ളവരുടെ ബില്ലുകൾ അടയ്ക്കാതിരിക്കുന്നതുമാണ് ഉചിതമായ കാര്യം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT